ADVERTISEMENT

ദുബായ് ∙ ഓപറേഷൻ 'ദ് ഫ്രിഡ്ജി'ലൂടെ ദുബായ് പൊലീസ് പിടികൂടിയത് രാജ്യാന്തര സംഘത്തിന്റെ 123 കിലോഗ്രാം പരൽരൂപത്തിലുള്ള ലഹരിമരുന്ന്. റഫ്രിജറേറ്റിനകത്തെ രഹസ്യ അറയിൽ സൂക്ഷിച്ച് കടത്താൻ ശ്രമിച്ച ലഹരിമരുന്നാണ് പിടികൂടിയത്. ഏഷ്യൻ രാജ്യത്ത് നിന്ന് കണ്ടെയ്നറുകളിൽ കൊണ്ടുവന്ന ഫ്രിഡ്ജുകളിലായിരുന്നു ലഹരിമരുന്ന് യുഎഇയിലെത്തിക്കാൻ ശ്രമിച്ചത്.

ഫ്രിഡ്ജുകൾ ഏറ്റുവാങ്ങുന്നതിനിടെ മൂന്നംഗ രാജ്യാന്തര കുറ്റവാളി സംഘത്തെ പൊലീസ് കൈയോടെ അറസ്റ്റ് ചെയ്തു. ലഹരിമരുന്ന് കടത്തിനെതിരെ ദുബായ് പൊലീസിന്റെ തുടർച്ചയായുള്ള പോരാട്ടത്തിന് ഉദാഹരണമാണ് ഒാപറേഷൻ ദ് ഫ്രിഡ്ജ് എന്ന് കമാൻഡർ ഇൻ ചീഫ് ലഫ്.ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു.

യുവജനങ്ങൾക്ക് വിഷം കുത്തിവയ്ക്കാൻ ശ്രമം

ലഹരിമരുന്ന് കടത്തിലൂടെ രാജ്യത്തെ യുവജനങ്ങൾക്ക് വിഷം കുത്തിവയ്ക്കാനാണ് പ്രതികൾ ശ്രമിക്കുന്നതെന്ന് അൽ മർറി വ്യക്തമാക്കി. സമൂഹത്തിന്റെ സുരക്ഷിതത്വം തങ്ങളുടെ ഉത്തരവാദിത്തമാണ്. ലഹരിവിരുദ്ധ ഉദ്യോഗസ്ഥർ ഇൗ പ്രവണത തുടച്ചുനീക്കാൻ കഠിനശ്രമം നടത്തുന്നു. ലഹരികടത്തുകാരെയും വിതരണക്കാരെയും നിയമത്തിന് മുൻപിലെത്തിക്കാൻ എപ്പോഴും ബദ്ധശ്രദ്ധാലുക്കളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

dubai-cops
അസി.കമാൻഡർ ഇൻ ചീഫ് ഫോർ ക്രമിനൽ മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി, കമാൻഡർ ഇൻ ചീഫ് ലഫ്.ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി.

ദുബായ് പൊലീസ്, ഷാർജ പൊലീസ്, ഷാർജ കസ്റ്റംസ് എന്നിവയുടെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ പരിചയസമ്പത്ത് കൂടി ലഹരിവിരുദ്ധ പോരാട്ടത്തിന് ഉപയോഗിക്കുന്നുവെന്ന് അസി.കമാൻഡർ ഇൻ ചീഫ് ഫോർ ക്രമിനൽ മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു.  

രാജ്യത്തിനകത്ത് തന്നെ നിന്നുകൊണ്ടാണ് ഏഷ്യൻ കുറ്റവാളി സംഘം പ്രവർത്തിക്കുന്നത്. സംഘത്തലവൻ ഏഷ്യൻ രാജ്യത്ത് നിന്നുകൊണ്ടാണ് യുഎഇയിലെ സംഘത്തെ നിയന്ത്രിക്കുന്നതെന്നും  ആന്റി–നാർകോടിക്സ് വകുപ്പ് ഡയറക്ടർ ബ്രി.ഇൗദ് മുഹമ്മദ് താനി ഹാരിബ് പറഞ്ഞു. 12,000 ദിർഹം പ്രതിഫലത്തിനാണ് സംഘം യുഎഇയിൽ ലഹരിമരുന്ന് വിതരണം ഏറ്റെടുത്തിട്ടുള്ളത്. 

ലഹരിമരുന്ന് കടത്തിനെക്കുറിച്ച് വിവരം ലഭിക്കുന്നവർ 901 എന്ന നമ്പരിൽ ദുബായ് പൊലീസിനെ ബന്ധപ്പെടണം. ഇത് എല്ലാവരും തങ്ങളുടെ കർത്തവ്യമായി കരുതണമെന്നും അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com