ADVERTISEMENT

അബുദാബി∙ കഴിഞ്ഞ മാർച്ച് ഒന്നിനു മുൻപ് കാലാവധി അവസാനിച്ച വീസയുമായി യുഎഇയിൽ തുടരുന്ന താമസ, സന്ദർശക, ടൂറിസ്റ്റ് വീസക്കാർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാൻ അനുവദിച്ച സാവകാശം 31ന് തീരും.

3 ദിവസത്തിനകം നടപടികൾ പൂർത്തിയാക്കി രാജ്യം വിടാത്തവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഎ) അറിയിച്ചു. കോവിഡ് മൂലം അതിർത്തി അടച്ചതോടെ രാജ്യം വിടാൻ സാധിക്കാതിരുന്ന ഇവരക്ക് രാജ്യം വിടാൻ 10 മാസത്തെ സാവകാശമാണ് ലഭിച്ചത്.

ഇവരുടെ അനധികൃത താമസത്തിനുള്ള ‌പിഴയും ഒഴിവാക്കിയിട്ടുണ്ട്. പൊതുമാപ്പിനു സമാനമായ ഈ ആനുകൂല്യത്തിൽ രാജ്യം വിടുന്നവർക്ക് മറ്റൊരു വീസയിൽ തിരിച്ചുവരാം. നിക്ഷേപകരോ ഏതെങ്കിലും സ്ഥാപനത്തിന്റെ ബിസിനസ് പങ്കാളികളോ ആണെങ്കിൽ നിയമപരമായ നടപടികളും കേസുകളും പൂർത്തിയാക്കണം.

ഇക്കാര്യങ്ങൾ ഓർക്കാം

കുടുംബാംഗങ്ങൾ ഒന്നിച്ച് പോകണം

നിയമലംഘകരായി കഴിയുന്ന കുടുംബാംഗങ്ങൾ ഒന്നിച്ചാണ് രാജ്യം വിടേണ്ടത്. ഇവർ പാസ്പോർട്ടും വിമാന ടിക്കറ്റുമായി 4 മണിക്കൂർ മുൻപ് നേരിട്ട് എയർപോർട്ടിൽ എത്തണം.

6 മണിക്കൂർ മുൻപ്

അബുദാബി, ഷാർജ, റാസൽഖൈമ എന്നീ വിമാനത്താവളം വഴി രാജ്യം വിടുന്നവർ വിമാനം പുറപ്പെടുന്നതിനു 6 മണിക്കൂർ മുൻപ് എയർപോർട്ടിൽ എത്തണം.

ഡീപോർട്ടേഷൻ കേന്ദ്രത്തിൽ

ദുബായ് വിമാനത്താവളം വഴിയാണ് പോകുന്നതെങ്കിൽ യാത്രയ്ക്ക് 48 മണിക്കൂർ മുൻപ് ടെർമിനൽ രണ്ടിനു സമീപമുള്ള സിവിൽ ഏവിയേഷൻ സെക്യൂരിറ്റി സെന്ററിലെ  ഡീപോർട്ടേഷൻ സെന്ററിൽ ഹാജരായി നടപടി പൂർത്തിയാക്കണം.

ഇവർ പിഴ അടയ്ക്കണം

മാർച്ച് ഒന്നിനു ശേഷം വീസാ കാലാവധി അവസാനിച്ചവർ അനധികൃത താമസത്തിനുള്ള പിഴ അടച്ചാലേ രാജ്യംവിടാനൊക്കൂ.
തൊഴിൽ വീസാ കാലാവധി കഴിഞ്ഞവർ 250 ദിർഹം ഫീസിനു പുറമേ പ്രതിദിനം 25 ദിർഹമും എമിറേറ്റ്സ് ഐഡി പുതുക്കാത്തതിനു 20 ദിർഹമും അടയ്ക്കണം. സന്ദർശക വീസക്കാർക്ക് ആദ്യദിനം 200 ദിർഹമും പിന്നീടുള്ള ഓരോ ദിവസത്തിനും 100 ദിർഹം വീതവുമാണു പിഴ. വിവരങ്ങൾക്ക്: 800 453

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com