ADVERTISEMENT

കുവൈത്ത് സിറ്റി∙  അംബാസഡർ എന്നാൽ  ഇന്ത്യൻ  മനസ്സിൽ മറ്റൊരു രൂപമുള്ള  കാലമുണ്ടായിരുന്നെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്. നയതന്ത്ര ജോലിയുമായി പ്രവർത്തിക്കുന്ന അംബാസഡർമാർ ആയിരുന്നില്ല അത്.  ഇന്ത്യയുടെ സ്വന്തമായിരുന്ന അംബാസഡർ കാറുകളായിരുന്നു  ഇന്ത്യൻ മനസുകളിലെ ‘അംബാസഡർ’. 

 

ഇപ്പോൾ അംബാസിഡർ കാർ ഇന്ത്യയിൽ നിർമിക്കുന്നില്ല. പകരം ലോകോത്തര ബ്രാൻഡുകളായ ജാഗ്വാർ, ലാൻഡ് റോവർ, ബി‌എം‌ഡബ്ല്യു, ബെൻസ്, ഹ്യുണ്ടായ്, ഹോണ്ട കാറുകളുടെ നിർമാണം ഇന്ത്യയിലുണ്ട്. ടൊയോട്ടയും സുസുക്കിയും മാരുതിയും ഫോഡും മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ടാറ്റാ മോട്ടോഴ്സും ഇന്ത്യയിലെ വാഹന നാമങ്ങളാണ്. 

 

കൊച്ചു വാഹനമായ നാനോ കാറും ഇന്ത്യയിൽ നിർമിക്കുന്നു. ഓട്ടമൊബീൽ രംഗത്ത് ഇന്ത്യയുടെ വൈവിധ്യമാണ് ഇതു തെളിയിക്കുന്നതെന്ന് സിബി ജോർജ് പറഞ്ഞു.

 

ആത്മനിർഭർ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ ഓട്ടമൊബീൽ സംവിധാനങ്ങളെക്കുറിച്ചുള്ള വെർച്വൽ പ്രദർശനം സ്ഥാനപതി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലും കുവൈത്തിലും ഓട്ടമൊബീൽ രംഗത്ത് പ്രവർത്തിക്കുന്ന ഒട്ടേറെ പേർ പരിപാടിയിൽ പങ്കാളികളായി.

 

പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യയും നിരന്തര കണ്ടുപിടിത്തങ്ങളും ഓട്ടമൊബീൽ മേഖലയിൽ   ഇന്ത്യയ്ക്ക്  ഉന്നത സ്ഥാനം ലഭിക്കാൻ സഹായിക്കുന്നുണ്ട്. 

 

വൈദ്യുതി വാഹന വികസനം ഇന്ത്യൻ ഭരണകൂടം പ്രധാന്യമുള്ള മേഖലയായി പരിഗണിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി കൂടിയാണ് ഈ മാറ്റങ്ങളെന്നും സ്ഥാനപതി  പറഞ്ഞു.

 

കേരള സർക്കാരിന്റെ ഗതാഗതവിഭാഗം പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, എൻ‌ജിനീയറിങ് എക്സ്പോർട്ട് കൗൺസിൽ ചെയർമാൻ മഹേഷ് ദേശായി എന്നിവരും പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com