sections
MORE

ബജറ്റ്: എതിർത്തും തടുത്തും പ്രവാസി സംഘടനകൾ

budget-general-image-2
SHARE

അബുദാബി∙ പ്രവാസി ക്ഷേമത്തിനും പുനരധിവാസത്തിനും ഊന്നൽ നൽകിയുള്ള ബജറ്റാണെന്ന് ഇടതുപക്ഷ സംഘടനകൾ. പൊള്ളയായ വാഗ്ദാനങ്ങളുടെ ആവർത്തനത്തിലൂടെ പ്രവാസികളെ വീണ്ടും വഞ്ചിച്ചെന്നു വലതുപക്ഷ സംഘടനകൾ. ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ പ്രവാസി പരാമർശങ്ങളോട് ഗൾഫ് മലയാളികൾക്കു സമ്മിശ്ര പ്രതികരണം.

പ്രവാസികളെയും പരിഗണിച്ചു

തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനും തൊഴിൽ നൈപുണ്യത്തിനുമായി 100 കോടി വകയിരുത്തിയത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പ്രവാസി ക്ഷേമ പെൻഷൻ 3500 രൂപയാക്കി വർധിപ്പിച്ചു. എല്ലാ ജനവിഭാഗങ്ങളെയും പോലെ പ്രവാസികളെയും ബജറ്റിൽ പരിഗണിച്ചത് സ്വാഗതാർഹം-വി.പി കൃഷ്ണകുമാർ പ്രസിഡന്റ്, കേരള സോഷ്യൽ സെന്റർ

കരുതലിന്റെ വിളംബരം

പ്രവാസികളോടുള്ള ഇടതു സർക്കാരിന്റെ കരുതലിന്റെ വിളംബരമാണ് ബജറ്റ്. സമസ്ത മേഖലകൾക്കും ആശ്വാസം പകരുന്നു. പ്രവാസി സംരക്ഷണത്തിനും ബജറ്റിൽ ധാരാളം പദ്ധതികളുണ്ട്-റോയ് ഐ. വർഗീസ്, അസി. സെക്രട്ടറി യുഎഇ യുവകലാസാഹിതി

വാഗ്ദാനങ്ങൾ പൊള്ള

തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്ക് 6 മാസത്തെ ശമ്പളം നൽകും എന്നതടക്കം പ്രഖ്യാപിച്ച ഒന്നും തന്നെ നടപ്പാക്കാത്ത സർക്കാരാണ് കൂടുതൽ വാഗ്ദാനം നല്‍കി കബളിപ്പിക്കുന്നത്. ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയവരെ  പുനരധിവസിപ്പിക്കാനുള്ള ഒരു പദ്ധതിയും പ്രഖ്യാപിച്ചിട്ടില്ല-നിബു സാം ഫിലിപ്പ്, ഇൻകാസ് അബുദാബി ട്രഷറർ

പെൻഷൻ സുതാര്യമാക്കണം

ക്ഷേമനിധി പെൻഷൻ വർധിപ്പിച്ചതും പുനരധിവാസ പദ്ധതിക്കു 100 കോടി വകയിരുത്തിയതും സ്വാഗതാർഹം. അർഹരായവർക്ക് അവ ലഭ്യമാക്കാനുള്ള സുതാര്യ നടപടിയുണ്ടാകണം- ജോജോ അമ്പൂക്കൻ, ജന. സെക്രട്ടറി ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ, അബുദാബി

കണ്ണിൽ പൊടിയിടുന്നു

പ്രവാസി തൊഴിൽ പദ്ധതിക്കു 100 കോടി വകയിരുത്തിയതു പ്രവാസികളുടെ കണ്ണിൽ പൊടിയിടൽ മാത്രം. സർക്കാർ നാട്ടില തിരിച്ചെത്തിയ 60% പേരെ കണ്ടില്ലെന്നു നടിക്കുന്നു. മുഖ്യമന്ത്രി ദുബായിലെ പൊതുസമ്മേളനത്തിൽ മലയാളികളോട് പ്രഖ്യാപിച്ച കാര്യങ്ങൾ നടപ്പിലാക്കാൻ ശ്രമമുണ്ടാകണം-പ്രസാദ്, ജനറൽ സെക്രട്ടറി, ഇന്ത്യൻ പീപ്പിൾസ് ഫോറം (ഐപിഎഫ്)

