ADVERTISEMENT

ദുബായ് ∙ ആയിരങ്ങളെ ആരോഗ്യ ട്രാക്കിൽ   എത്തിക്കാനുള്ള 'ദുബായ് ഫിറ്റ്നസ് ചാലഞ്ച്'   30 മുതൽ.  ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ 'വെല്ലുവിളി' ഏറ്റെടുക്കാൻ മലയാളികളടക്കമുള്ള പ്രവാസികളും   ഒരുങ്ങുന്നു. അടുത്തമാസം 28 വരെ നീളുന്ന കായിക മേളയിൽ  ഒട്ടേറെ വ്യായാമ, ഉല്ലാസ പരിപാടികൾ ഉണ്ടാകും.

ഇതോടനുബന്ധിച്ച് അടുത്തമാസം 27 നാണ് 'ദുബായ് റൺ'  കൂട്ടയോട്ടം. റജിസ്റ്റർ ചെയ്യേണ്ട സൈറ്റുകൾ: www.dubaifitnesschallenge.com, www.dubairun.com. വ്യക്തികളിൽ വ്യായാമ ശീലങ്ങൾ വളർത്തുകയാണു ലക്ഷ്യം. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ, യോഗ കേന്ദ്രങ്ങൾ, കായിക പരിശീലന കേന്ദ്രങ്ങൾ എന്നിവയും ചാലഞ്ചിൽ പങ്കെടുക്കും. വാട്ടർ സ്പോർട്സ്, സൈക്ലിങ്, ഓട്ടം, കായികമേളകൾ, ഉല്ലാസ പരിപാടികൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

കോവിഡ് സുരക്ഷാ ചട്ടങ്ങൾ പാലിച്ചാകും പരിപാടിയെന്നു സംഘാടകർ വ്യക്തമാക്കി. ബീച്ചുകൾ, പാർക്കുകൾ, മാളുകൾ എന്നിവിടങ്ങളിലാണു പരിശീലന പരിപാടികൾ. 2017ൽ   ഷെയ്ഖ് ഹംദാൻ തുടക്കമിട്ട  ചാലഞ്ചിന് ഓരോ തവണയും  ആവേശകരമായ സ്വീകാര്യതയാണു ലഭിക്കുന്നത്.

വഴികാട്ടാൻ വിദഗ്ധർ

27ന് ഗതാഗത സർവീസുകൾ നിർത്തിവച്ചാകും ദുബായ് റൺ സംഘടിപ്പിക്കുക. കുട്ടികൾ, വയോധികർ, നിശ്ചയദാർഢ്യ വിഭാഗക്കാർ എന്നിവർക്കും  പങ്കെടുക്കാം. ജബൽഅലി മുതൽ ജുമൈറ വരെയും ദുബായ് ഡൗൺ ടൗൺ മുതൽ ക്രീക്ക് വരെയും 2 ട്രാക്കുകളിലാണു കൂട്ടയോട്ടം. വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കും. പങ്കെടുക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകാൻ രാജ്യാന്തര പരിശീലകരായ മാനാൽ റൊസ്തം, താനിയ ലോല്ല കദൂറ, അബ്ദുല്ല ബിൻ ഹജ്ജാർ, ലൂക് മാത്യൂസ്, ലീ റിയാൻ, ലൂക് ഗാഫ്നി തുടങ്ങിയവർ  ഉണ്ടാകും. ഫിറ്റ്നസ് ഗൈഡുകളും നൽകും. കഴിഞ്ഞവർഷം 70,000ൽ ഏറെ പേർ കൂട്ടയോട്ടത്തിൽ പങ്കെടുത്തു.

മനസ്സുവച്ചാൽ മടി മാറ്റാം

ഓരോ വ്യക്തിയും  ദിവസവും അരമണിക്കൂർ എങ്കിലും വ്യായാമം ചെയ്യണമെന്നാണ് ഷെയ്ഖ് ഹംദാന്റെ ചാലഞ്ച്. ഒരു മാസം കഴിയുമ്പോഴേക്കും ഇതു ശീലമാകും. ജീവിതശൈലീ രോഗങ്ങളിൽ നിന്നു മോചനം നൽകാനും 'സ്മാർട്' ജീവിതം ഉറപ്പാക്കാനും അവസരമൊരുങ്ങും. ഫിറ്റ്നസ് ചാലഞ്ചിൽ യോഗ പ്രധാന ഇനമായി. മരുന്നുകൊണ്ടല്ല, ശീലങ്ങൾ കൊണ്ടാണ് രോഗങ്ങൾ മാറ്റിയെടുക്കേണ്ടതെന്ന സന്ദേശമാണ് ചാലഞ്ച് നൽകുന്നത്.  മംസർ പാർക്ക്, കൈറ്റ് ബീച്ച്, ഫെസ്റ്റിവൽ സിറ്റി മാൾ, അൽ മർമൂം, ദുബായ് ബീച്ച്, സബീൽ പാർക്ക് എന്നിവിടങ്ങളിലും വൈവിധ്യമാർന്ന പരിപാടികൾ ഉണ്ടാകും. ബാസ്കറ്റ്ബോൾ, ബോക്സിങ്, മറ്റു കായിക  ഇനങ്ങൾ എന്നിവയ്ക്കു പ്രത്യേക സോണുകൾ ഒരുക്കിയിട്ടുണ്ട്.  

ഫെസ്റ്റിവൽ പ്ലാസയിൽ സൗജന്യ യോഗ ക്ലാസ്

ദുബായ്∙ ഫിറ്റ്‌നസ് ചാലഞ്ചിനോട് അനുബന്ധിച്ച് ഫെസ്റ്റിവൽ പ്ലാസയിൽ സൗജന്യ യോഗ ക്ലാസ് നടത്തുമെന്ന് അധികൃതർ. 30 മുതൽ നവംബർ 28 വരെ രാവിലെ ഏഴു മുതൽ എട്ടുവരെയാണ് ക്ലാസ്. ജോലിക്കു പോകും മുൻപു ഒരു സെൻ മണിക്കൂർ എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണിത്. റജിസ്ട്രേഷൻ നടത്തുന്നവർക്ക് ലൈഫ് ഫാർമസിയിൽ നിന്ന്   ചില ഉൽപന്നങ്ങൾക്ക് 75% വരെ ഇളവ് ലഭിക്കും. മറ്റു ചില കടകളിലും  വിലക്കുറവ് ലഭിക്കുമെന്ന് അൽ ഫുത്തൈം അധികൃതർ അറിയിച്ചു. റജിസ്ട്രേഷന് https://www.dubaifestivalplaza.com/home/wifi/yoga

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com