sections
MORE

അബുദാബിക്ക് ഇനി ഉത്സവ ദിനങ്ങൾ, 3 മാസം ആഘോഷം; ഇന്ത്യയടക്കം 25 രാജ്യങ്ങൾ

lazer
ഷെയ്ഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവലിനോടനുബന്ധിച്ചു നടന്ന വെടിക്കെട്ടും ലേസർ ഷേയും.
SHARE

അബുദാബി∙ ഷെയ്ഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവലിന് അബുദാബി അൽവത്ബയിൽ തുടക്കം. കലാസാംസ്കാരിക, വിനോദ, വിജ്ഞാന പരിപാടികൾ സമ്മേളിക്കുന്ന ഉത്സവം  3 മാസം നീണ്ടുനിൽക്കും. ഉദ്ഘാടന ദിനത്തിൽ 30,000 പേർ എത്തി. ഇന്ത്യ ഉൾപ്പെടെ 25 രാജ്യങ്ങൾ അണിനിരക്കുന്ന ഉത്സവം ദുബായിലെ ഗ്ലോബൽ വില്ലേജ് മാതൃകയിലാണ് ഒരുക്കിയിരിക്കുന്നത്. ലോക രാജ്യങ്ങളുടെ പൈതൃകവും കലയും സംസ്കാരവും ഭക്ഷണ രീതികളും അടുത്തറിയാവുന്ന ഉത്സവത്തിൽ ദിവസേന രാത്രി  അര മണിക്കൂർ ഇടവിട്ടുള്ള ലേസർഷോയും രാത്രി 9നുള്ള വെടിക്കെട്ടുമാണ് പ്രധാന ആകർഷണം.

യുഎഇ ദേശീയ ദിനത്തിനും പുതുവർഷത്തിനും പ്രത്യേക പരിപാടികൾ അരങ്ങേറും. 3500 കലാസാംസ്കാരിക പരിപാടികൾ, 500 ലേസർ ഷോകൾ, കുട്ടികൾക്കായി 100 ശിൽപശാലകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. രാജ്യാന്തര തലത്തിലുള്ള 40 കലാ സംഘങ്ങളാണ് പരിപാടികൾ അവതരിപ്പിക്കുന്നത്. പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലാണു പരിപാടികൾ. പ്രസിഡന്റിന്റെ ഉപദേഷ്ടാവും കാമൽ റേസ് അസോസിയേഷൻ പ്രസിഡന്റും ഹെറിറ്റേജ് ഫെസ്റ്റിവൽ ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ ഹംദാൻ അൽ നഹ്യാൻ ഉൾപ്പെടെ ഉദ്ഘാടനത്തിനെത്തിയിരുന്നു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണു പ്രദർശനം വിവിധ മത്സരങ്ങൾ,ഫാൽക്കൺ പക്ഷികളുടെയും ക്ലാസിക് കാറുകളുടെ പ്രദർശനം തുടങ്ങി യവയുണ്ട്. ലോകാത്ഭുതങ്ങളുടെ ചെറു പതിപ്പ് മാതൃകയിൽ മൂന്നാം ഗേറ്റിനു സമീപം ഒരുക്കിയ ലോക അമ്യൂസ്മെന്റ് പാർക്കാണ് കുട്ടികളെ ഏറെ ആകർഷിക്കുന്നത്. റൈഡുകളുമുണ്ട്. ഇമാറാത്തി വില്ലേജിൽ സ്വദേശികളുടെ സംസ്കാരവും പൈതൃകവും അനുഭവിച്ചറിയാം. അഗ്രികൾചറൽ ഒയാസിസിൽ പ്രാദേശിക കർഷകർ ഉൽപാദിപ്പിച്ച ജൈവ ഉൽപന്നങ്ങൾ രുചിച്ചറിയാം. പ്രവേശനം വൈകിട്ട് 4 മുതൽ രാത്രി 12 വരെ. ടിക്കറ്റ് നിരക്ക് 5 ദിർഹം. ഭിന്നശേഷിക്കാർക്കും 3 വയസ്സിനു താഴെയുള്ളവർക്കും സൗജന്യം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA