sections
MORE

വിചാരണ സാക്ഷിയുടെ സാന്നിധ്യത്തിൽ

qatar-law-column
SHARE

ഖത്തർ ക്രിമിനൽ നിയമ നടപടി പ്രകാരം (2004ലെ 23-ാം നമ്പർ ) ഒരു ക്രിമിനൽ കുറ്റകൃത്യത്തിന്റെ വിചാരണയ്ക്ക് ഹാജരാകാൻ നിയമപ്രകാരമുള്ള കോടതിയുടെ അറിയിപ്പ് ലഭിച്ചിട്ടും സാക്ഷി ഹാജരാകാത്ത സാഹചര്യത്തിൽ, വിസ്താരം കോടതി മാറ്റിവയ്ക്കും. സാക്ഷിയോടു ഹാജരാകാൻ ആവശ്യപ്പെട്ട് പുതിയ അറിയിപ്പ് നൽകുകയോ അധികാരപ്പെട്ട ഉദ്യോഗസ്ഥരോട് സാക്ഷിയെ അറസ്റ്റ് ചെയ്തു കേസ് പരിഗണിക്കുന്ന അടുത്ത തീയതിയിൽ കോടതിയിൽ ഹാജരാകാൻ നിർദേശം നൽകുകയോ ചെയ്യാം.

ഹാജരാകാൻ രണ്ടാമതും കോടതിയുടെ അറിയിപ്പ് ലഭിച്ചിട്ടും മതിയായ കാരണമില്ലാതെ ഹാജരാകാതിരിക്കുകയോ ഹാജരായിട്ടും മതിയായ കാരണമില്ലാതെ പ്രതിജ്ഞ എടുക്കാനോ മൊഴി നൽകാനോ വിസമ്മതിച്ചാൽ പബ്ലിക് പ്രോസിക്യൂഷന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സാക്ഷിക്കെതിരെ ക്രിമിനൽ നിയമപ്രകാരം നടപടി സ്വീകരിക്കും. ക്രിമിനൽ നിയമപ്രകാരം  കേസിലെ സാക്ഷി മതിയായ കാരണമില്ലാതെ അറിയിപ്പ് ലഭിച്ചിട്ടും കോടതിയിൽ ഹാജരാകാതിരിക്കുകയോ ഹാജരായിട്ടും പ്രതിജ്ഞ എടുക്കാതെയും മൊഴി നൽകാതെയും ഇരുന്നാൽ 6 മാസം വരെ തടവു ശിക്ഷയോ 3,000 റിയാൽ വരെ പിഴയോ ഇവ രണ്ടും ഒരുമിച്ചോ ശിക്ഷയായി നൽകും.

ശാരീരിക ബുദ്ധിമുട്ടോ മറ്റ് അസുഖം മൂലമോ സാക്ഷിക്ക് ഹാജരാകാൻ കഴിയാത്ത സാഹചര്യത്തിൽ കേസ് പരിഗണിക്കുന്ന കോടതി നേരിട്ടോ അല്ലെങ്കിൽ കോടതി ചുമതലപ്പെടുത്തുന്ന വ്യക്തി മുഖാന്തരമോ പബ്ലിക് പ്രോസിക്യൂഷൻ, കുറ്റാരോപിതൻ, കേസുമായി ബന്ധപ്പെട്ട മറ്റു കക്ഷികൾ എന്നിവരുടെ സാന്നിധ്യത്തിൽ ഹാജരാകാൻ സാധിക്കാത്ത സാക്ഷിയുടെ അടുത്ത് നേരിട്ടെത്തി കോടതി മൊഴി രേഖപ്പെടുത്തും.
 
എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ

കമ്പനി എന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെങ്കിലും പുതിയ കമ്പനിയിലേക്ക് വീസ മാറാൻ അനുവദിച്ചിരുന്നു. എന്നാൽ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുള്ള അപേക്ഷ നിരസിച്ചു. കമ്പനിയിൽ നിന്നു സർട്ടിഫിക്കറ്റ് വാങ്ങാൻ നിയമപരമായി എന്താണ് ചെയ്യേണ്ടത്.?

2004ലെ 14-ാം നമ്പർ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 53 പ്രകാരം തൊഴിലാളിയുടെ തൊഴിൽ കരാർ റദ്ദാക്കുന്ന സാഹചര്യത്തിൽ (പിരിച്ചുവിടൽ അല്ലെങ്കിൽ രാജി) തൊഴിലാളി ആവശ്യപ്പെട്ടാൽ തൊഴിലുടമ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകാൻ ബാധ്യസ്ഥനാണ്. ഇതിനായി ഫീസ് ഈടാക്കാനും പാടില്ല. സർട്ടിഫിക്കറ്റിൽ സേവന കാലാവധി, ജോലിയുടെ സ്വഭാവം, വേതനം എന്നിവയും രേഖപ്പെടുത്തണം.

മറ്റൊരാളുടെ ഫോൺ കൈവശം വച്ചാൽ

തൊഴിൽ സ്ഥലത്തു നിന്നു ലഭിച്ച മൊബൈൽ ഫോൺ കൈവശം വച്ചതിന് കമ്പനിയുടെ ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്. മറ്റൊരാളുടെ വസ്തു കൈവശം വച്ചതിന് എന്തു ശിക്ഷാ നടപടികളാണ് നടപ്പാക്കുക?

2004 ലെ 11-ാം നമ്പർ പീനൽ നിയമത്തിലെ ആർട്ടിക്കിൾ 350 അനുസരിച്ച് ഏതെങ്കിലും ഒരു വ്യക്തി മറ്റൊരാളുടെ നഷ്ടപ്പെട്ട വസ്തു കണ്ടെത്തിയ ശേഷം അതു കൈവശം വയ്ക്കുക എന്ന ഉദ്ദേശ്യത്തോടെ കൂടി ഏഴു ദിവസത്തിനുള്ളിൽ അതിന്റെ യഥാർഥ ഉടമയ്ക്ക് തിരികെ നൽകുകയോ പൊലീസ് സ്റ്റേഷനിൽ ഏൽപിക്കുകയോ ചെയ്യാതിരുന്നാൽ പരമാവധി 6 മാസം തടവുശിക്ഷയോ അല്ലെങ്കിൽ 3,000 റിയാൽ പിഴയോ അല്ലെങ്കിൽ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്

qatar-law
അഡ്വ. നിസാർ കോച്ചേരി

നിയമങ്ങൾ സംബന്ധിച്ച സംശയങ്ങൾക്കു നിയമകാര്യ വിദഗ്ധനായ അഡ്വ. നിസാർ കോച്ചേരി മലയാള മനോരമയിലെ ‘നിയമവും നിങ്ങളും’ എന്ന കോളത്തിലൂടെ മറുപടി നൽകും. ചോദ്യങ്ങൾ manoramadoha@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ അയയ്ക്കണം. തിരഞ്ഞെടുക്കപ്പെട്ട ചോദ്യങ്ങൾക്കാണു മറുപടി നൽകുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA