sections
MORE

അവധി ആഘോഷമാക്കി യുഎഇയിലെ പ്രവാസികളും സ്വദേശികളും

uae-national-day-holiday-celebration12
അബുദാബി അൽ വത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ ദേശീയ ദിനത്തോടനുബന്ധിച്ചു നടന്ന വിവിധ പരിപാടികൾ.
SHARE

അബുദാബി∙ യുഎഇയിൽ ദേശീയ, സ്മാരക ദിനങ്ങളോടനുബന്ധിച്ചു ലഭിച്ച അവധി ആഘോഷമാക്കി സ്വദേശികളും വിദേശികളും. കോവിഡ് മൂലം മാസങ്ങളായി വീടുകളിൽ ഒതുങ്ങിയ കുട്ടികളും മുതിർന്നവരും നീണ്ട അവധി ലഭിച്ചതോടെ പുറത്തിറങ്ങിയതിന്റെ ആവേശത്തിലാണ്. പാ‍ർക്കിലും ബീച്ചിലും ഫെസ്റ്റിവൽ കേന്ദ്രങ്ങളിലുമെല്ലാം ജനാവേശം പ്രകടം. ഉമ്മുൽ ഇമാറാത് പാർക്ക്, കോർണിഷ്, ഹുദൈരിയാത് ബീച്ച്,  മാംഗ്രൂവ് പാർക്ക്, അൽവത്ബ ലെയ്ക്, ഷെയ്ഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവൽ തുടങ്ങി പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം ജനത്തിരക്കേറി. അനുകൂല കാലാവസ്ഥ കൂടിയായതോടെ ഭക്ഷണം തയാറാക്കി ഉച്ചയോടെ തന്നെ വിനോദ കേന്ദ്രങ്ങളിൽ ഇടംതേടിയ കുടുംബങ്ങളുമുണ്ട്.

uae-national-day-holiday-celebration

നഗരത്തിൽനിന്നും 50 കിലോമീറ്റർ അകലെ അൽവത്ബയിലെ പൈതൃകോത്സവത്തിലും ഇന്നലെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ജനത്തെ നിയന്ത്രിക്കാനായി ടിക്കറ്റ് ഏർപ്പെടുത്തിയെങ്കിലും സ്വദേശികളും വിദേശികളും ഉൾപെെട 40,000 പേർ ടിക്കറ്റെടുത്ത് അകത്തുകടന്നു. അകലം പാലിക്കേണ്ടതിനാൽ വൈകി എത്തിയ പലരെയും തിരിച്ചയക്കുകയായിരുന്നു. ആളുകൾ ഒഴിയുന്നതിനു അനുസരിച്ചായിരുന്നു പിന്നീട് പ്രവേശനം അനുവദിച്ചത്. കഴിഞ്ഞ വർഷം 75000 പേർ ഒരു ദിവസം എത്തിയിരുന്നു.

uae-national-day-holiday-celebration3

യുഎഇയുടെ ചരിത്രം വിവരിക്കുന്ന ചിത്രീകരണവും ലേസർഷോയും ജലധാരയും വെടിക്കെട്ടുമായിരുന്നു ജനങ്ങളെ ആകർഷിച്ചത്. വിവിധ രാജ്യക്കാരുടെ കലാസംസ്കാരിക, ജീവിത ശൈലി അടുത്തറിയാവുന്ന പവിലിയനുകളും സന്ദർശകരെ ആകർഷിച്ചു. വ്യത്യസ്ത രാജ്യങ്ങളിൽ എത്തിയ പ്രതീതിയായിരുന്നു പലർക്കും. ലോകാത്ഭുതങ്ങളുടെ ചെറുപതിപ്പുകളും അത്യാധുനിക കളിക്കോപ്പുകളും വിനോദപരിപാടികളുമാണ് കുട്ടികളെ ആകർഷിച്ചത്. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിനെക്കുറിച്ചുള്ള പ്രത്യേക ഡിജിറ്റൽ പ്രദർശനം കണ്ടാൽ യുഎഇ ചരിത്രം മുഴുവനും മനസിലാക്കാം. ഒട്ടക, കുതിര സവാരിയും ആസ്വദിക്കാൻ കുട്ടികൾ മത്സരിച്ചു.

uae-national-day-holiday-celebration1

മറക്കരുത്: മാസ്കും അകലം പാലിക്കലും

മാസ്ക് ധരിച്ചും അകലം പാലിച്ചും സുരക്ഷ ഉറപ്പാക്കണമെന്ന് അധികൃതർ ആവർത്തിച്ചു മുന്നറിയിപ്പു നൽകിയിരുന്നുവെങ്കിലും കളിയാവേശത്തിൽ കുട്ടികൾ അതെല്ലാം മറന്നു. ലേസർ ഷോയും നൃത്തം ചെയ്യുന്ന ജലധാരയും അടുത്തുനിന്നു കാണാനുള്ള തിടുക്കത്തിൽ അകലം പാലിക്കാൻ മുതിർന്നവരും മറുന്നുപോയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA