ADVERTISEMENT

ദോഹ ∙ കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന ഇന്ത്യയിലെ ഖത്തര്‍ വീസ സെന്ററുകളുടെ പ്രവര്‍ത്തനം ഡിസംബര്‍ മൂന്നു മുതല്‍ പുനരാരംഭിക്കും. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കൊച്ചി, മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ലക്‌നൗ, ഹൈദരാബാദ്, ചെന്നൈ എന്നിങ്ങനെ ഏഴു കേന്ദ്രങ്ങളാണ് ഇന്ത്യയിലുള്ളത്. നവംബര്‍ 15 മുതല്‍ വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് പുനരാരംഭിച്ചതോടെയാണ് ഇന്ത്യയിലെ സെന്ററുകള്‍ തുറക്കുന്നത്. 

അതേസമയം, പുതിയ തൊഴില്‍ വീസയില്‍ ഖത്തറിലേക്ക് എത്തുന്നവര്‍ക്കും പ്രവേശന, ക്വാറന്റീന്‍ വ്യവസ്ഥകള്‍ ബാധകമാണ്. ഇതുപ്രകാരം ആഭ്യന്തര മന്ത്രാലയത്തിന്റെ എക്‌സെപ്ഷണല്‍ എന്‍ട്രി പെര്‍മിറ്റ് നിര്‍ബന്ധമാണ്. തൊഴിലാളികള്‍ക്കായി തൊഴിലുടമകളാണ് എന്‍ട്രി പെര്‍മിറ്റിനായി അപേക്ഷിക്കേണ്ടത്. എന്‍ട്രി പെര്‍മിറ്റ് ലഭിച്ച് ഖത്തറിലെത്തുന്ന തൊഴിലാളികള്‍ 14 ദിവസം ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണം. തൊഴിലുടമയാണ് ക്വാറന്റീന്‍ ചെലവ് വഹിക്കേണ്ടത്.   

വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റുകള്‍ ആരംഭിച്ചിട്ടും ഖത്തര്‍ വീസ സെന്ററുകള്‍ തുറക്കാത്തതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതില്‍ ബുദ്ധിമുട്ടു നേരിട്ടിരുന്ന കമ്പനികള്‍ക്കും നാട്ടില്‍ നിന്നും വീട്ടുജോലിക്കാരെ കൊണ്ടുവരാന്‍ കഴിയാതെ വിഷമിച്ചിരുന്ന പ്രവാസി കുടുംബങ്ങള്‍ക്കും പ്രഖ്യാപനം ആശ്വാസകരമാണ്. 

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് പകുതി മുതലാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള വീസ നടപടികളും ഖത്തര്‍ വീസ കേന്ദ്രങ്ങള്‍ വഴിയാക്കിയത്. തൊഴില്‍ കരാര്‍ ഒപ്പിടീല്‍, ബയോമെട്രിക് റജിസ്‌ട്രേഷന്‍, മെഡിക്കല്‍ പരിശോധന തുടങ്ങി തൊഴില്‍ വീസയുടെ മുഴുവന്‍ നടപടിക്രമങ്ങളും തൊഴിലാളികള്‍ക്ക് ഖത്തര്‍ വീസ സെന്ററുകളില്‍ പൂര്‍ത്തിയാക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com