ADVERTISEMENT

റിയാദ്∙ രാജ്യാന്തര സഹകരണവും യോജിച്ച  പ്രവർത്തനവുമാണ് പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ഏറ്റവും നല്ല മാർഗമെന്ന് കൊറോണ വൈറസും ലോക് ഡൗണും  തെളിയിച്ചതായി ഇരു ഹറമുകളുടെ  രക്ഷാധികാരിയും സൗദി ഭരണാധികാരിയുമായ സൽമാൻ സൽമാൻ രാജാവ് പറഞ്ഞു. ജി 20  ഉച്ചകോടിയിൽ  'മഹാമാരി– തയാറെടുപ്പും പ്രതികരണവും' എന്ന സെഷനിൽ  പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

 

മഹാമാരി ഘട്ടത്തെ മറികടക്കാൻ കഴിയാത്ത ഏറ്റവും ദുർബല വിഭാഗത്തെയാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും ആവശ്യമായ പിന്തുണ ലഭ്യമാണെന്ന്  ഉറപ്പുവരുത്തുന്നതിൽ സൗദി ഒപ്പമുണ്ടായിട്ടുണ്ട്. എല്ലാവരും സുരക്ഷിതരാകുന്നതുവരെ ഞങ്ങളും സുരക്ഷിതരല്ല എന്ന ബോധമാണ് രാജ്യത്തെ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

 

വ്യക്തികൾക്കും സമൂഹത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും ആരോഗ്യത്തിനും മുമ്പെങ്ങുമില്ലാത്തവിധം ആഗോള വെല്ലുവിളി നേരിടുന്നു. കൊറോണ വ്യാപനത്തിന്റെ തുടക്കം  മുതൽ ഈ പ്രതിസന്ധിയെ നേരിടാൻ  വേഗത്തിലും യോജിച്ചും നടപടികൾ കൈക്കൊണ്ടു, നാമെല്ലാവരും ഇപ്പോഴും അത് തുടരുകയാണ്. ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും ആവശ്യമായ പിന്തുണ ലഭ്യമായെന്ന്  ഉറപ്പുവരുത്തുന്നില്ലെങ്കിൽ ഈ കാലത്തേ മറികടക്കാൻ നമുക്കാകില്ല. കഴിഞ്ഞ ഏപ്രിലിൽ നിരവധി രാജ്യങ്ങളും സംഘടനകളും നടത്തിയ ശ്രമങ്ങളിൽ സൗദിയും പങ്കെടുത്തു. വാക്സിനുകൾ, മരുന്നുകൾ, ചികിത്സാ ഉപകരണങ്ങൾ എന്നിവ വികസിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി ആഗോള ആവശ്യങ്ങൾ നിറവേറ്റുന്നതിന് ധനസഹായം ഉൾപ്പെടെ പിന്തുണനൽകി. ഇതിനായി  സൗദി അറേബ്യ 500 മില്യൻ ഡോളർ ആണ്  ചെലവഴിച്ചതെന്നും സൽമാൻ രാജാവ് വ്യക്തമാക്കി.

 

കൊറോണ വൈറസ് വാക്സിൻ വികസിപ്പിക്കുന്നതിനുള്ള ശ്രമത്തിൽ ഞങ്ങളുമുണ്ട്. കണ്ടുപിടിത്തത്തിൽ പുരോഗതി ഉണ്ടായാൽ എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. സവിശേഷ കാലത്തും ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനായത് പ്രധാനമായി കാണുന്നു.  ജി 20 രാജ്യങ്ങളുടെ പിന്തുണയോടെ നിലവിലെ വിപത്തിനെ ചെറുക്കുന്നതിന് നമുക്ക് കഴിയും. ഇത് ഭാവിയിലും ഇത്തരം ഘട്ടത്തെ നേരിടാനുള്ള മികച്ച  പാഠമാണ്. അടുത്ത വർഷം ഇറ്റലിയുടെ ആതിഥേയത്തിൽ നടക്കുന്ന ഉച്ചകോടിയിൽ  ഈ ചർച്ച കൂടുതൽ സാർഥകമാകും. എല്ലാ തരം മനുഷ്യരുടെയും ജീവിതത്തെയും ഉപജീവനത്തെയും സംരക്ഷിക്കുന്നതിനും മെച്ചപ്പെട്ട ലോകം രൂപപ്പെടുത്തുന്നതിനുമുള്ള ലക്ഷ്യം കൈവരിക്കാൻ പരസ്പര സഹകരണത്തോടെ നമുക്ക് കഴിയും.ഇത്തരം പ്രവർത്തനങ്ങളിൽ എന്നും മുന്നിലുണ്ടാകുമെന്നും സൗദി ഭരണാധികാരി പ്രസംഗത്തിൽ ഉറപ്പ് നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com