ADVERTISEMENT

അബുദാബി ∙ പ്രതീക്ഷകളുടെ മരുപ്പച്ച തേടിയാണ് ആളുകൾ പ്രവാസ ജീവിതം തിരഞ്ഞെടുക്കുന്നത്. ഒറ്റ നിമിഷം കൊണ്ട് ജീവിത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. അത്തരമൊരു വലിയ മാറ്റമാണ് കോട്ടയം ചെങ്ങളം മങ്ങാട്ട് സ്വദേശി ജോർജ് ജേക്കബിന് ലഭിച്ചത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം അബുദാബി ബിഗ് ടിക്കറ്റിലെ ഒന്നാം സമ്മാനം വീണ്ടും മലയാളിക്ക്. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 1.2 കോടി ദിർഹ (24.13 കോടി രൂപ)മാണ് 51കാരനായ ജോർജ് ജേക്കബിന് ലഭിച്ചത്. ഡ്രീം 12 മില്യൺ സീരീസ് 222ൽ 069402 എന്ന നമ്പറാണ് ഭാഗ്യം കൊണ്ടുവന്നത്. 

20 വർഷമായി യുഎഇയിലുള്ള ജോർജ് ജേക്കബ് ദുബായ് ഒമേഗ മെഡിക്കൽസ് മാനേജരായി ജോലി ചെയ്തുവരികയാണ്. രണ്ടു വർഷമായി തനിച്ചും കൂട്ടുകാർ ചേർന്നും ടിക്കറ്റെടുത്തുവരുന്നു. ഇത്തവണ തനിച്ചെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പ്രാർഥനയുടെ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു. ‘ബിഗ് ടിക്കറ്റിൽ നിന്നും റിച്ചാർഡ് വിളിക്കുമ്പോൾ ഞാൻ വാഹനം ഓടിക്കുകയായിരുന്നു. ഉടൻ തന്നെ വാഹനം റോഡിന് സമീപം നിർത്തി കാര്യങ്ങൾ കൃത്യമായി കേട്ടു. കുറേക്കാലമായി കാത്തിരുന്ന വാർത്തയാണ് അദ്ദേഹം പറഞ്ഞത്’–ജോർജ് ജേക്കബ് പറഞ്ഞു.

സമ്മാനമായി ലഭിച്ച തുക എന്തു ചെയ്യണമെന്നു കുടുംബാംഗങ്ങളുമായി ചർച്ച ചെയ്തു പിന്നീട് തീരുമാനിക്കും. കോടിപതിയായി എന്നു കരുതി ഈ രാജ്യം വിട്ടുപോകാൻ ഉദ്ദേശിക്കുന്നില്ലെന്നും ജോർജ് പറഞ്ഞു. വളരെ ബുദ്ധിമുട്ട് അനുഭവിച്ചു വളർന്നയാളാണെന്നും അതുകൊണ്ടുതന്നെ സമ്മാനത്തിൽനിന്ന് ഒരു വിഹിതം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു. 

ഭാര്യ ബിജി ജോർജ് (നഴ്സ്, റാഷിദ് ഹോസ്പിറ്റൽ), മക്കളായ ഡാലിയ ജോർജ്, ഡാനി ജോർജ് എന്നിവരോടൊപ്പം ദുബായിലാണ് താമസം. മക്കളുടെ ഭാവിയ്ക്ക് വേണ്ടി പണം ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജോർജിനെ കൂടാതെ 3 മലയാളികളടക്കം ഇന്ന് സമ്മാനം ലഭിച്ച അഞ്ചു പേരും ഇന്ത്യക്കാരാണ്. 40,000 മുതൽ 5 ലക്ഷം ദിർഹം വരെയാണ് ഇവർക്ക് സമ്മാനം ലഭിച്ചത്. അവിനാഷ് കുമാർ (500,000 ദിർഹം), സിദിഖ് അബ്ദുൽ ഖാദർ (100,000 ദിർഹം), സുനിൽ കുമാർ ശശിധരൻ നായർ (80,000 ദിർഹം), ഷൊഹൈബ് അക്തീർ (60,000 ദിർഹം), സഗീഷ്‍രാജ് (40,000) എന്നിവാണ് മറ്റു ഭാഗ്യവാന്‍മാർ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com