ADVERTISEMENT

ദോഹ∙വരും മാസങ്ങളിൽ ബുദ്ധിമുട്ടില്ലാതെ ഉംറ നിർവഹിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ വിശ്വാസി സമൂഹം. യാത്രാനുമതി കാത്ത് ട്രാവൽ ഏജൻസികളും. 

ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങൾ ഏർപ്പെടുത്തിയ മൂന്നര വർഷത്തെ ഉപരോധം പിൻവലിച്ചതോടെയാണ് സ്വദേശികളും പ്രവാസികളും ഉൾപ്പെടുന്ന വിശ്വാസ സമൂഹം വീണ്ടും പ്രതീക്ഷയോടെ ഉംറയ്ക്കു തയാറെടുക്കുന്നത്. സൗദി-ഖത്തർ കര അതിർത്തിയായ അബു സമ്ര (സൽവ)യിലൂടെ റോഡ് യാത്രയും ഇരു രാജ്യങ്ങൾക്കുമിടയിലുള്ള വിമാന യാത്രയും സജീവമായിക്കഴിഞ്ഞു.

സൗദി എംബസി തുറക്കണം

പ്രവാസികൾക്ക്  ഉംറയ്ക്കു സൗദിയിലേക്ക് പോകണമെങ്കിൽ വീസ അനിവാര്യം. വീസ ലഭിക്കണമെങ്കിൽ ദോഹയിലെ സൗദി എംബസി വീണ്ടും പ്രവർത്തന സജ്ജമാകണം.സൗദി കോൺസുലർ സേവനങ്ങൾ തുടങ്ങുന്നതനുസരിച്ചേ ഉംറ വീസ ലഭിക്കൂ. അധികം താമസിയാതെ ദോഹയിലെ സൗദി എംബസിയുടെ പ്രവർത്തനം പുനരാരംഭിക്കുമെന്നാണു പ്രതീക്ഷ.  

അനുമതി കാത്ത് ഏജൻസികൾ

ഉംറയ്ക്ക് എന്നു പോകാൻ കഴിയുമെന്ന് അന്വേഷിച്ച് ധാരാളം അന്വേഷണം എത്തുന്നുണ്ടെന്ന് ദോഹയിലെ ട്രാവൽ ഏജൻസികൾ വ്യക്തമാക്കി. ഉംറ യാത്രാ സർവീസുകൾക്കുള്ള അനുമതി തേടുന്നതിന്റെ തിരക്കിലാണ് ട്രാവൽ ഏജൻസികളും. ഹോട്ടൽ ബുക്കിങ് ഉൾപ്പെടെയുള്ളവ പൂർത്തിയാക്കിയ ശേഷമേ വീസ ലഭിക്കുകയുള്ളു.

 സൗദി കോൺസുലർ സേവനം തുടങ്ങുന്നതു പ്രകാരം അനുമതികളും വേഗത്തിൽ ലഭിക്കും.  മൂന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം ഉംറ, ഹജ് യാത്രകൾക്കായി വീസ, ടിക്കറ്റ്, താമസം ഉൾപ്പെടെയുള്ള മികച്ച യാത്രാ പാക്കേജും ഏജൻസികൾ തയാറാക്കി തുടങ്ങി. 4,500 റിയാൽ മുതലുള്ള യാത്രാ പാക്കേജുകളാണ് ലഭിക്കുക.  യാത്രക്കാരുടെ ആരോഗ്യ സുരക്ഷയും ഉറപ്പാക്കേണ്ടതുണ്ട്.

flight-doha

റോഡ് മാർഗവും വിമാനത്തിലും പോകാം

സൗദിയിലേക്ക് വിമാനത്തിൽ പോകാം. അല്ലെങ്കിൽ അബു സമ്ര കര അതിർത്തിയിലൂടെ റോഡ് മാർഗവും യാത്ര എളുപ്പം. വിമാനത്തിൽ  ഒന്നര മണിക്കൂറാണു യാത്രാ സമയം. ടിക്കറ്റ്, വീസ, പാസ്‌പോർട്ട് തുടങ്ങിയ രേഖകളെല്ലാം നിർബന്ധം. റോഡ് മാർഗമാണെങ്കിലും പ്രവാസികൾക്ക് വീസ വേണം. 

