ദോഹ ∙ കത്താറ പൈതൃക കേന്ദ്രത്തിന്റെ ഏറ്റവും ജനകീയ പൈതൃക മേളകളിലൊന്നായ ഹലാൽ ഖത്തർ മേള ഫെബ്രുവരി 13ന് തുടങ്ങും.
തുടർച്ചയായ പത്താം വർഷമാണ് മേള നടത്തുന്നത്. കത്താറയുടെ തെക്കുഭാഗത്തുള്ള മഹാസീൽ സൂഖിനോടു ചേർന്നാണു മേള നടക്കുക. 13 മുതൽ 21 വരെ നടക്കുന്ന മേളയിൽ വ്യത്യസ്ത ഇനങ്ങളിലുള്ള സിറിയൻ, അറബ് ആടുകളുടെയും ചെമ്മരിയാടുകളുടെയും വിൽപന, ലേലം, പ്രദർശനം എന്നിവയെല്ലാമാണ് പ്രധാന പരിപാടികൾ. മുന്തിയ ഇനം ആടുകളുടെയും ചെമ്മരിയാടുകളുടെ സൗന്ദര്യമത്സരവും മേളയുടെ ആകർഷണങ്ങളിലൊന്നാണ്. കരകൗശല ഉൽപന്നങ്ങളും പരമ്പരാഗത ഭക്ഷണ ശീതള പാനീയങ്ങളുടെ വിൽപന ശാലകളുമെല്ലാം മേളയിൽ സജീവമാകും.

രാവിലെ 9.00 മുതൽ ഉച്ചയ്ക്കു 12.00 വരെയും ഉച്ചയ്ക്കു 3.00 മുതൽ രാത്രി 10.00 വരെയുമായിരിക്കും ഹലാൽ മേളയിലേക്കുള്ള പ്രവേശനം. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് മേള നടക്കുക.
മഹാസീൽ സൂഖിൽ തിരക്കു തന്നെ
പ്രാദേശിക ഉൽപന്നങ്ങളുടെ വിപണന മേളയായ മഹാസീൽ സൂഖ് വാരാന്ത്യങ്ങളിൽ മാത്രമാക്കിയെങ്കിലും സന്ദർശകരുടെ തിരക്കിനു കുറവില്ല.
കഴിഞ്ഞ വാരാന്ത്യത്തിലും പഴങ്ങളും പച്ചക്കറികളുമെല്ലാം വാങ്ങാൻ പ്രവാസികളും പൗരന്മാരും ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് സൂഖിലെത്തിയത്.
ഇരുപതിലധികം ഇനങ്ങളിലുള്ള പച്ചക്കറികളും പഴങ്ങളും കൂടാതെ പോൾട്രി, ക്ഷീര ഉൽപന്നങ്ങൾ, അലങ്കാരച്ചെടികൾ, ഔഷധ സസ്യങ്ങൾ, തേൻ എന്നിവയും മിതമായ നിരക്കിൽ സൂഖിൽ ലഭിക്കും.
വഴുതനങ്ങയും കാപ്‌സിക്കവും കിലോയ്ക്ക് 2.50 റിയാൽ വീതം, ഒരു കിലോ ഗ്രീൻ ബീൻസിന് 5 റിയാൽ, തക്കാളി കിലോയ്ക്ക് 3 റിയാൽ, പുതിനയില 11 റിയാൽ, 250 ഗ്രാമിന്റെ ഒരു പെട്ടി മഷ്‌റൂമിന് 5 റിയാൽ, തേൻ കിലോയ്ക്ക് 250 റിയാൽ, ഇഖ്‌ലാസ് ഇനത്തിലുള്ള ഈന്തപ്പഴത്തിന് 10 റിയാൽ എന്നിങ്ങനെയായിരുന്നു കഴിഞ്ഞ വാരാന്ത്യത്തിലെ വിലനിലവാരം.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ മാത്രമായി മാർച്ച് 31 വരെയാണ് സൂഖിന്റെ പ്രവർത്തനം.
വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ 9.00 മുതൽ രാത്രി 9.00 വരെയും വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 1.00 മുതൽ രാത്രി 9.00 വരെയുമാണ് പ്രവേശനം.