ആത്മവിശ്വാസം പകരുന്ന ബജറ്റ്

പ്രവാസിക്ഷേമത്തിനായി ബജറ്റിൽ 100 കോടി രൂപ വകയിരുത്തിയത് ആത്മവിശ്വാസം പകരും. ജോലി നഷ്ടപ്പെട്ടു തിരികെ വരുന്നവരെ സംരക്ഷിക്കാനുള്ള തീരുമാനം സ്വാഗതാർഹം. പ്രവാസികളുടെ തൊഴിൽ നൈപുണ്യം ഉപയോഗപ്പെടുത്താൻ അവസരമൊരുക്കുന്നത് സംസ്ഥാനത്തിനു ഗുണകരമാകും.പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്കു ഗുണകരമാകുകയും ചെയ്യും-അദീബ് അഹമ്മദ്, എംഡി, ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ്

വ്യവസായ മേഖലയ്ക്ക് പരിഗണനയില്ല

സാമൂഹിക-സാമ്പത്തിക മേഖലയെ കൈപിടിച്ചുയർത്തുന്ന ചില പ്രഖ്യാപനങ്ങളുണ്ടെങ്കിലും വ്യവസായ മേഖലയ്ക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ല. കേരളത്തിൽ ഉൽപന്നങ്ങൾ നിർമിച്ച് വിദേശത്തേക്കു കയറ്റി അയയ്ക്കണം. സ്വർണ-വജ്ര ആഭരണങ്ങളുടെ കാര്യത്തിൽ കേരളത്തിന്റെ സംഭാവന കുറവാണ്. കേരളത്തിലെ സ്വകാര്യ മേഖലയിൽ ആഭരണ നിർമാണത്തിന് ആവശ്യമായ സഹായം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം-ഷംലാൽ അഹമ്മദ്, എംഡി (ഇന്റർനാഷനൽ ഓപ്പറേഷൻസ്), മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്

ഗൾഫിലെ അവസരം ഉപയോഗപ്പെടുത്തണം

ഗൾഫിലെ തൊഴിലവസരങ്ങൾ ഉപയോഗപ്പെടുത്താനുള്ള പദ്ധതികൾ നോർക്കയുടെയും മറ്റും സഹകരണത്തോടെ ആവിഷ്കരിക്കണം. ദുബായ് എക്സ്പോയും ഖത്തറിലെ ഫിഫ ലോകകപ്പും ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കും-പി.കെ.സജിത് കുമാർ, സിഇഒ, എംഡി, ഐബിഎംസി

ബജറ്റ് സ്വാഗതാർഹം

വിവിധ മേഖലകളിലെ 8 ലക്ഷത്തിലധികം ആളുകൾക്കു തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ച വിവിധ പദ്ധതികൾ പ്രശംസനീയം. സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കായി ക്ഷേമ നടപടികൾ പ്രഖ്യാപിച്ചതും ആരോഗ്യമേഖലയെ പ്രത്യേകം ശ്രദ്ധിച്ചതും കൂടാതെ പ്രവാസി മലയാളികൾക്കു മികച്ച പരിഗണന നൽകിയതും അഭിനന്ദനം അർഹിക്കുന്നു-ഡോ. ആസാദ് മൂപ്പൻ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ

പെൻഷൻ വർധന ആശ്വാസകരം

പ്രവാസി പെൻഷൻ തുക 2,000 രൂപയിൽ നിന്നും 3,500 ആക്കി വർധിപ്പിച്ചത് വലിയ ആശ്വാസമാണ്. അംശാദായ സംഖ്യ ചെറിയ തുകയാണെങ്കിലും ഉയർത്തിയിട്ടുണ്ട്. എന്നാൽ പ്രവാസി ക്ഷേമനിധിയ്ക്ക് 9 കോടി രൂപ എന്നത് അപര്യാപ്തമാണ്. പെൻഷനുകളും മറ്റു ആനുകൂല്യങ്ങളുമെല്ലാം നൽകേണ്ടി വരുമ്പോൾ തുക വർധിപ്പിപ്പിക്കണം. നാട്ടിലേക്കു മടങ്ങിയ പ്രവാസികൾക്കുള്ള തൊഴിൽ പുനരധിവാസത്തിനുള്ള 100 കോടി രൂപയുടെ പദ്ധതി ഫലപ്രദമായി നടപ്പാക്കണം-അബ്ദുറഊഫ് കൊണ്ടോട്ടി, സാമൂഹിക പ്രവർത്തകൻ

