ADVERTISEMENT

ദോഹ∙ നാളെ നവംബർ 21. എക്കാലത്തെയും അവിസ്മരണീയ ഫിഫ ഖത്തർ ലോകകപ്പിന്റെ കിക്കോഫിലേക്ക് കൃത്യം രണ്ടു വർഷം. 2022 നവംബർ 21 ലേക്ക് ഇനി 730 ദിവസങ്ങളുടെ ദൂരം. ടൂർണമെന്റിനും അഞ്ചുവർഷങ്ങൾക്കു മുൻപെയുള്ള ഒരുക്കങ്ങളുടെ ഭാഗമായി എട്ടു സ്റ്റേഡിയങ്ങളിൽ മൂന്നെണ്ണം അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി രാജ്യത്തിനു സമർപ്പിച്ചു. അവശേഷിക്കുന്ന അഞ്ചു സ്റ്റേഡിയങ്ങളുടെ നിർമാണവും അടിസ്ഥാന സൗകര്യങ്ങളും അവസാനഘട്ടത്തിലാണ്. കോവിഡ് പ്രതിസന്ധികളെ അതിജീവിച്ച് ലോകകപ്പ് തയാറെടുപ്പുകളുമായി മുന്നോട്ടു തന്നെയാണ് ഖത്തറും ഫിഫയും. കാണികളില്ലാത്ത ലോകകപ്പിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ലെന്ന ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ പ്രസ്താവനയിൽ പ്രതീക്ഷയർപ്പിച്ചാണ് ഫുട്‌ബോൾ ലോകം. ലോകകപ്പ് സ്റ്റേഡിയങ്ങളുടെ പ്രത്യേകതകളും നിർമാണ പുരോഗതിയും അറിയാം.

ഉദ്ഘാടനം ചെയ്തവ

ഖലീഫ രാജ്യാന്തര സ്റ്റേഡിയം

19-doha-khalifa
ഖലീഫ സ്റ്റേഡിയം പിച്ച്. ചിത്രം: സുപ്രീം കമ്മിറ്റി വെബ്‌സൈറ്റ്.

മൂന്നാം സ്ഥാനത്തിനുള്ള പ്ലേ ഓഫ് മത്സരങ്ങളുടെ വേദി.1976 ൽ അൽ റയ്യാനിൽ നിർമിച്ച സ്റ്റേഡിയം നവീകരിച്ച് അൾട്രാ മോഡേൺ രൂപഭാവങ്ങളോടെ അമീർ രാജ്യത്തിന് സമർപ്പിച്ചത് 2017 മേയിൽ. പൂർണമായും എൽഇഡി ലൈറ്റുകൾ ഉപയോഗിച്ചുള്ള പ്രഥമ ലോകകപ്പ് സ്റ്റേഡിയം,ആദ്യത്തെ ശീതികരിച്ച ഓപ്പൺ എയർ സ്റ്റേഡിയം.   40,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിന്റെ ഡിസൈൻ അറബ്, ഖത്തർ സാംസ്‌കാരിക പൈതൃകം പ്രതിഫലിപ്പിച്ചുള്ളതാണ്. എൽഇഡി പിച്ച്‌ലൈറ്റിങ് സംവിധാനം ഉപയോഗിക്കുന്ന ലോകത്തിലെ മികച്ച പത്തു സ്റ്റേഡിയങ്ങളുടെ പട്ടികയിൽ ഇടം നേടി

അൽ ജനൗബ് സ്റ്റേഡിയം

19-doha-al-janoub
അല്‍ വക്രയിലെ അല്‍ ജനൗബ്. ചിത്രം: സുപ്രീം കമ്മിറ്റി വെബ്‌സൈറ്റ്.

