ADVERTISEMENT

ദോഹ∙രാജ്യത്തിന്റെ പടിഞ്ഞാറൻ പ്രദേശമായ അസെയ്‌ലയിൽ ചരിത്രാവശിഷ്ടങ്ങൾ കണ്ടെത്തി. ഉം ബാബിന്റെ 12 കിലോമീറ്റർ കിഴക്കുള്ള അസെയ്‌ല, ഏറ്റവും പഴയ പുരാവസ്തു മേഖലകളിലൊന്നായാണ് അറിയപ്പെടുന്നത്. അസെയ്‌ലയിലെ 300 ബിസിഇയ്ക്കും 300 സിഇയ്ക്കും ഇടയിൽ പഴക്കമുള്ള ശ്മശാന കുന്നുകളിൽ ഖത്തർ മ്യൂസിയത്തിലെ പുരാവസ്തു വകുപ്പ്  നടത്തിയ പ്രാഥമിക ഖനനത്തിലാണു ചരിത്രാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ശ്മശാന കുന്നുകളിലെ വലിയ കല്ലറകളിൽ പ്രധാനപ്പെട്ട വ്യക്തികളെ സൂക്ഷമതയോടെ അടക്കം ചെയ്തിരിക്കുന്നതിന്റെ അവശിഷ്ടങ്ങളും മൃതദേഹങ്ങൾക്കൊപ്പം അടക്കം ചെയ്തിരിക്കുന്ന വാൾ, ലോഹ ഉപകരണങ്ങൾ, സ്വർണ കമ്മലുകൾ തുടങ്ങിയ സ്വകാര്യ വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. 

doha-asaila-2
മൃതദേഹത്തിനൊപ്പം അടക്കം ചെയ്ത ആഭരണങ്ങളിൽ ചിലത്‌.

കുഴിമാടങ്ങളിൽ ഒന്നിനോടു ചേർന്നു സ്ഥാപിച്ചിരിക്കുന്ന കല്ലറയിൽ നിന്ന് ഒട്ടകത്തെയും കുഞ്ഞിനെയും അടക്കിയിരിക്കുന്നതിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. മനുഷ്യന്റെ അവശിഷ്ടങ്ങൾ വിശദമായ പാലിയോ ആന്ത്രോപോളജി, തന്മാത്രാ പഠനവിലയിരുത്തലുകൾക്കും വിധേയമാക്കും. പുരാതന കാലത്ത് മേഖലയിൽ ജീവിച്ചിരുന്ന ആളുകളുടെ ഭക്ഷണരീതികളും കുടിയേറ്റവും മനസ്സിലാക്കാൻ ലക്ഷ്യമിട്ടുള്ള പഠനത്തിന്റെ ഭാഗമാണു ഖനനം. അസെയ്‌ലയിൽ ഇനിയും കണ്ടുപിടിക്കാത്ത പുരാവസ്തു അവശിഷ്ടങ്ങൾ ധാരാളമുണ്ടെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com