ADVERTISEMENT

ദോഹ∙ ഇന്ത്യയുടെ 72-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ നിറവില്‍ ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സമൂഹം. ഇന്ന് രാവിലെ 8.00ന് ഒനൈസയിലെ ഇന്ത്യന്‍ എംബസി ആസ്ഥാനത്ത് സ്ഥാനപതി ഡോ. ദീപക് മിത്തല്‍ ദേശീയ പതാക ഉയര്‍ത്തും. സ്‌കൂള്‍ വിദ്യാര്‍ഥി സംഘം ദേശീയ ഗാനം ആലപിക്കും. തുടര്‍ന്ന് ഇന്ത്യന്‍ പ്രസിഡന്റിന്റെ റിപ്പബ്ലിക് ദിന സന്ദേശം സ്ഥാനപതി വായിക്കും. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രമേ എംബസിയില്‍ നടക്കുന്ന പരിപാടിയില്‍ പ്രവേശനമുള്ളു. 

എംബസിയിലെ റിപ്പബ്ലിക് ദിന ചടങ്ങുകള്‍ https://www.facebook.com/IndianEmbassyQatar,  https://twitter.com/IndEmbDoha,  Indian Embassy Doha-Qatar (യൂ ട്യൂബ്) എന്നീ അക്കൗണ്ടുകളിലൂടെ തല്‍സമയം സംപ്രേഷണം ചെയ്യും. ഖത്തറിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളിലും രാവിലെ ദേശീയ പതാക ഉയര്‍ത്തും. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു തന്നെ റിപ്പബ്ലിക് ദിന പരേഡും ഉണ്ടാകും. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായുള്ള കലാ, കായിക പരിപാടികള്‍, ദേശഭക്തി ഗാനാലാപനങ്ങള്‍ എന്നിവ ഇത്തവണ വെര്‍ച്വല്‍ വേദികളില്‍ അരങ്ങേറും.

പ്രവാസി സംഘടനകളിലും ആഘോഷം

കേരള വുമണ്‍സ് കള്‍ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ അണ്‍സങ് ഹിറോയിന്‍സ് എന്ന തലക്കെട്ടില്‍ ഇന്നു വൈകിട്ട് ആറിന് വെബിനാര്‍ നടക്കും. ഇന്ത്യയിലെ അറിയപ്പെടാതെ പോയ വനിതാ പ്രതിഭകളെക്കുറിച്ചുള്ള അനുസ്മരണ പ്രഭാഷണങ്ങളാണ് വെബിനാറിലുള്ളത്. പ്രശസ്ത വനിതാ നേതാക്കള്‍, കെഎംസിസിയുടെ വിവിധ രാജ്യങ്ങളിലെ വനിതാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും.

ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ വര്‍ത്തമാനം-ഭാവി എന്ന വിഷയത്തില്‍ ഇന്നുചര്‍ച്ചാ സദസ് നടക്കും. കള്‍ചറല്‍ ഫോറം ഖത്തറിന്റെ വനിതാ വിഭാഗമായ നടുമുറ്റം സ്ത്രീകള്‍ക്കായി പ്രസംഗ മത്സരം, കുട്ടികള്‍ക്കായി ഫാന്‍സി ഡ്രസ്, പ്രബന്ധ മത്സരങ്ങളാണ് നടത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com