sections
MORE

സ്‌കൂളിലേക്കൊരു മടങ്ങിപ്പോക്ക്

school
SHARE

ദുബായ്∙മാതൃഭാഷ പോലെ പ്രാധാന്യമുള്ളതാണ് മാതൃവിദ്യാലയവും. ജീവിതമെന്ന വീടിന്റെ അടിത്തറ പാകുന്നതിവിടെയാണ്. മാതാപിതാക്കളിൽ നിന്നു കിട്ടുന്ന അറിവിനെ ആധികാരിതയിലേയ്ക്ക് മാറ്റുന്നതും അക്കങ്ങളെയും അക്ഷരങ്ങളെയും നൃത്തച്ചുവടുകളെയും പാട്ടിന്റെ ഈരടികളെയും ഓട്ടത്തിന്റെയും ചാട്ടത്തിന്റെയുമൊക്കെ ആദ്യ പാഠങ്ങൾ ആകുന്നു ആ അടിത്തറയുടെ ബലം. കോവിഡിനെ തുടർന്ന് അടച്ച വിദ്യാലയങ്ങൾ കേരളത്തിലും യുഎഇയിലും വീണ്ടും സജീവമാകാൻ തുടങ്ങുമ്പോൾ, ഷാർജയിൽ താമസിക്കുന്ന കോട്ടയം ഈരാറ്റുപേട്ട സ്വദേശി മഞ്ജു ദിനേശ് തന്റെ സ്കൂൾ ദിനങ്ങൾ ഓർക്കുകയാണിവിടെ:

''ആദ്യപാഠശാലയായ ഈരാറ്റുപേട്ടയിലെ അരുവിത്തുറ സെന്റ് മേരീസ് എൽപി സ്കൂളിലെ പൂർവ്വവിദ്യാർഥികളെ  ഉൾപ്പെടുത്തിയുള്ള  'എ ഡേ വിത്ത് സെൻറ്  മേരീസ്' എന്ന പരിപാടിയെപ്പറ്റി ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ സൗമ്യയിൽ നിന്നുമാണ് അറിഞ്ഞത്. അപ്പോൾ അറിയാതെ ഒന്നാം ക്ലാസ്സിൽ കരഞ്ഞു നിലവിളിച്ചെത്തിയ കുഞ്ഞു മഞ്ജുവായിത്തീർന്നു ഞാൻ.  ബാല്യകാലത്തിന്റെ വർണപ്രപഞ്ചം ചുറ്റും നൃത്തം വയ്ക്കുകയും ഭ്രമിപ്പിക്കുന്ന സ്‌മരണകൾ വിടർന്ന കുസുമത്തിലെ മാസ്മരിക ഗന്ധംപോലെ ചുറ്റിനിൽക്കുകയും ചെയ്‌തു. കുറെയേറെ മനോഹരമായ ഓർമകളും അനുഭവങ്ങളും  സമ്മാനിച്ച  മാതൃവിദ്യാലയത്തെപറ്റി സിസ്‌റ്ററിന്റെ ഇഷ്ടപ്രകാരം അഞ്ചു മിനിറ്റ്  വീഡിയോയിൽ ഗതകാലത്തേക്ക് ഞാൻ മുങ്ങാംകുഴിയിട്ടു.  

manju-family

കൊണ്ടൂർ എന്ന ഗ്രാമപ്രദേശത്തു നിന്നു വളരെ ദൂരം നടന്നും ജീപ്പിലും അച്ഛന്റെയും ചിറ്റപ്പന്മാരുടെയും ഒക്കത്തിരുന്നുമൊക്കെയാണ്  ഒന്നാം ക്ലാസിലേയ്ക്ക്  ഞാൻ കരഞ്ഞു കൊണ്ട് പൊയ്ക്കൊണ്ടിരുന്നത്. തിരികെ വിളിക്കാൻ അമ്മയോ ആന്റിയോ വരുന്നതുവരെ കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്ന എന്നെ ഒന്ന്-സിയിലെ ക്ലാസ് ടീച്ചർ മോളിക്കുട്ടി  മെരുക്കിയെടുത്തു. തുടർന്ന് ക്ലാസ് മോണിറ്റർ ഉത്തരവാദിത്വം കൂടി നൽകി എന്റെ മടിയെ മണിച്ചിത്രത്താഴിട്ടു പൂട്ടി.

