ADVERTISEMENT

ഷാർജ∙ ആഫ്രിക്കയ്ക്കു പുറത്തുള്ള ലോകത്തെ ഏറ്റവും വലിയ സഫാരി പദ്ധതി ലക്ഷ്യത്തിലേക്ക്. ദൈദ് അൽ ബർദി റിസർവിനോട് അനുബന്ധിച്ച് 14 ചതുരശ്ര കിലോമീറ്ററിലാണ് സഫാരി. വിവിധ മേഖലകളിൽ നിന്നുള്ള 50,000 മൃഗങ്ങൾ ഉണ്ടാകും. പുതിയ അന്തരീക്ഷവുമായി ഇണങ്ങാൻ പല മൃഗങ്ങളെയും എത്തിച്ചിട്ടുണ്ട്.

മൃഗങ്ങൾക്കു സ്വാഭാവിക ആവാസ വ്യവസ്ഥയൊരുക്കുന്ന സഫാരി ആഫ്രിക്കൻ കാട്ടിലൂടെയുള്ള യാത്രാനുഭവമാകും സമ്മാനിക്കുക. പ്രധാന മേഖലകൾ പൂർത്തിയായ പദ്ധതി വൈകാതെ തുറക്കുമെന്നാണു പ്രതീക്ഷ. വന്യമൃഗങ്ങളെക്കുറിച്ചുള്ള പഠന-ഗവേഷണ കേന്ദ്രമാക്കാനും പദ്ധതിയുണ്ട്. 

african-safari-uae1

ആനകൾക്കുള്ള മേഖലയുടെ നിർമാണം പൂർത്തിയായി. ആഫ്രിക്കൻ ആനകളടക്കം ഉണ്ടാകും. സിംഹങ്ങൾക്കുള്ള മേഖലയുടെ 90% പൂർത്തിയായി. കാണ്ടാമൃഗങ്ങൾക്കുള്ള പ്രദേശം ഒരുങ്ങുന്നു. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർമാണ പുരോഗതി വിലയിരുത്തി.

ഡയറക്ടറേറ്റ് ഓഫ് പബ്ലിക് വർക്സ് ചെയർമാൻ അലി ബിൻ ഷഹീൻ അൽ സുവൈദി, ഡയറക്ടറേറ്റ് ഓഫ് ഹൗസിങ് ചെയർമാൻ ഖലീഫ മുസബ അൽ തുനൈജി, പ്രോട്ടോക്കോൾ ആൻഡ് ഹോസ്പിറ്റാലിറ്റി ഡിപ്പാർട്മെന്റ് ചെയർമാൻ മുഹമ്മദ് ഒബൈദ് അൽ സാബി തുടങ്ങിയവരും സന്നിഹിതരായിരുന്നു.

യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർമാണ പുരോഗതി വിലയിരുത്താൻ എത്തിയപ്പോൾ.

കാണാനും പഠിക്കാനുമേറെ

വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളെക്കുറിച്ചും മറ്റും കൂടുതൽ അറിയാൻ കഴിയുന്ന ശിൽപശാലകൾ, പ്രദർശന മേളകൾ എന്നിവ സഫാരിയിൽ ഉണ്ടാകുമെന്ന് എൻവയൺമെന്റ് ആൻഡ് പ്രൊട്ടക്ടഡ് ഏരിയാസ് അതോറിറ്റി (ഇപിഎഎ) ചെയർപഴ്സൻ ഹന സെയ്ഫ് അൽ സുവൈദി പറഞ്ഞു. മരുഭൂമിയിൽ വംശനാശം നേരിടുന്ന മൃഗങ്ങൾക്കു സ്വാഭാവിക ആവാസ വ്യവസ്ഥയൊരുക്കി സംരക്ഷണം നൽകുന്ന  അൽ ഹെഫൈയ്യാ മൗണ്ടൻ കൺസർവേഷൻ സെന്ററും ഷാർജയിലുണ്ട്. 

പഠന-ഗവേഷണ കേന്ദ്രമായി ഇവിടം വളർന്നുവരുകയാണ്.അറേബ്യൻ കൃഷ്ണമൃഗങ്ങൾ, പുള്ളിപ്പുലികൾ, കഴുതപ്പുലികൾ, ചെന്നായ്, കാട്ടുപൂച്ചകൾ, പാമ്പുകൾ, മറ്റ് ഉരഗങ്ങൾ എന്നിങ്ങനെ മുപ്പതിലേറെ ഇനങ്ങൾ ഇവിടുണ്ട്. സുരക്ഷിതമായി ജീവിക്കാനും സ്വാഭാവിക  രീതിയിൽ  ഇര പിടിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com