2019 മേയ് 16നാണ് അൽ വക്രയിൽ നിർമിച്ച അൽ ജനൗബ് അമീർ രാജ്യത്തിന് സമർപ്പിച്ചത്. ക്വാർട്ടർ ഫൈനൽ വരെയുള്ള മത്സരങ്ങൾക്ക് വേദിയാകുന്ന സ്റ്റേഡിയം ഇതിനകം ഒട്ടേറെ പ്രാദേശിക, രാജ്യാന്തര ടൂർണമെന്റുകൾക്ക് വേദിയായി. പരമ്പരാഗത പായ്ക്കപ്പലിന്റെ മാതൃകയിലുള്ള സ്റ്റേഡിയത്തിന്റെ ഡിസൈൻ വിഖ്യാത വാസ്തുശിൽപി അന്തരിച്ച സഹ ഹാദിദിന്റെതാണ്. 40,000 പേർക്ക് ഇരിക്കാം. ഖത്തറിന്റെ കലാപൈതൃകവും പാരമ്പര്യവും സാംസ്‌കാരികതയും പ്രതിഫലിപ്പിച്ചുള്ള വാസ്തുശിൽപകലയിലെ അപൂർവ സൃഷ്ടി.


എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം

19-doha-education-ctity
എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയം. ചിത്രം: സുപ്രീം കമ്മിറ്റി വെബ്‌സൈറ്റ്.

ക്വാർട്ടർ ഫൈനൽ വരെയുള്ള മത്സര വേദിയായ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം വെർച്വൽ വേദിയിലൂടെ 2020 ജൂൺ 15നാണ് നടന്നത്. മരുഭൂമിയിലെ വജ്രമെന്നറിയപ്പെടുന്ന സ്റ്റേഡിയം ഇസ്‌ലാമിക വാസ്തുവിദ്യയും ആധുനികതയും കോർത്തിണക്കിയുള്ളതാണ്. ഫിയ ഫെൻവിക് ഇറിബാറൻ ആർക്കിടെക്ട്സ് ഡിസൈനിൽ നിർമിച്ച സ്റ്റേഡിയത്തിൽ 40,000 പേർക്ക് ഇരിക്കാം. ജ്യാമിതീയ പാറ്റേണിൽ സങ്കീർണമായ ത്രികോണ മുഖമാണ് പ്രധാന പ്രത്യേകത. രാജ്യാന്തര മത്സരങ്ങളുടെ പ്രധാന വേദിയായി കഴിഞ്ഞു.

നിർമാണം പുരോഗമിക്കുന്നവ

അൽ ബെയ്ത് സ്റ്റേഡിയം

19-doha-al-bayth
അല്‍ ബെയ്ത് സ്റ്റേഡിയം. ചിത്രം: സുപ്രീം കമ്മിറ്റി വെബ്‌സൈറ്റ്.

2022 ലോകകപ്പ് മത്സരങ്ങളുടെ കിക്കോഫ് അൽ ബെയ്ത്തിലാണ്. ഗ്രൂപ്പ് ഘട്ടം മുതൽ സെമി ഫൈനൽ വരെയുള്ള മത്സരങ്ങൾക്കുള്ള വേദി. കൃത്രിമ തടാകങ്ങളും കളിസ്ഥലവും പൂന്തോട്ടങ്ങളുമൊക്കെയുള്ള സ്റ്റേഡിയത്തിന് പുറത്തെ പാർക്ക് ഇക്കഴിഞ്ഞ ഉദ്ഘാടനം ചെയ്തിരുന്നു. പരിസ്ഥിതി സുസ്ഥിരതാ പുരസ്‌കാരം നേടിയ അൽ ബെയ്ത് ഖത്തറിന്റെ ആതിഥേയ പാരമ്പര്യത്തിന്റെ പ്രതിഫലനമാണ്. വടക്കൻ ദോഹയിൽ നിന്നും 35 കിലോമീറ്റർ അകലെ അൽഖോറിൽ സ്ഥിതി ചെയ്യുന്ന, പരമ്പരാഗത അറബ് കൂടാരമായ ബെയ്ത് അൽഷാറിന്റെ മാതൃകയിലുള്ള സ്റ്റേഡിയത്തിൽ 60,000 പേർക്ക് ഇരിക്കാം. ഇസ്‌ലാമിക പാരമ്പര്യ ശൈലിയിലുള്ള ഇന്റീരിയറും അതിഥികൾക്കായി പഞ്ചനക്ഷത്ര സൗകര്യങ്ങളോടു കൂടിയ 96 മുറികൾ. പരിസ്ഥിതി സംരക്ഷണത്തിന്റെമാതൃക. ജ്യാമിതീയ രൂപങ്ങൾ കൈകൊണ്ടു നെയ്‌തെടുക്കുന്ന പരമ്പരാഗത 'സദു' ചിത്രത്തുന്നൽ കൊണ്ടാണ് ഉൾഭാഗം അലങ്കരിച്ചിരിക്കുന്നത്. ഡിസംബറിൽ ഉദ്ഘാടനം പ്രതീക്ഷിക്കുന്നു