ആങ്ങളമാരും കൂടെ സ്കൂളിൽ ചേർന്നപ്പോൾ ചേച്ചിയും കൂട്ടുകാരുമായി ഘോഷയാത്രകളായിരുന്നു സ്‌കൂളിലേക്കുള്ള വരവും പോക്കും. പുളിഞ്ചിയില ചെടിയുടെ മഞ്ഞപ്പൂവിന്റെ നടുക്കുള്ള ബ്രൗൺ നിറത്തിലുള്ള ഭാഗം ഹീറോ പേനയുടെ അടപ്പുകൊണ്ട് മുറിച്ചു പൊട്ടാക്കി തരും കൂടെയുള്ളോർ. കണ്ണിതുള്ളി പറിച്ചു കണ്ണിൽ വച്ചും കയ്യാലയുടെ മുകളിൽ നിന്ന് പൂവനേം പിടയെയും പറിച്ചു അങ്കം വെട്ടിയും വഴിയിൽ നിന്ന് മഷിത്തണ്ടുകൾ പറിച്ചും കാണുന്ന  പൂച്ചയെയും പട്ടിയെയും അങ്ങോട്ടുമിങ്ങോട്ടും ഓടിച്ചു തിമിർത്തു നടന്ന സുന്ദരകാലം.

കപ്യാരുടെ കടയിൽ നിന്ന് പഴംപൊരിയും ഉള്ളിവടയും ഡാൻസ് ക്ലാസ് ഉണ്ടെങ്കിൽ  വൈകിട്ട് അമ്മ വരുമ്പോൾ ഫ്ലാസ്കിൽ നല്ല ചൂട് ചായയും കപ്യാരുടെ കടയിൽ നിന്നും പഴംപൊരിയോ ഉള്ളിവടയോ ഉഴുന്ന് വടയോ ഉണ്ടാവും. തിരിച്ചു കിട്ടാത്ത ബാല്യത്തിന്റെ നിറമുള്ള ശേഷിപ്പുകൾ. ആനിവേഴ്സറിക്ക് രാത്രിവരെയും പരിപാടികൾ നീളും. എല്ലാ കുട്ടികളും തീർച്ചയായും ഒരു പരിപാടിക്കെങ്കിലും പങ്കെടുക്കും.  എന്റെ ഡാൻസ് കാണാൻ അച്ഛൻ വീട്ടുകാർ മുഴുവനും എത്തും. ഡാൻസ് കഴിഞ്ഞാൽ ചിറ്റപ്പൻ കോവിലിന്റെ അടുത്തുള്ള ബസ് കാത്തിരുപ്പു കേന്ദ്രത്തിലെ തട്ടുകടയിൽനിന്ന് ചൂട് ഓംലറ്റ് വാങ്ങിത്തരും. അതും രുചിയുള്ള ഓർമകൾ.