സ്വന്തം വാഹനത്തിലാണ് പോകുന്നതെങ്കിൽ അതിർത്തി കടക്കാൻ വാഹനത്തിനും പെർമിറ്റ് വേണം. അബു സമ്ര അതിർത്തിയിലെ ഇമിഗ്രേഷനിൽ വീസ, ഖത്തർ ഐഡി, വാഹനത്തിന്റെ പെർമിറ്റ്, മടങ്ങിയെത്തുമ്പോഴുള്ള ഹോട്ടൽ ക്വാറന്റീൻ ബുക്കിങ് രേഖ തുടങ്ങി എല്ലാ രേഖകളും കാണിക്കണം. 

ഖത്തറിന്റെ അബു സമ്ര അതിർത്തിയിൽ നിന്നു സൗദിയുടെ സൽവ അതിർത്തിയിലേക്ക് എത്താൻ ഏകദേശം ഒന്നര മണിക്കൂർ സമയം മതി. പക്ഷേ, സൗദി അതിർത്തിയിൽ പ്രവേശിച്ച് മക്കയിലേക്ക് പോകാൻ കുറഞ്ഞത് 12-13 മണിക്കൂർ വേണ്ടി വരും.അബു സമ്രയിൽ നിന്നും ഏകദേശം 1,400 കിലോമീറ്ററുണ്ട് മക്കയിലേക്ക്. ഉംറ യാത്രക്കാർക്കായി ട്രാവൽ ഏജൻസികളുടെ  വലിയ ബസുകളും ഉണ്ടാകും. 

കോവിഡ് നിയന്ത്രണം തടസ്സമാകുമോ?

കോവിഡ് നിയന്ത്രണങ്ങളും മുൻകരുതൽ നടപടികളും പ്രാബല്യത്തിലുള്ളതിനാൽ നിലവിലെ പ്രവേശന വ്യവസ്ഥകൾ അനുസരിച്ച് രാജ്യത്തിന് പുറത്തു പോയി മടങ്ങിയെത്തുന്നവർ ദോഹയിലെത്തി ഒരാഴ്ച സ്വന്തം ചെലവിൽ ഹോട്ടൽ ക്വാറന്റീനിൽ കഴിയണം. 

രാജ്യത്തിനു പുറത്തു പോകുമ്പോൾ തന്നെ എക്‌സപ്ഷണൽ റീ എൻട്രി പെർമിറ്റ് ലഭിക്കുമെന്നതിനാൽ അക്കാര്യത്തിൽ ആശങ്ക വേണ്ട. കര മാർഗം സൗദിയിലേക്ക് പോകണമെങ്കിൽ തിരികെ എത്തുമ്പോൾ ക്വാറന്റീനിൽ കഴിയുന്നതിനുള്ള ഹോട്ടൽ ബുക്കിങ്   രേഖയും കാണിക്കണം. 

ഒരാൾക്ക് 7 ദിവസം ഹോട്ടലിൽ കഴിയാൻ 1,950 റിയാൽ മുതലാണു നിരക്ക്. നാലു പേരടങ്ങുന്ന ഒരു കുടുംബത്തിനു ക്വാറന്റീൻ ചെലവ് മാത്രം 5,000 റിയാലിൽ കൂടും. യാത്രാച്ചെലവിന് പുറമേ നല്ലൊരു തുക ക്വാറന്റീനിൽ കഴിയാനും വേണ്ടി വരുമെന്നതിനാൽ ശരാശരി പ്രവാസിക്ക് ഉംറ നിർവഹിക്കുക ഇത്തവണ ബുദ്ധിമുട്ടായേക്കും. 

അതേസമയം ഉംറയ്ക്കു പോകുന്നവർക്ക് ക്വാറന്റീൻ വ്യവസ്ഥകളിൽ പൊതുജനാരോഗ്യ മന്ത്രാലയം ഇളവു നൽകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com