ലുസെയ്ൽ സ്റ്റേഡിയം

19-doha-lusail-latest
ഫൈനല്‍ മത്സര വേദിയായ ലുസെയ്ല്‍ സ്റ്റേഡിയം ഡിസൈനും നിര്‍മാണവും. ചിത്രം: സുപ്രീം കമ്മിറ്റി വെബ്‌സൈറ്റ്.

ലോകകപ്പ് ഫൈനൽ മത്സര വേദിയാണ് 80,000 പേർക്ക് ഇരിക്കാവുന്ന ലുസെയ്ൽ സിറ്റി സ്റ്റേഡിയം. ഗ്രൂപ്പ് ഘട്ടം, ക്വാർട്ടർ, സെമി ഫൈനൽ മത്സരങ്ങൾക്കും വേദിയാകും. അതിവേഗ പാതയിൽ പുരോഗമിക്കുന്ന നിർമാണം അടുത്തവർഷം പൂർത്തിയാകും. ബ്രസീലിലെ റിയോ ഡി ജനീറയിലെ വിഖ്യാത സ്റ്റേഡിയമായ മരക്കാനോ, ലോകത്തിലെ മൂന്നാമത്തെ വലിയ ഫുട്ബോൾ സ്റ്റേഡിയമായ നൂ കാമ്പ്, യൂറോപ്പിലെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിലൊന്നായ, റഷ്യയുടെ ദേശീയ സ്റ്റേഡിയമായ ലഹ്നികി സ്റ്റേഡിയം എന്നീ ശ്രേണിയിൽ ഉൾപ്പെടുന്നതാണ് ഇതും. ഫനാർ വിളക്കിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ വെളിച്ചവും നിഴലും ഇഴ ചേർന്നതിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ടാണ് ഡിസൈൻ. അറബ് രാജ്യങ്ങളിലെ ചെറുപാത്രങ്ങളുടെ ആകൃതിയിലാണ് പുറംഡിസൈൻ.

അൽ തുമാമ സ്റ്റേഡിയം

19-doha-althumamaa
അല്‍ തുമാമ സ്റ്റേഡിയം. ചിത്രം: സുപ്രീം കമ്മിറ്റി വെബ്‌സൈറ്റ്.

പ്രാദേശിക കയ്യൊപ്പ് പതിപ്പിച്ച സ്റ്റേഡിയവും പരിശീലന പിച്ചുകളുമെല്ലാം അവസാനവട്ട മിനുക്കുപണികളാണ്. ദോഹ നഗരത്തിൽ നിന്ന് 12 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന, ക്വാർട്ടർ ഫൈനൽ വരെയുള്ള മത്സരവേദിയായ അൽതുമാമ സ്റ്റേഡിയം അറബ് രാജ്യങ്ങളിലെ പുരുഷന്മാരുടെ പരമ്പരാഗത തലപ്പാവായ ഗാഫിയയുടെ മാതൃകയിലാണ് നിർമിച്ചിരിക്കുന്നത്. സ്വദേശി ആർക്കിടെക്ട് ഇബ്രാഹിം എം.ജൈദയുടെ ഡിസൈനിൽ നിർമിച്ച സ്റ്റേഡിയം അറബ് ലോകത്തിന്റെ ഭാവിയും ഭൂതകാലവും കോർത്തിണക്കിയുള്ളതാണ്. 40,000 കാണികൾക്ക് ഇരിക്കാവുന്ന സ്റ്റേഡിയം അടുത്ത വർഷം ഉദ്ഘാടനം ചെയ്യും.

റാസ് അബു അബൗദ്

19-doha-ras-abu
നിര്‍മാണം പുരോഗമിക്കുന്ന റാസ് അബു അബൗദ്. ചിത്രം: സുപ്രീം കമ്മിറ്റി വെബ്‌സൈറ്റ്.

ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടം മുതൽ റൗണ്ട് 16 വരെയുള്ള മത്സര വേദിയാണിത്. ഡിസൈൻ ആകൃതിയിലേക്ക് എത്തിയ സ്റ്റേഡിയത്തിന്റെ പകുതിയിലധികം കണ്ടെയ്‌നറുകളും സ്ഥാപിച്ചു കഴിഞ്ഞു. സീറ്റ് സ്ഥാപിക്കൽ, മേൽക്കൂര നിർമാണ ജോലികളാണ് പുരോഗമിക്കുന്നത്. പൂർണമായും ഷിപ്പിങ് കണ്ടെയ്‌നറുകൾ കൊണ്ടുള്ളതും മാറ്റി സ്ഥാപിക്കാനും പുനരുപയോഗിക്കാനും കഴിയുന്നതുമായ ലോകകപ്പ് ഫുട്‌ബോൾ ചരിത്രത്തിലെ പ്രഥമ സ്റ്റേഡിയം. 40,000 പേർക്ക് ഇരിക്കാം. ഏറ്റവും കുറഞ്ഞ ചെലവിൽ ദോഹ കോർണിഷിന് അഭിമുഖമായി നിർമിക്കുന്ന ഏഴു നിലകളിലുള്ള സ്റ്റേഡിയത്തിന്റെ ഡിസൈൻ ഫെൻവിക് ഇറിബാറൻ ആർക്കിടെക്ട്സാണ്.

അൽ റയ്യാൻ സ്റ്റേഡിയം

19-doha-al-rayyan
അവസാന വട്ട മിനുക്കുപണിയില്‍ അല്‍ റയ്യാന്‍ സ്റ്റേഡിയം. ചിത്രം: സുപ്രീം കമ്മിറ്റി വെബ്‌സൈറ്റ്.

സ്റ്റേഡിയത്തിന്റെ നിർമാണം ഏറെക്കുറെ പൂർത്തിയായി. മേൽക്കൂര, സീറ്റ് സ്ഥാപിക്കൽ, പിച്ച്, മുഖവാരം എല്ലാം സ്ഥാപിച്ചു കഴിഞ്ഞു. ആറു പരിശീലന പിച്ചുകളിൽ നാലെണ്ണം പൂർത്തിയായി. ബാക്കി പിച്ചുകളുടെയും സ്റ്റേഡിയത്തിന് പുറത്തെ അത്‌ലീറ്റ് ട്രാക്ക് നിർമാണവും പുരോഗതിയിലാണ്. മണൽകൂനകളുടെ ആകൃതിയിലുള്ള സ്റ്റേഡിയത്തിൽ 40,000 പേർക്ക് ഇരിക്കാം. പഴയ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിന്റെ സ്ഥാനത്താണ് സ്റ്റേഡിയം നിർമിച്ചത്. കുടുംബത്തിന്റെ പ്രാധാന്യം, മരുഭൂമിയുടെ മനോഹാരിത, സസ്യജാലങ്ങൾ നിറഞ്ഞ പ്രകൃതി, പ്രാദേശിക, രാജ്യാന്തര വ്യാപാരം തുടങ്ങി വ്യത്യസ്ത വീക്ഷണങ്ങൾ ഉൾക്കൊള്ളിച്ചുള്ള പാറ്റേണിലുള്ള മുഖപ്പാണ് ആകർഷണം. ഡിസംബറോടെ ഉദ്ഘാടനം പ്രതീക്ഷിക്കാം.