കണ്ണിൽ പൊടിയിടാൻ

പ്രവാസികൾ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണെന്ന് പറഞ്ഞ സർക്കാർ തന്നെയാണ് പ്രവാസികളുടെ മടങ്ങിവരവ് സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കുമെന്നു പ്രഖ്യാപിച്ചത്. കോവിഡ് പ്രതിസന്ധിയിലായ പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കത്തെ തടസ്സപ്പെടുത്തിയ സർക്കാരിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല എന്നതുകൊണ്ടു തന്നെ ബജറ്റ് പ്രഖ്യാപനങ്ങളിൽ സന്തോഷവും നിരാശയുമില്ല.  നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികൾക്ക് 6 മാസത്തെ ശമ്പളം നൽകുമെന്ന പ്രഖ്യാപനം ഇനിയും നടപ്പാക്കിയിട്ടില്ല. പ്രവാസി പുനരധിവാസ പദ്ധതികൾ പ്രഖ്യാപിക്കുമ്പോഴല്ല ഫലപ്രദമായി അവ നടപ്പാക്കുമ്പോഴാണ് പ്രവാസികൾക്ക് ഗുണകരമാകുന്നത്-സമീർ ഏറാമല, ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്

പദ്ധതികൾ യാഥാർഥ്യമാകണം

ബജറ്റിലെ പ്രഖ്യാപനങ്ങൾ പ്രവാസികൾക്ക് പ്രയോജനകരമാണ്. പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്കായി നോർക്കയ്ക്ക് നല്ലൊരു തുകയും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ പ്രഖ്യാപനങ്ങൾ സാധാരണ പ്രവാസികൾക്ക് ഗുണകരമാകുന്ന തരത്തിൽ ഫലപ്രദമായും കാര്യക്ഷമമായും നടപ്പാക്കാക്കണം-തോമസ് കുര്യൻ, മുൻപ്രസിഡന്റ്, ഫ്രണ്ട്‌സ് ഓഫ് തിരുവല്ല (ഫോട്ട)

ഭാവിയിലേക്ക് കാൽവയ്പ്

ഭാവി കേരളത്തിനായി ലോകോത്തര ഗുണനിലവാരത്തിലുള്ള മനുഷ്യ വിഭവശേഷിയുടെ വികസനത്തിന് നൽകിയ പ്രധാന്യവും സാമൂഹിക വികസനത്തിന് ലാപ്‌ടോപ്, ഇന്റർനെറ്റ് തുടങ്ങിയ സാങ്കേതിക വിദ്യയുടെ നേട്ടങ്ങൾ അടിസ്ഥാന വിഭാഗങ്ങൾക്ക് കൂടി ഉറപ്പാക്കേണ്ടതുണ്ടെന്ന തിരിച്ചറിവും സ്വാഗതാർഹമാണ്. പ്രവാസികളുടെ സാമ്പത്തിക-തൊഴിൽ വൈദഗ്ധ്യം പരമാവധി ഉപയോഗിക്കാനുള്ള കേരളത്തിന്റെ ശ്രമം, പ്രവാസികളുടെ പണം കൂടുതൽ മെച്ചപ്പെട്ട തരത്തിൽ ഉപയോഗിക്കാനുള്ള പദ്ധതികൾ, വിവിധതട്ടുകളിലുള്ള പ്രവാസികളുടെ സാമ്പത്തിക സുരക്ഷിതത്വത്തിനുള്ള പദ്ധതികൾ എന്നിവയെല്ലാം പ്രവാസികൾക്ക് പ്രതീക്ഷകൾ തന്നെയാണ്-മനോജ് നീലകണ്ഠൻ, ബിസിനസ് അനലിസ്റ്റ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA