ADVERTISEMENT

ദോഹ∙ ഇന്ത്യൻ എംബസി എപ്പെക്‌സ് സംഘടനകളുടെ തിരഞ്ഞെടുപ്പ് തീയതി വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. ഇത്തവണ ആദ്യമായി തിരഞ്ഞെടുപ്പ് വെർച്വൽ വേദിയിൽ.

ഡിസംബർ   അവസാനത്തിലോ ജനുവരി ആദ്യവാരമോ ആയിരിക്കും തിരഞ്ഞെടുപ്പ്.  കോവിഡ് സാഹചര്യങ്ങളെ തുടർന്നാണ് തിരഞ്ഞെടുപ്പ് ഓൺലൈൻ ആക്കുന്നത്. എപ്പെക്സ് സംഘടനകളായ ഇന്ത്യൻ കൾചറൽ സെന്റർ (ഐസിസി), ഇന്ത്യൻ കമ്യൂണിറ്റി ബനവലന്റ് ഫോറം (ഐസിബിഎഫ്), ഇന്ത്യൻ കായിക സെന്റർ (ഐഎസ്സി), ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ (ഐബിപിസി) എന്നിവയുടെ കാലാവധി  ഡിസംബറിൽ അവസാനിക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ്.

ഇത്തവണ പ്രാധാന്യമേറും

2022 ലോകകപ്പ്, 2021 ഫിഫ അറബ് കപ്പ് ഉൾപ്പെടെയുള്ള വൻകിട കായിക മാമാങ്കങ്ങൾക്ക് ഖത്തർ വേദിയാകുന്നതിനാൽ  തിരഞ്ഞെടുപ്പിന് ഇത്തവണ പ്രാധാന്യമേറെയാണ്. ടൂർണമെന്റുകളുമായി ബന്ധപ്പെട്ട നിക്ഷേപം, ബിസിനസ് തുടങ്ങി വിവിധ മേഖലകളിൽ  ഇന്ത്യൻ സമൂഹത്തിന് അവസരം ഉറപ്പാക്കാൻ കഴിയുന്നത് എപ്പെക്‌സ് സംഘടനകൾ മുഖേനയാണ്. 

7,300ൽ അധികം വോട്ടർമാർ

നാലു സംഘടനകളിലുമായി  7,300 ലധികം വോട്ടർമാരാണുള്ളത്. പ്രസിഡന്റ് ഉൾപ്പെടെ 11 മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ വീതമാണ് സംഘടനകളുടെ ഭരണസമിതിയിലുള്ളത്. ഓരോ സംഘടനകളിലും പ്രസിഡന്റ് ഉൾപ്പെടെയുള്ള 5 പേരെ പൊതു തിരഞ്ഞെടുപ്പിലൂടെയും 3 പേരെ അഫിലിയേറ്റഡ് സംഘടനകളിൽ നിന്നും 3 പേരെ ഇന്ത്യൻ സ്ഥാനപതി നേരിട്ടുമാണ് തിരഞ്ഞെടുക്കുന്നത്. അഫിലിയേറ്റഡ് സംഘടനകളിലും പ്രത്യേകം തിരഞ്ഞെടുപ്പ് നടക്കും.

തിരഞ്ഞെടുപ്പ് ജനാധിപത്യരീതിയിൽ

വർഷങ്ങളായി തികച്ചും ജനാധിപത്യസംവിധാനത്തിൽ സുതാര്യമായാണ് എപ്പെക്‌സ് സംഘടനകളുടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാൽ ഇതിനു വിപരീതമായി ഐബിപിസിയിലേക്ക് ഇത്തവണ നോമിനേഷൻ മുഖേനയാണ് ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതെന്ന വാർത്തകളുമുണ്ട്. ജനാധിപത്യപരമായി നടന്നുവരുന്ന തിരഞ്ഞെടുപ്പിൽ നോമിനേഷൻ മുഖേനയുള്ള ഭാരവാഹിത്വം അംഗീകരിക്കാനാകില്ലെന്നും ഇത്തരം നടപടികൾ ഇന്ത്യൻ പ്രവാസികൾക്കിടയിൽ ഭിന്നിപ്പിന് വഴിതെളിക്കുമെന്നുമുള്ള ചർച്ചകൾ സജീവമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com