ADVERTISEMENT

ഷാർജ∙ കുടുംബങ്ങൾ താമസിക്കുന്ന മേഖലകളിൽ നിന്നു ബാച്‌ലേഴ്സിനെയും തൊഴിലാളികളെയും ഒഴിപ്പിക്കുന്നതു തുടരുന്നു. 7,000ൽ ഏറെപ്പേരെ ഇതുവരെ ഒഴിപ്പിച്ചു. സെപ്റ്റംബറിലാണ് നടപടികൾ ശക്തമാക്കിയത്. കൂടുതൽ മേഖലകളിൽ  ഒഴിപ്പിക്കൽ ഉണ്ടാകുമെന്നാണു സൂചന.

പൊലീസ് സഹകരണത്തോടെ  മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ  വിവിധ മേഖലകളിൽ 1,915 പരിശോധനകൾ നടത്തി. പഴയ വില്ലകളിൽ ചട്ടങ്ങൾ പാലിക്കാതെയാണ് താമസമെന്നു കണ്ടെത്തി. ഇതിൽ കൂടുതലും ഏഷ്യക്കാരായ സാധാരണ തൊഴിലാളികളാണെങ്കിലും ഇന്ത്യക്കാർ കുറവാണ്.

അൽ ഖദിസിയ, നസിറിയ, മെയ്സലൂൺ, അൽ സബ്ക, അൽ ജസാത്, മുസല്ല, ഷർഖാൻ, ഗാഫിയ, ഹസാന മേഖലകളിൽ നിന്നാണ് പ്രധാനമായും ഒഴിപ്പിച്ചതെന്നു മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ താബിത് അൽ തുറൈഫി പറഞ്ഞു.

കഴിഞ്ഞമാസം  വില്ലകളിൽ താമസിച്ചിരുന്നവരെ ഒഴിപ്പിച്ചിരുന്നു. 161 വില്ലകളും അടച്ചുപൂട്ടി. 

യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് ഖാസിമിയുടെ ഉത്തരവനുസരിച്ചാണു നടപടി.

ബാച്‌ലേഴ്സ് അടക്കമുള്ള താമസക്കാരുടെ മാന്യമല്ലാത്ത  പെരുമാറ്റം  ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന സ്വദേശികളുടെ പരാതിയെ തുടർന്നാണിത്. സുരക്ഷിതമല്ലാത്ത പഴയ വില്ലകൾ മുനിസിപ്പാലിറ്റിയുടെ അനുമതിയില്ലാതെ കുറഞ്ഞ വാടകയ്ക്കു ബാച്‌ലേഴ്സിനും തൊഴിലാളികൾക്കും നൽകുന്നതായി  കണ്ടെത്തിയിരുന്നു.

ഒഴിപ്പിക്കൽ , കാരണങ്ങൾ

∙താമസ കേന്ദ്രങ്ങളിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നെന്ന് റിപ്പോർട്ട്. ഔദ്യോഗിക രേഖകൾ ഇല്ലാത്തവരെയും നുഴഞ്ഞുകയറ്റക്കാരെയും കണ്ടെത്തി.

∙ വിവിധ മേഖലകളിൽ നടത്തിയ റെയ്ഡിൽ ചൂതാട്ടക്കാർ, തെരുവു കച്ചവടക്കാർ, യാചകർ, വ്യാജ സിഡി-പുകയില ഉൽപന്ന വിൽപനക്കാർ എന്നിവരെ  പിടികൂടിയിരുന്നു.  ചൂതാട്ടത്തിന് ഏഷ്യക്കാരൻ ഉപയോഗിച്ചിരുന്ന താമസയിടം കണ്ടെത്തിയിരുന്നു. മണിക്കൂർ കണക്കിൽ വാടക ഈടാക്കിയായിരുന്നു ഇവിടെ ചൂതാട്ടം.

∙  മുറികളിൽ തിങ്ങിഞെരുങ്ങി  താമസിക്കുന്നത് സുരക്ഷാ പ്രശ്നമുണ്ടാക്കുന്നു. ശേഷിയിലും കൂടുതൽ വൈദ്യുതി വയറിങ് സംവിധാനങ്ങളിലൂടെ പ്രവഹിക്കുന്നത് അപകട സാധ്യത  കൂട്ടുന്നു.

∙ കൂട്ടംകൂടിയുള്ള  താമസം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ.

പകരം സൗകര്യം

∙ കുടുംബങ്ങൾക്കു മാത്രമുള്ള മേഖലകളിൽ ബാച്‌ലേഴ്സ്  ഒറ്റയ്‌ക്കോ കൂട്ടമായോ മുറിയെടുത്ത് താമസിക്കുന്നതിനു വിലക്കുണ്ട്.  ബാച്‌ലേഴ്സിന് എല്ലാ സൗകര്യങ്ങളോടും കൂടിയ താമസകേന്ദ്രങ്ങൾ സജ്ജമാണ്.  

ഒഴിപ്പിക്കൽ നടപടി

∙ നോട്ടിസ് നൽകിയാണ് ഒഴിപ്പിക്കൽ. നടപടികൾക്കു മുന്നോടിയായി വൈദ്യുതി-ജല വിതരണം തടയും. ഒഴിഞ്ഞില്ലെങ്കിൽ പുറത്താക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com