വൈദ്യുതി കമ്പി പൊട്ടിവീണ നടുക്കുന്ന ഓർമ

ഒരിക്കൽ  ഇടിവെട്ടും മഴയുമുള്ള നാലുമണിക്ക് വഴിയുടെ നടുവിൽ ആരുമില്ലാതെ ഞാനും അമ്മയും ഭയപ്പാടോടെ നിന്നപ്പോൾ ഒരു മരം വന്നു  മുന്നിലേയ്ക്കു വീണതും വൈദ്യുതി കമ്പി പൊട്ടിയതുമൊക്കെ ഇന്നും നടുക്കുന്ന ഓർമയാണ്.  ഉച്ചയ്ക്ക് സ്‌കൂളിന്റെ വലിയ മുറ്റത്തു ആങ്ങളമാരും കൂട്ടുകാരുമായി വട്ടത്തിലിരുന്നു ഊണ് കഴിക്കുന്നതും മഴവെള്ളത്തിൽ ചോറ്റു പാത്രം കഴുകുന്നതും, കുട്ട്യപ്പൻ എന്ന ഭ്രാന്തൻ വരുമ്പോ ഓടിയൊളിക്കുന്നതും, ഉച്ചക്കഞ്ഞി കുടിക്കുന്ന കുട്ടികളെ കൊതിയോടെ നോക്കി നിന്നതും, ആദ്യമായി ഇംഗ്ലീഷ് അക്ഷരമാല നാലാം ക്ലാസ്സിൽ വച്ച് പഠിച്ച് വീട്ടുകാരെ കേൾപ്പിച്ചതും, പരീക്ഷയിടുമ്പോൾ പുറത്തു നിൽക്കുന്ന  അമ്മ ചോദ്യങ്ങൾ മുഴുവൻ  നോട്ട് ബുക്കിലാക്കി വീട്ടിലേക് പോകും വഴി അവ ചോദിച്ചു തൃപ്തിയടയുന്നതും, ചിക്കൻ പോക്സ് വീട്ടിൽ എല്ലാവർക്കു വന്നപ്പോൾ  തറവാട്ടിൽ ആക്കിയതും, പ്രാർഥിച്ച് എനിക്കും ചിക്കൻ പോക്സ് വരുത്തിയതും ഇന്നലെയെന്നോണം  മായാത്ത മുദ്രകൾ ചാർത്തിയങ്ങനെ മനസ്സിൻറെ മഞ്ചലിൽ ചാഞ്ചാടുന്നുണ്ട്. 

യാത്ര സിനിമ കണ്ട് കരഞ്ഞുപോയ കാലം

രണ്ട്-സിയിലെ ലൂസിക്കുട്ടി ടീച്ചർ, മൂന്ന്-സിയിൽ പഠിപ്പിക്കുന്നതിനിടയിൽ  മരണപ്പെട്ട സിസ്റ്റർ ബെന്നറ്റ്,  നാല്-സിയിലെ സിസ്റ്റർ മദെല്ല, ഒരിക്കലും പഠിപ്പിച്ചിട്ടില്ലെയെങ്കിലും ഒരുപാട് സ്നേഹം തോന്നിപ്പിച്ച ഹെഡ്മിസ്ട്രസ് സിസ്റ്റർ മരിയ, ഡാൻസ് ആദ്യമായി പഠിപ്പിച്ച രാധാമണി-ദാസ് ടീച്ചർ, രവീന്ദ്രൻ സർ ഇവരെയൊക്കെ  ഇപ്പോളും  ഓർക്കണമെങ്കിൽ അവർ നമ്മളിൽ ചെലുത്തിയ സ്വാധീനം ഊഹിക്കാമല്ലോ.  ആദ്യമായി ചിലങ്കയണിഞ്ഞതും പാട്ടു പാടിയതും  പരീക്ഷയെഴുതിയതും ടൂർ പോയതും വലിയ സ്‌ക്രീനിൽ സ്കൂളിലെ മുഴുവൻ കൂട്ടുകാരുമൊത്തു 'യാത്ര' എന്ന സിനിമ കണ്ടു കരഞ്ഞതും  സ്കോളർഷിപ് കിട്ടിയതും സർട്ടിഫിക്കറ്റുകളും പാത്രങ്ങളും സമ്മാനം കിട്ടിയതും ജീവിതത്തിൽ എങ്ങനെ വിസ്മരിക്കും? 

