ഷാർജ ∙ മഹാമാരിക്കാലത്ത് വായനക്കാരെ പുസ്തകങ്ങളിലേയ്ക്ക് കൂടുതൽ അടുപ്പിക്കുന്ന 39–ാമത് ഷാർജ രാജ്യാന്തര പുസ്തകമേള നാളെ (14) സമാപിക്കും. 11 ദിവസം നീണ്ട മേള ഇൗ മാസം നാലിന് ഷാർജ എക്സ്പോ സെന്ററിൽ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകളില്ലാതെയായിരുന്നു ആരംഭിച്ചത്. കോവിഡ്19 കാലത്തെ ആരോഗ്യ സുരക്ഷാ പ്രോട്ടോകോൾ കർശനമായി പാലിച്ചാണ് മേള നടക്കുന്നത്. പ്രസാധകർ, പ്രഫഷനലുകൾ, സന്ദർശകർ എന്നിവർക്ക് രാജ്യാന്തര നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും നടപ്പിലാക്കുന്നു. മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ 3 മണിക്കൂർ വീതം നിത്യേന 4 ഘട്ടങ്ങളിൽ പ്രവേശനം അനുവദിക്കുന്നുള്ളൂ. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിൽ ഷാർജ ബുക്ക് അതോറിറ്റിയാണ് മേളയുടെ സംഘാടകർ.
മലയാളം സ്റ്റാളുകളിൽ വൻ തിരക്ക്
ഇന്ത്യയുൾപ്പെടെ 19 രാജ്യങ്ങളിൽ നിന്ന് 1,024 പ്രസാധകർ ഇപ്രാവശ്യം പങ്കെടുക്കുന്നു. ഇന്ത്യയിൽ നിന്ന് പ്രസാധകർ കുറവാണ്. മലയാളത്തിൽ നിന്ന് ഡിസി ബുക്സ്, ചിന്ത, ഒലിവ്, ലിപി, ഇസഡ്4, ഐപിഎച്ച് തുടങ്ങിയ പ്രസാധകരാണ് തങ്ങളുടെ ഏറ്റവും പുതിയ പുസ്തകങ്ങളുമായി എത്തിയത്. കഴിഞ്ഞ പ്രാവശ്യം 45 സ്റ്റാളുകളുണ്ടായിരുന്ന ഡിസി ബുക്സിന് ഇപ്രാവശ്യം 12 സ്റ്റാളുകളുണ്ട്. മലയാള മനോരമ ബുക്സും ഡിസിസ്റ്റാളുകളിൽ ലഭ്യമാണ്. ഇൗ സ്റ്റാളുകളിലായിരുന്നു പതിവുപോലെ തിരക്ക് അനുഭവപ്പെട്ടത്, പ്രത്യേകിച്ച് വാരാന്ത്യ ദിവസങ്ങളിൽ.

പൂർണമായും സാമൂഹിക അകലം പാലിക്കുന്നതിനാൽ ഏറെ നേരം കാത്തിരുന്നും ആളുകൾ പ്രിയപ്പെട്ട പുസ്തകം സ്വന്തമാക്കുന്നു. കുടുംബങ്ങളും ഒട്ടേറെ എത്തിയിരുന്നു. എന്നാൽ, കുട്ടികൾക്ക് മുൻ വർഷങ്ങളെപ്പോലെ പ്രത്യേകിച്ച് വിനോദ വിജ്ഞാന പരിപാടികളില്ലാത്തതിനാൽ, നിശ്ചിത സമയത്തിന് മുൻപ് തന്നെ അവർ മടങ്ങുകയും ചെയ്യുന്നു. ആകെ 80,000 പുതിയ തലക്കെട്ടുകളാണ് പ്രദർശിപ്പിക്കുന്നത്. പുരസ്കാരങ്ങൾ നേടിയ ഒട്ടേറെ ഇംഗ്ലീഷ് പുസ്തകങ്ങൾ ചൂടപ്പം പോലെ വിറ്റഴിഞ്ഞു.

അറബ് പ്രസാധകാരണ് ഏറ്റവും കൂടുതലുള്ളത്– 578. രാജ്യാന്തര തലത്തിൽ നിന്ന്– 129. ഇൗജിപ്ത്– 202, യുഎഇ– 186 , ലബനൻ–93, സിറിയ– 72, സൗദി– 46, ഇംഗ്ലണ്ട്– 39, അമേരിക്ക– 29, ഇറ്റലി– 13, ഫ്രാൻസ്– 12, കാനഡ– 8. സാഹിത്യ–സാംസ്കാരിക പരിപാടികൾ ഒാൺലൈനിലൂടെയാണ് നടക്കുന്നത്. ഇതിന് sharjahreads.com എന്ന വെബ് സൈറ്റാണ് സന്ദർശിക്കേണ്ടത്. സാംസ്കാരിക രംഗത്ത് നിന്ന് അറുപതോളം വ്യക്തിത്വങ്ങൾ ഇതിനകം വായനക്കാരോട് സംവദിച്ചു. ഇന്ത്യയിൽ നിന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ശശി തരൂർ എംപി പങ്കെടുത്തു.
തെർമൽ സ്കാനറുകളിലൂടെയും സാനിറ്റൈസേഷൻ പ്രവേശന കവാടങ്ങളിലൂടെയുമാണ് സന്ദർശകർ വേദിയിലേയ്ക്ക് പ്രവേശിക്കുന്നത്. ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നുണ്ടോ എന്ന് ഷാർജാ പൊലീസിൻ്റെ പ്രത്യേക സംഘം ഉറപ്പുവരുത്തുന്നു. ദേശീയ അടിയന്തര നിവാരണ സേന നിർദേശിക്കുന്നതിന് വിപരീതമായി ആളുകൾ കൂടി നിൽക്കാൻ അനുവദിക്കുന്നില്ല. എല്ലാ ദിവസവും മേള പിരിഞ്ഞ ശേഷം ഹാളുകളിൽ രാത്രി 5 മണിക്കൂർ അണുനശീകരണം നടത്തുന്നു. ഒാൺലൈനിലൂടെ മൂൻകൂട്ടി പേര് റജിസ്റ്റർ ചെയ്യുന്നവർക്കാണ് പ്രവേശനം–: registration.sibf.com.

സമയക്രമം
രാവിലെ 9 മുതൽ രാത്രി 10 വരെയാണ് പ്രവേശനം. വെള്ളിയാഴ്ചകളിൽ വൈകിട്ട് 4 മുതൽ രാത്രി 11 വരെയും. റജിസ്റ്റർ ചെയ്തവർക്ക് 3 സമയങ്ങളിലായി പ്രവേശനം അനുവദിക്കും:
രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ
1 മുതൽ വൈകിട്ട് 4 വരെ
4 മുതൽ രാത്രി 7 വരെ
7 മുതൽ 10 വരെ.