ADVERTISEMENT

ദുബായ്∙ തണുപ്പുകാലത്തിനു  തുടക്കമായതോടെ വിപണിക്ക് ഉണർവേകാൻ ചൂടൻ ഓഫറുകൾ. വസ്ത്രങ്ങൾ, പ്രമുഖ ബ്രാൻഡുകളുടെ ഷൂസുകൾ, ലതർ ഉൽപന്നങ്ങൾ എന്നിവയ്ക്ക്  ഫാക്ടറി ഒൌട് ലെറ്റുകളിലും മാളുകളിലും വൻ വിലക്കുറവ്. ചെറുകിട സ്ഥാപനങ്ങളും ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. മാസങ്ങൾക്കു ശേഷമാണ് വസ്ത്രവിപണി വീണ്ടും സജീവമാകുന്നത്. കമ്പിളി വസ്ത്രങ്ങൾ, ജാക്കറ്റ് തുടങ്ങിയവയ്ക്ക് ആവശ്യക്കാർ കൂടി.

ബർമുഡ, ട്രാക് സ്യൂട്ട്, ടീ ഷർട്, സോക്സ്, ജൂബ തുടങ്ങിയവയ്ക്ക് പല കടകളിലും ഓഫർ. തുണിത്തരങ്ങൾക്ക് 25 മുതൽ 75% വരെയാണു  വിലക്കുറവ്. വാരാന്ത്യങ്ങളിൽ മെഗാ ഓഫറുകളുമുണ്ട്. ദുബായിൽ ഏതു കാലാവസ്ഥയിലും കോട്ടൻ വസ്ത്രങ്ങൾക്ക് ആവശ്യക്കാർ കൂടുതലാണെന്നു കച്ചവടക്കാർ പറയുന്നു. സീസൺ മാറുമ്പോൾ പൊതുവേ കച്ചവടം കൂടാറുണ്ട്. വരും ആഴ്ചകളിൽ വിപണി കൂടുതൽ സജീവമാകുമെന്നാണു പ്രതീക്ഷ. ചില സ്ഥാപനങ്ങൾ സ്റ്റോക്ക് വിറ്റുതീർക്കുകയാണ്. നിലവിലെ കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് മലയാളികളടക്കമുള്ളർ ഷോപ്പിങ് കുറച്ചു. പലർക്കും ജോലി പോകുമോയെന്ന ആശങ്ക. നാട്ടിൽ അവധിക്കു പോകാനൊരുങ്ങുന്നവർ പോലും കാര്യമായൊന്നും വാങ്ങുന്നില്ല. പാർസൽ അയയ്ക്കുന്ന ശീലവും പലരും കുറച്ചു.

വിലക്കുറവിൽ സാധനങ്ങൾ വാങ്ങി ഓണം, പെരുന്നാൾ, ക്രിസ്മസ് തുടങ്ങിയ വിശേഷാവസരങ്ങളിൽ നാട്ടിലേക്ക് അയയ്ക്കുന്നത് പതിവായിരുന്നു.വില നോക്കാതെ ബ്രാൻഡഡ് ഉൽപന്നങ്ങൾ വാങ്ങുന്ന ശീലം കുറഞ്ഞതായും വ്യാപാരികൾ പറയുന്നു. ഫാഷൻ ഭ്രമവും പഴയതുപോലെ കാണാനില്ല. ചെറുപ്പക്കാരുടെയടക്കം ശീലങ്ങളിൽ മാറ്റം വന്നതോടെ വലിയൊരു വിഭാഗം വിലകൂടിയ സാധനങ്ങൾ വാങ്ങുന്നില്ല.

ജനകീയം, 'ബ്രാൻഡുകൾ'

പ്രമുഖ ബ്രാൻഡുകളുടെ കാൻവാസ്- ലതർ ഷൂസുകൾ, ബാഗ്, ബെൽറ്റ് എന്നിവയും കുറഞ്ഞവിലയ്ക്കു വാങ്ങാം. ഫാഷനിലെ മാറ്റം, നിർമാണത്തിലെ നേരിയ പിഴവ് എന്നിവമൂലം വിപണിയിൽ നിന്നു പിൻവലിക്കുന്ന ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ തേടി പോകേണ്ട സാഹചര്യം ഇപ്പോഴില്ല. ഫാക്ടറി ഔട് ലെറ്റുകളിലും ഹൈപ്പർ മാർക്കറ്റുകളിലും പുതിയ മോഡൽ ഉൾപ്പെടെ ആദായ വിലയ്ക്കു വാങ്ങാമെന്നു ബ്രാൻഡഡ് സാധനങ്ങളുടെ ആരാധകർ പറയുന്നു. ഷൂസ് വാങ്ങുമ്പോൾ അതേവിലയ്ക്കു മറ്റൊന്നു സൗജന്യമായി നൽകുന്ന സ്ഥാപനങ്ങളുമുണ്ട്. ഗോഡൗണുകളിൽ കരാർ കാലാവധിക്കു ശേഷവും സ്റ്റോക്ക് സൂക്ഷിച്ചാൽ ലോജിസ്റ്റിക്സ് സ്ഥാപനങ്ങൾക്ക് കമ്പനികൾ വൻ തുക നൽകേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാൻ കൂടിയാണ് നിസ്സാരവിലയ്ക്ക് കച്ചവടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com