‌ഞാനെന്ന വായാടിയെ കൊണ്ടുതോറ്റ അധ്യാപികമാർ ഇരിപ്പിടം ആൺകുട്ടികളുടെ ഇടയിലേയ്ക്ക് മാറ്റുകയും അതിൽ നിന്നും രക്ഷയില്ലാതെ സ്ഥിരം മോണിറ്റർ എന്ന പദവിയിലേക്ക് ഒരു ശിക്ഷപോലെ തന്നതും  ഇപ്പോളും ഓർക്കുന്നു.  പെൺകുട്ടികളുടെ പച്ചയും ക്രീമും, ആൺകുട്ടികളുടെ നേവി ബ്ലൂവും ക്രീമും യൂണിഫോം, പ്രത്യേക ഷേപ്പ് ഉള്ള കിണർ, ചക്കര പുളി, കൊടിമരം, സ്റ്റെപ്പുകൾ, ഓഫീസ് റൂം, സ്റ്റേജ്, നഴ്സറികുട്ടികളുടെ കളിക്കോപ്പുകൾ, സ്റ്റെപ്പിനോട് ചേർന്നിരിക്കുന്ന സ്റ്റുഡിയോ, അടുത്തുള്ള  പോസ്റ്റ് ഓഫീസ്, പൊട്ടക്കുളം, ചക്കി ലേഡീസ് സ്റ്റോർ, അരുവിത്തുറ വല്യച്ചനും പള്ളിയും ഇതൊക്കെ നാലു വർഷത്തെ ബാല്യത്തിന് തിരുശേഷിപ്പുകളാണ്. പിന്നീട് പല വിദ്യാലയങ്ങളിൽ പഠിച്ചിട്ടും ഈ സ്കൂളിനോടുള്ള സ്നേഹം കുറയാത്തതിന് ഇതൊക്കെയാണ് കാരണം.  

 മന്ത്രിയെ അദ്ഭുതപ്പെടുത്തിയ വിദ്യാലയം

ഇന്ന് ഒരുപാട് ഉയരങ്ങളിൽ എത്തി, കേരളത്തിലെ മികച്ച സ്കൂളുകളിലൊന്നായി  ഞങ്ങളുടെ കൊച്ചു വിദ്യാലയം  മാറുന്നത് ഒരുപാട് സന്തോഷവും അഭിമാനവും നൽകുന്നു. വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്  പറഞ്ഞത് സെൻറ് മേരീസ് സ്കൂൾ അദ്ദേഹത്തെ  എന്നും അദ്ഭുതപ്പെടുത്തുന്നുവെന്നാണ്. ഇംഗ്ലീഷ്-മലയാളം മീഡിയവും  കുഞ്ഞുകുട്ടികളുടെ കലാകായിക പഠന മികവും അധ്യാപകരുടെ പരിശ്രമവും ഹെഡ് മിസ്ട്രസ് സിസ്റ്റർ സൗമ്യയുടെ ആത്മാർഥതയും നൂതനവും രസകരവുമായ ആശയങ്ങളും ഫാദർ അഗസ്റ്റിൻ പാലക്കാപറമ്പിലിന്റെ  സേവനങ്ങളും സ്കൂളിന്റെ യശസ്സ് ഉയർത്താൻ എന്നും സഹായിക്കും

‘എ ഡേ വിത്ത് സെൻറ് മേരീസ്' പരിപാടിയിൽ ജീവിതത്തിന്റെ പല മേഖലകളിൽ നിന്നുള്ളവർ സന്തോഷത്തോടെ പങ്കെടുക്കുകയും അനുഭവങ്ങൾ, ജീവിതവിജയത്തിന്റെ പാഠങ്ങൾ ഒക്കെ കുഞ്ഞുകൂട്ടുകാർക്കായി പറഞ്ഞു കൊടുക്കുകയും അവയൊക്കെ ഭാവിയിലെ വാഗ്ദാനങ്ങൾക്കൊരു മുതൽക്കൂട്ട് ആകുമെന്നുള്ളതിൽ സംശയമേതുമില്ല.  ഒരിക്കലും നഷ്ടപ്പെടുത്താതെ ഓർമയുടെ പുസ്തകത്താളുകളിൽ എന്നും ഒളിപ്പിച്ചു വയ്ക്കുവാൻ ആഗ്രഹിച്ചു പോവുകയാണ് ബാല്യത്തിന്റെ ഈ മയിൽപീലിത്തുണ്ടുകൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA