ADVERTISEMENT

ദുബായ്∙ വടക്കൻ എമിറേറ്റുകളിൽ കോവിഡ് വാക്സീൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വൻവർധന. ലേബർ ക്യാംപുകളിൽ നിന്നെത്തുന്നവരുടെ എണ്ണവും കൂടിയതോടെ കേന്ദ്രങ്ങളിൽ പ്രത്യേക  ക്രമീകരണം ഏർപ്പെടുത്തി.  അജ്മാൻ ഇന്ത്യൻ അസോസിയേഷൻ വാക്സിനേഷൻ കേന്ദ്രത്തിൽ 1,000 മുതൽ 1,500 പേർ വരെ പ്രതിദിനം എത്തുന്നു. ഏറ്റവും വലിയ വാക്സീൻ കേന്ദ്രങ്ങളിലൊന്നായ ഇവിടെ  5 ബൂത്തുകളാണുള്ളത്. എമിറേറ്റ്സ് ഐഡിയുമായി എത്തിയാൽ 20 മിനിറ്റിനകം  നടപടിക്രമങ്ങൾ പൂർത്തിയാക്കാം.

മുതിർന്ന പൗരന്മാർ, വനിതകൾ, അധ്യാപകർ, സ്കൂൾ ജീവനക്കാർ തുടങ്ങിയവർക്ക് പ്രത്യേക ബൂത്ത് സജ്ജമാണ്. 105  സൗജന്യ വാക്സീൻ കേന്ദ്രങ്ങളാണുള്ളത്. 

കുത്തിവയ്പ് രാത്രി 10 വരെ

തിരക്കു കൂടിയതോടെ രാവിലെ 7.30 മുതൽ   രാത്രി 10 വരെ സൗകര്യമൊരുക്കിയതായി അജ്മാൻ ഇന്ത്യൻ  അസോസിയേഷൻ പ്രസിഡന്റ് അബ്ദുൽ സലാഹ് പറഞ്ഞു. വെള്ളിയാഴ്ചകളിൽ ഉച്ചകഴിഞ്ഞ് 3 മുതൽ 10 വരെ. യുഎഇയിൽ സ്വദേശികളും വിദേശികളുമായ 13 ലക്ഷത്തോളം പേർ ഇതുവരെ വാക്സീൻ സ്വീകരിച്ചു. ആരോഗ്യപ്രവർത്തകർ, സൈനികർ, പൊലീസ്, തുടങ്ങിയവർക്ക് സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലായി വാക്സീൻ നൽകി. കഴിഞ്ഞ മാസമാണ് പൊതുജനങ്ങൾക്ക് നൽകിത്തുടങ്ങിയത്. കോവിഡ് പരിശോധനകളും ഊർജിതമാക്കി.

വെബ്സൈറ്റ് നോക്കി വാക്സീൻ കേന്ദ്രങ്ങളറിയാം

യുഎഇ ആരോഗ്യമന്ത്രാലയം വെബ്സൈറ്റിലും സമൂഹമാധ്യമ അക്കൗണ്ടിലും വാക്സിനേഷൻ കേന്ദ്രങ്ങളുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സർക്കാർ- സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും വാക്സീൻ  സ്വീകരിക്കാനാകും. ലേബർ ക്യാംപുകൾ, വൻകിട കമ്പനികൾ, ആരാധനാലയങ്ങൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ സഞ്ചരിക്കുന്ന ക്ലിനിക് എത്തി  വാക്സീൻ നൽകുന്ന പദ്ധതിയും തുടങ്ങി. 

വിതരണ കേന്ദ്രമാകാൻ യുഎഇ

വിവിധ രാജ്യങ്ങളിൽ നിർമിക്കുന്ന വാക്സീൻ ശേഖരിച്ച് മതിയായ താപനിലയിൽ സൂക്ഷിച്ച് മറ്റു രാജ്യങ്ങളിൽ എത്തിക്കാനുള്ള ദൗത്യവും യുഎഇ ഏറ്റെടുത്തിട്ടുണ്ട്. ഇതിനായി രൂപീകരിച്ച ഹോപ് കൺസോർഷ്യം ഈ വർഷം അവസാനത്തോടെ 1,800 കോടി ഡോസ് വാക്സീൻ വിതരണം ചെയ്യുമെന്നാണ് റിപ്പോർട്ട്.

നടപടികൾ ലളിതം

  • വാക്സീൻ കേന്ദ്രത്തിൽ നൽകുന്ന 3 ഫോമുകളിൽ  മൊബൈൽ നമ്പർ, രോഗവിവരങ്ങൾ തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തണം.
  • രക്തസമ്മർദവും മറ്റും പരിശോധിക്കും. ഇതു വിലയിരുത്തി അനുമതി ലഭിക്കും. 
  • വാക്സീൻ എടുത്തശേഷം 15 മിനിറ്റ് കൂടി കേന്ദ്രത്തിൽ ഇരിക്കണം. ഹെൽത്ത് അതോറിറ്റിയുടെ ലിങ്ക് മൊബൈൽ ഫോണിൽ തുറന്ന്  ഡോസ് സ്വീകരിച്ചെന്ന  സർട്ടിഫിക്കറ്റ് ഡൗൺ ലോഡ് ചെയ്യാം.  
  • 21 ദിവസത്തിനുശേഷം അടുത്ത ഡോസ് എടുക്കണം.

അസ്വസ്ഥതകളില്ല,  ആശങ്ക വേണ്ട

വാക്സീൻ എടുത്ത അന്നു തന്നെ ജോലിക്കു പോയതായി ലേബർ ക്യാംപുകളിൽ താമസിക്കുന്ന കണ്ണൂർ സ്വദേശികളായ ലിജേഷ്, പ്രജീഷ് എന്നിവർ പറഞ്ഞു. ക്ഷീണമോ മറ്റ് അസ്വസ്ഥതകളോ   ഉണ്ടായില്ല. 2 ദിവസം കഴിഞ്ഞാൽ അടുത്തഡോസ് എടുക്കണം. വാക്സീൻ എടുക്കാൻ പേടിയുണ്ടായിരുന്നെങ്കിലും ഇപ്പോൾ ആത്മവിശ്വാസം കൂടി. ഒട്ടും വൈകാതെ എല്ലാവരും വാക്സീൻ എടുക്കണമെന്നാണ് ഇവരുടെ അഭിപ്രായം.

ദുബായ്  വിമാനത്താവളത്തിൽ ഫാർമസിസ്റ്റ് ആയ തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശി ആർ. ഹരിലാൽ, ഭാര്യയും ഫാർമസിസ്റ്റുമായ പ്രീതയും ആദ്യ ഡോസ് വാക്സീൻ എടുത്തു. നേരിയ അസ്വസ്ഥത പോലും ഉണ്ടായില്ല. ഏതുരംഗത്തു ജോലി  ചെയ്യുന്നവരായാലും കഴിയും വേഗം വാക്സീൻ എടുക്കുന്നതാണു സുരക്ഷിതമെന്നും പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com