ADVERTISEMENT

മസ്‌കത്ത്∙ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം പതിനെട്ടാമത് "എന്റെ കേരളം എന്റെ മലയാളം വിജ്ഞാനോത്സവം" ഓണ്‍ലൈന്‍ ആയി സംഘടിപ്പിച്ചു. 

വയലാർ അവാർഡും കേരള സാഹിത്യ അക്കാദമി പുരസ്കാരവും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള കേരളത്തിലെ പ്രമുഖ കവിയും പത്രപ്രവർത്തകനുമായ ഏഴാച്ചേരി രാമചന്ദ്രനാണ് വിജ്ഞാനോത്സവം ഉദ്ഘാടനം ചെയ്തത്. 

കഥകളും കവിതകളും കൊണ്ട് സമ്പന്നമായിരുന്നു ഒരു ഭൂതകാലം നമ്മുടെ കുട്ടികൾക്ക് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ യന്ത്ര നാഗരികതയിലൂടെ സഞ്ചരിച്ച്, ചാനലുകളുടെ അടിമകളായി കുട്ടികൾ കൃത്രിമ സസ്യങ്ങളെ പോലെ ആയി മാറുന്നോ എന്ന സംശയം ഏഴാച്ചേരി പങ്കുവച്ചു.

കുട്ടികളുടെ സർഗ്ഗവാസന മനസ്സിലാക്കി അവരെ ആ വഴിയിലൂടെ നയിക്കാൻ അധ്യാപകർക്കും  രക്ഷിതാക്കൾക്കും സാധിക്കേണ്ടതുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ വായനയുടെ പ്രിയപ്പെട്ട അടിമകളായി കുഞ്ഞുങ്ങൾ മാറേണ്ടതുണ്ട്. അങ്ങനെ പരന്ന വായനയിലൂടെ, ശാസ്ത്രം നൽകിയ ചിറകുകളിലൂടെ സഞ്ചരിച്ച് അവർ ഉത്തമ പൗരന്മാരായി വളരട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിജ്ഞാനോൽത്സവമായി കരുതുന്ന ദേശാഭിമാനി  അക്ഷരമുറ്റം ക്വിസ് മത്സരത്തിന്റെ സംഘാടകരിൽ ഒരാളായ  രാജേഷ് മാസ്റ്റർ ആയിരുന്നു ഇത്തവണത്തെ ക്വിസ് നയിച്ചത്. 

ഒമാനിലെ 21 ഇന്ത്യന്‍ സ്കൂളുകളില്‍ നിന്നായി 1000ഓളം വിദ്യാര്‍ഥികള്‍ ഇത്തവണത്തെ വിജ്ഞാനോത്സവത്തിൽ പങ്കെടുത്തു. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മൂന്ന് ഘട്ടങ്ങളായി സംഘടിപ്പിച്ച മത്സരത്തിൽ, ജൂനിയര്‍ വിഭാഗത്തിൽ മബേല ഇന്ത്യൻ സ്കൂളിലെ അവന്തിക എസ്എസ് ഒന്നാം സ്ഥാനവും ദാർസൈറ്റ് ഇന്ത്യൻ സ്കൂളിലെ എസ് പൂർണ്ണശ്രീ രണ്ടാം സ്ഥാനവും മസ്ക്കറ്റ് ഇന്ത്യൻ സ്കൂളിലെ അനന്യ ബിനു നായർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.  സീനിയർ വിഭാഗത്തിൽ ഗോബ്ര ഇന്ത്യൻ സ്കൂളിലെ നിരഞ്ജൻ ജിതേഷ്കുമാർ ഒന്നാം സ്ഥാനവും ദാർസൈറ്റ് ഇന്ത്യൻ സ്കൂളിലെ നിവേദിത എ.ആർ രണ്ടാം സ്ഥാനവും അതെ സകൂളിലെ ലാവണ്യ രാജൻ, ഗംഗ കെ ഗിരീഷ് എന്നിവർ മൂന്നാംസ്ഥാനവും പങ്കിട്ടു. 

ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹ്യ വിഭാഗം സെക്രടറിയും ലോകകേരളസഭാ അംഗവും പ്രവാസി ക്ഷേമനിധി ഡയറക്ടറുമായ പി.എം. ജാബിർ പരിപാടിക്ക് ആശംസകൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com