ADVERTISEMENT

ദുബായ് ∙ വിവിധ ബാങ്കുകളിൽ നിന്ന് കോടികളുടെ വായ്‌പയെടുത്ത് മുങ്ങിയ മലയാളിയെ പിടികൂടാൻ ഒമാൻ പൊലീസ് നടപടികൾ ഊർജിതമാക്കി. കണ്ണൂർ പാനൂർ അണിയാരം സ്വദേശി അബ്ദുൽ റസാഖ് കരുവന്റവിട എന്ന ബിസിനസുകാരനാണ് ഒമാനിൽ നിന്ന് മുങ്ങിയത്. ഒളിവിൽ കഴിയുന്ന ഇയാൾക്ക് വേണ്ടി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. ദുബായിലെ ഒരു മലയാളിയാണ് അബ്ദുൽ റസാഖിന് നാട്ടിലേയ്ക്ക് മടങ്ങാൻ സൗകര്യം ചെയ്ത് കൊടുത്തതെന്ന് പറയുന്നു.   

ഒമാനിൽ സഹ്‌റ ഫോൺസ് എന്ന സ്ഥാപനത്തിന്റെ പേരിലും ഒമാൻ പൗരന്മാരുടെ പേരിലും ലക്ഷക്കണക്കിന് റിയാൽ ബാങ്ക് വായ്പയാണ് ഇയാൾ എടുത്തിട്ടുള്ളത്. 2016ലാണ് തട്ടിപ്പ് നടത്തിയത്. സഹ്‌റ ഫോൺസ് നടത്തുന്ന അബ്ദുൽ റസാഖ് അഹ്‍ലി ബാങ്ക്, ബാങ്ക് മസ്‌ക്കത്ത്, ബാങ്ക് ദോഫാർ എന്നിവിടങ്ങളിൽ നിന്നാണ് വായ്‌പ എടുത്തത്. സൗഹൃദം മുതലെടുത്ത് നിരവധി ഒമാൻ പൗരന്മാരുടെ പേരിലും ലോൺ എടുത്തു. 2017ൽ ഒമാൻ പൊലീസ് അബ്ദുൽ റസാഖിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ നിയമ വിരുദ്ധ രീതിയിൽ ഒമാനിൽ നിന്ന് പുറത്ത് കടക്കുകയായിരുന്നു.

ബാങ്കുകളും പണം നഷ്ടപ്പെട്ട ഒമാനികളും നിയമ നടപടികൾ ഊർജിതമാക്കിയതോടെയാണ് ഒമാൻ പൊലീസ് ഇയാളെ പിടികൂടാൻ തീവ്ര ശ്രമം ആരംഭിച്ചത്. അബ്ദുൽ റസാഖിനെ പിടികൂടാൻ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ച സ്ഥിതിക്ക് പെട്ടെന്ന് തന്നെ പിടികൂടാൻ സാധിക്കുമെന്ന് ഒമാൻ പൊലീസ് പ്രതീക്ഷിക്കുന്നു. 

ഇൻഡോ അറബ് ബന്ധം നല്ല രീതിയിലായതിനാലാണ് സ്വർണക്കടത്ത് കേസിലെ പ്രതി റബിൻസ് മുഹമ്മദിനെ യുഎഇ വേഗത്തിൽ ഇന്ത്യക്ക് കൈമാറിയത്. അതേ മാതൃകയിലുള്ള സഹകരണവും പ്രതിയെ കൈമാറലും  ഈ കേസിലും ഉണ്ടാകുമെന്നു റോയൽ ഒമാൻ പൊലീസ് കണക്ക് കൂടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com