ADVERTISEMENT

ഷാർജ ∙ ആധുനിക സാങ്കേതിക വിദ്യകൾ മനുഷ്യനും പ്രകൃതിക്കും ഏൽപ്പിക്കുന്ന ആഘാതങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോകുന്ന സാഹചര്യത്തിൽ ഷാർജ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ അധ്യാപിക നാദിയ സൈനുൽ വേറിട്ട ആശയവുമായി രംഗത്ത്. ഇ–മാലിന്യങ്ങൾക്കെതിരെയാണ് ഈ അധ്യാപികയുടെ ഒറ്റയാൾ പോരാട്ടം. ഈ പോരാട്ടത്തിന് ഷാർജ സർക്കാരിന്റെ ആദരം കൂടി ലഭിച്ചിരിക്കുകയാണ് ഇപ്പോൾ. 

ഉപയോഗശൂന്യമായ മൊബൈൽ, ലാപ്ടോപ്, ടാബ്‌ലറ്റ്, കംപ്യൂട്ടറുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ എങ്ങനെ മനുഷ്യനും പ്രകൃതിക്കും ഹാനികരമാവാതെ പുനരുപയോഗിക്കാം എന്ന് നാദിയ വിശദീകരിക്കുന്നു. സ്കൂളിലെ അധ്യാപകരിലും വിദ്യാർഥികളിലും അവബോധം സൃഷ്ടിക്കാൻ വേണ്ടി തുടങ്ങിയ ക്യാംപയിൻ, തുടർന്ന് ഷാർജയിലെ വിവിധ സർക്കാർ ഓഫീസുകളും പൊതുജനങ്ങളും ഏറ്റെടുത്തു. 

പ്ലാസ്റ്റിക് സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ച് സമൂഹം വേണ്ടത്ര ബോധവാന്മാർ ആണെങ്കിലും അതിനേക്കാൾ മാരകമായ ഇ-മാലിന്യത്തെക്കുറിച്ച് ആധുനിക സമൂഹം ജാഗരൂകരല്ലെന്ന് നാദിയ തന്റെ അനുഭവങ്ങളിലൂടെ സാക്ഷ്യപ്പെടുത്തുന്നു. ‘ഗ്രീൻ പ്ലഗ് ഇ സൈക്കിൾ യുഎഇ’ എന്ന് പേരിട്ട ക്യാംപെയിനിൽ ടൺ കണക്കിന് ഇ-മാലിന്യങ്ങൾ ശേഖരിച്ച് ഷാർജ ഗവൺമെന്റിന്റെ കീഴിലുള്ള പരിസ്ഥിതി മാനേജ്മെന്റ് കമ്പനിയായ "ബീഅ'' ക്ക് ഇതിനകം കൈമാറിക്കഴിഞ്ഞു. 

ഇ - മാലിന്യങ്ങളിൽ നിന്ന് മൂല്യവർധിത ഉൽപന്നങ്ങൾ എങ്ങനെ നിർമിച്ചെടുക്കാമെന്ന് സെമിനാറുകൾ സംഘടിപ്പിച്ച് സമൂഹത്തെ ബോധവൽകരിക്കുകയും തന്റെ വെബ് സെറ്റിലൂടെയും സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുകയും ചെയ്യുന്നു. എവിടെയെങ്കിലും ഇ-മാലിന്യങ്ങൾ ഉണ്ടെന്നറിഞ്ഞാൽ അവിടെയെത്തി അവ ശേഖരിച്ച് പരിസ്ഥിതി കമ്പനിക്ക് പുനരുപയോഗത്തിനായ് കൈമാറുന്നുമുണ്ട്. 

നാദിയ തുടക്കമിട്ട ഒറ്റയാൾ പോരാട്ടത്തിന് പിന്തുണയുമായി സ്കൂൾ വിദ്യാർഥികളും സഹപ്രവർത്തകരും രംഗത്തിറങ്ങിയപ്പോൾ, ഷാർജ ഗവൺമെന്റിന്റെ അംഗീകാരവും തേടിയെത്തി. ഷാർജ ഗവൺമെന്റിന്റെ റി സൈക്ലിങ് വകുപ്പിലെ ഉദ്യോഗസ്ഥൻ അഹമ്മദലി അൽ അൻസാരി ആദരവുമായി എത്താൻ ഏറെ നാളുകൾ വേണ്ടിവന്നില്ല. ഓരോ വീട്ടിലും ഓഫിസിലും ഉള്ള മാലിന്യങ്ങൾ ക്രിയാത്മകമായി ഉപയോഗപ്പെടുത്താനുള്ള യജ്ഞവുമായി പ്രയാണം തുടരാനാണ് എറണാകുളം സ്വദേശിയായ നാദിയയുടെ തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com