ADVERTISEMENT

അബുദാബി∙ വേതന വ്യവസ്ഥകൾ വ്യക്തമാക്കാത്ത തൊഴിൽ കരാറുകൾ സാക്ഷ്യപ്പെടുത്തില്ല. തൊഴിലാളിയുടെയും തൊഴിലിന്റെയും വിവരങ്ങൾ പൂർണമായിരിക്കണം. വേതനം, തൊഴിൽ സമയം, തസ്തിക എന്നിവ കരാറുകളിൽ വ്യക്തമാക്കണമെന്ന് മാനവ വിഭവശേഷി-സ്വദേശിവൽകരണ മന്ത്രാലയം അറിയിച്ചു.

സ്വകാര്യ മേഖലാ ജീവനക്കാരുടെ തൊഴിൽ കരാറുകൾക്ക് അംഗീകാരം ലഭിക്കാനുള്ള പ്രധാന വ്യവസ്ഥയാണിത്. ജോലിയിൽ പ്രവേശിക്കുന്ന തൊഴിലാളികൾ കരാറുകൾ പരിശോധിച്ച് ഉറപ്പുവരുത്തണം. നിയമനത്തിനു  മുന്നോടിയായി കമ്പനികൾ നൽകുന്ന തൊഴിൽ വാഗ്ദാന പത്രിക (ഓഫർ ലെറ്റർ)യും കരാറും തമ്മിൽ താരതമ്യം ചെയ്യണം.

വ്യത്യാസമുണ്ടെങ്കിൽ അധികൃതരെ അറിയിക്കണം. തൊഴിലാളികളുടെ ഔദ്യോഗിക രേഖയാണു തൊഴിൽ കരാർ. തൊഴിൽ തർക്കമുണ്ടായാൽ ഇതു പ്രധാന തെളിവാണ്.

നടപടികൾ തസ്ഹീൽ വഴി

തൊഴിലാളി രാജ്യത്ത് എത്തിയാൽ  60 ദിവസത്തിനകം കരാർ നടപടി പൂർത്തിയാക്കണം. കരാറുകൾ സാക്ഷ്യപ്പെടുത്താൻ തസ്ഹീൽ സെന്ററുകൾ വഴിയാണ് അപേക്ഷിക്കേണ്ടത്. 60 ദിവസം പിന്നിട്ടാൽ, വൈകിയ ഓരോ മാസത്തിനും തൊഴിലുടമയിൽ നിന്നു 100 ദിർഹം വീതം പിഴ ഈടാക്കും.  ചില പ്രത്യേക പദ്ധതികൾക്കുള്ള കരാറുകൾ 30 ദിവസത്തിനകം സമർപ്പിക്കണം.

തൊഴിൽ കരാറുകൾ മൂന്നു തരം

സ്വകാര്യ മേഖലയിൽ 2  തരം  തൊഴിൽ കരാറുകളാണുളളത്. നിശ്ചിത  തൊഴിൽ കാലാവധി നിശ്ചയിച്ചതും അല്ലാത്തതും.ആദ്യത്തെ കരാർ കാലാവധി 2 വർഷം. തൊഴിലാളിക്കും തൊഴിലുടമയ്ക്കും ആവശ്യമെങ്കിൽ പുതുക്കാം. വ്യാപക സ്വീകാര്യത ലഭിച്ചതാണ് നിശ്ചിത കാലാവധിയില്ലാത്ത കരാറുകൾ. ഒരു മാസം മുതൽ 3 മാസം മുൻപു വരെ അപേക്ഷ നൽകി ഉഭയസമ്മതത്തോടെ  റദ്ദാക്കാൻ കഴിയുന്നവ. ഏതെങ്കിലും ഒരാൾ  നിയമങ്ങൾ ലംഘിച്ചാൽ കരാർ അസാധുവാകും. 2018 ലാണ് മൂന്നാമത്തെ തൊഴിൽ കരാർ മന്ത്രാലയം ആവിഷ്ക്കരിച്ചത്. ഒരാൾക്ക് ഒന്നിലധികം സ്ഥാപനങ്ങളിൽ ജോലിയെടുക്കാൻ കഴിയുന്ന  പാർട് ടൈം സംവിധാനമാണിത്. വിദഗ്ധ തൊഴിലാളികളുടെ സേവനം ഉപയോഗപ്പെടുത്താൻ ലക്ഷ്യമിട്ടാണിത്.

ദിവസം 8 മണിക്കൂർ ജോലി

∙ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് പ്രതിദിനം 8 മണിക്കൂറാണു ജോലി.

∙ ആഴ്ചയിൽ 48 മണിക്കൂറിലധികം ജോലി എടുപ്പിക്കരുത്. ഒരുദിവസം അവധി നൽകണം.

∙ ഹോട്ടൽ, കന്റീൻ, പാറാവ് തുടങ്ങിയവയുമായി  ബന്ധപ്പെട്ട്  9 മണിക്കൂർ തൊഴിലെടുപ്പിക്കാൻ പ്രത്യേക അനുമതി.

∙നിശ്ചിത തസ്തികകൾക്ക് ഇളവു നൽകുമെങ്കിലും ഒരു ദിവസം 2 മണിക്കൂറിൽ കൂടുതൽ അധിക ജോലി ചെയ്യിക്കരുത്. ഇതിന് അടിസ്ഥാന വേതനം കണക്കാക്കി ഓവർടൈം നൽകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com