ADVERTISEMENT

അജ്മാൻ ∙  മഹാമാരിക്കാലത്തെ മലയാളി കുടുംബത്തിന്റെ ദുരന്തം യുഎഇയിലെ പ്രവാസി ഇന്ത്യക്കാരെ ദുഃഖത്തിലാഴ്ത്തി. സായാഹനം  ചെലവഴിക്കാൻ ഷാർജ–അജ്മാൻ അതിർത്തിയിലെ പുതുതായി തുറന്ന അൽ ഹീറ ബീച്ചിൽ എത്തിയ കോഴിക്കോട് ബാലുശ്ശേരി ഇയ്യാട് താഴേചന്തം കണ്ടിയിൽ ഇസ്മായിൽ (47), മകൾ അമൽ ഇസ്മായിൽ (18) എന്നിവര്‍ ബുധനാഴ്ച വൈകിട്ട് അഞ്ചിന് കടലിൽ മുങ്ങി മരിക്കുകയായിരുന്നു. 

കളിച്ചുകൊണ്ടിരിക്കെ കുട്ടികളെ കടൽക്കൊണ്ടുപോയി

ഇസ്മായിലിന്റെയും സഹോദരന്റെയും കുടുംബങ്ങൾ ഒന്നിച്ചായിരുന്നു ബീച്ചിലെത്തിയത്. ഇവർ സംസാരിച്ചിരുന്നപ്പോൾ, അഞ്ചു കുട്ടികൾളും കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് കുട്ടികളെല്ലാവരും ഒഴുക്കിൽപ്പെടുകയും അവരെ രക്ഷിക്കാൻ ഇസ്മായീൽ മുന്നിട്ടിറങ്ങുകയുമായിരുന്നു. ഇസ്മായീലിന്റെ മൂന്നു മക്കളും സഹോദരന്റെ രണ്ടും കുട്ടികളുമാണ് അപകടത്തിൽപ്പെട്ടത്.

നാലു കുട്ടികളെ ആദ്യശ്രമത്തിൽ തന്നെ ഇസ്മായീൽ രക്ഷപ്പെടുത്തിയെങ്കിലും മൂത്ത മകൾ അമലിനെ രക്ഷിക്കാനായില്ല. തുടർന്ന്, ഇസ്മായീൽ വീണ്ടും കടലിലേയ്ക്ക് ചാടി അമലിനെ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും രണ്ടുപേരും വെള്ളത്തിൽ മുങ്ങുകയായിരുന്നു. ബാക്കിയുള്ളവർക്കു കരയിലിരുന്ന് നിലവിളിക്കുവാനേ സാധിച്ചുള്ളൂ.

Littering
അൽ ഹീറ ബീച്ച്

വിവരം ലഭിച്ചതനുസരിച്ച് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി 30 മിനിറ്റിനകം ഇസ്മായീലിനെ കരക്കെത്തിച്ചു. പക്ഷേ അപ്പോഴേയ്ക്കും മരിച്ചിരുന്നു. തുടർന്ന് അമലിന്റെ മൃതദേഹവും സംഭവ സ്ഥലത്ത് നിന്ന് തന്നെ കണ്ടെടുത്തു.

അവധിയാഘോഷിക്കാൻ കുടുംബം എത്തിയത് ഒരാഴ്ച മുൻപ്

വർഷങ്ങളായി ദുബായിൽ താമസിക്കുന്ന ഇസ്മായീൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ)യിൽ ട്രാൻസ്പോർട് സിസ്റ്റം കൺട്രോളറായി ജോലി ചെയ്യുകയായിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബം അവധിയാഘോഷിക്കാനാണ് ഒരാഴ്ച മുൻപ് സന്ദർശക വീസയിൽ ദുബായിലെത്തിയത്. ഇസ്മായീലിന് ഭാര്യയും അമലിനെ കൂടാതെ, 8, 14 വയസ്സുള്ള രണ്ടു പെൺകുട്ടികളുമുണ്ട്.

നേരത്തെ യുഎഇയിലുണ്ടായിരുന്ന കുടുംബത്തെ ഒന്നര വർഷം മുൻപാണ് നാട്ടിലേയ്ക്ക് അയച്ചത്. ഭാര്യ നേരത്തെ ഇവിടെ അധ്യാപികയായിരുന്നു. കുവൈത്തി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ നടന്നുവരുന്നു. കോവിഡ് നെഗറ്റീവ് സർടിഫിക്കറ്റുകൾ ലഭിച്ചതായും ഫോറൻസിക് റിപ്പോർട്ടിനു വേണ്ടി കാത്തിരിക്കുകയാണെന്നും ബന്ധുക്കൾ പറഞ്ഞു.

കടലിൽ കുളിക്കാനിറങ്ങുന്നവർ ജാഗ്രത പാലിക്കണം

കടലിൽ കുളിക്കാനിറങ്ങുന്നവർ, പ്രത്യേകിച്ച് തണുപ്പുകാലത്ത് ഏറെ ജാഗ്രത കാണിക്കണമെന്ന് പൊലീസ് പറഞ്ഞു. കടൽ പ്രക്ഷുബ്ധമാണോ എന്ന് നിരീക്ഷിക്കാൻ സംഘത്തെ ഏർപ്പാടാക്കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാന വാർത്തകൾക്കനുസരിച്ച് വേണം ബീച്ച് സന്ദർശിക്കാൻ. അപകടമേഖലയായി കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളില്‍ സൂചനാ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവിടേയ്ക്ക് ഒരിക്കലും അടുക്കരുത്–പൊലീസ് മുന്നറിയിപ്പ് ആവർത്തിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com