ലോകകപ്പ് ഒറ്റനോട്ടത്തിൽ

∙പ്രഥമ കാർബൺ രഹിത ലോകകപ്പ്, പരിസ്ഥിതി സൗഹൃദ നിർമാണങ്ങൾ

∙കിക്കോഫ്  2022 നവംബർ 21-ന് അൽ ബെയ്ത്തിൽ

∙ഫൈനൽ 2022 ഡിസംബർ 18ന് ലുസെയ്ൽ സ്റ്റേഡിയത്തിൽ.

∙സ്റ്റേഡിയങ്ങളുടെ എണ്ണം-8

∙ആകെ സീറ്റുകൾ-3,40,000

∙പ്രതീക്ഷിക്കുന്ന കാണികൾ-15 ലക്ഷം

∙താമസ സൗകര്യങ്ങൾ-പഞ്ചനക്ഷത്ര ഹോട്ടലുകൾ, അപ്പാർട്‌മെന്റുകൾ, ആഡംബര കപ്പലുകൾ, മരുഭൂമിയിൽ അറബ് കൂടാരങ്ങൾ

∙പൊതുഗതാഗതം- ദോഹ മെട്രോ, ട്രാം, ഇലക്ട്രിക് ബസുകളും ടാക്‌സികളും.

സ്റ്റേഡിയങ്ങളുടെ പ്രത്യേകതകൾ

19-doha-pitch
കളിക്കാര്‍ക്കുള്ള ഫ്‌ളഡ്‌ലിറ്റ് പരിശീലന സൈറ്റുകളിലൊന്ന്‌. ചിത്രം: സുപ്രീം കമ്മിറ്റി വെബ്‌സൈറ്റ്.

∙പരിസ്ഥിതി സുസ്ഥിരത, കാർബൺ രഹിതം, എൽഇഡി വെളിച്ച ം

∙തദ്ദേശീയമായി വികസിപ്പിച്ച ശീതികരണ സാങ്കേതിക വിദ്യ

∙ലോകോത്തര നിലവാരത്തിലുള്ള  മീഡിയ സോണുകൾ, പരിശീലനത്തിനായി ഫ്ഡ് ലിറ്റ് സൈറ്റുകൾ, ടീം ബേസ് ക്യാംപുകൾ.

∙കാണികൾക്ക് വിനോദത്തിനു പാർക്കുകൾ. തണലേകാൻ മരങ്ങൾ.

∙ഖത്തറിന്റെ ആതിഥേയ പാരമ്പര്യം പ്രതിഫലിപ്പിച്ചുള്ള ഇന്റീരിയർ. അതിഥികൾക്കായി ആഡംബര മുറികൾ.

∙ലോകകപ്പിന് ശേഷം സ്റ്റേഡിയങ്ങളിലെ പകുതി സീറ്റുകൾ അവികസിത രാജ്യങ്ങൾക്ക് സംഭാവന നൽകും. മിക്ക സ്റ്റേഡിയങ്ങളും സ്‌കൂളുകൾ, ഷോപ്പിങ് സമുച്ചയങ്ങൾ, കഫേകൾ, ഹെൽത്ത് ക്ലിനിക്കുകൾ, കായിക സൗകര്യങ്ങൾ എന്നിവയുള്ള കമ്യൂണിറ്റി ഇടമായി മാറും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com