ADVERTISEMENT

ദോഹ∙ ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരവും നിക്ഷേപ പങ്കാളിത്തവും വളർച്ചയുടെ പാതയിൽ തന്നെയെന്ന് ഇന്ത്യൻ സ്ഥാനപതി ഡോ.ദീപക് മിത്തൽ.    ഊർജം, വ്യാപാരം, നിക്ഷേപം, സുരക്ഷ, പ്രതിരോധം, വിദ്യാഭ്യാസം, കായികം തുടങ്ങി വിവിധ മേഖലകളിൽ ഇന്ത്യ-ഖത്തർ പങ്കാളിത്തം ദൃഢമാണ്. ഖത്തറിന്റെ മൂന്നാമത്തെ വലിയ കയറ്റുമതി രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ ആഗോള എൽഎൻജി ഇറക്കുമതിയുടെ 55 ശതമാനവും ഖത്തറിൽ നിന്നാണെന്നും സ്ഥാനപതി റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു.

ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ ഇന്ത്യയിലെ നിക്ഷേപം വർധിപ്പിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിക്കാനും അടുത്തിടെ ഇരു രാജ്യങ്ങളിലെയും ഭരണാധികാരികൾ തീരുമാനിച്ചിരുന്നു. ഇന്ത്യയും ഖത്തറും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ ആഴം ചൂണ്ടിക്കാട്ടിയതിനൊപ്പം ഇന്ത്യൻ പ്രവാസികൾക്ക് ഖത്തർ നേതൃത്വം നൽകുന്ന പിന്തുണയ്ക്കുള്ള നന്ദിയും സ്ഥാനപതി അറിയിച്ചു. യുഎൻ സുരക്ഷാ കൗൺസിൽ ഉൾപ്പെടെയുള്ള രാജ്യാന്തര വേദികളിലും ഇന്ത്യയും ഖത്തറും തമ്മിലുള്ള സഹകരണം ശക്തമാണ്.

ഖത്തറിന്റെ വികസനയാത്രയിലെ നിർണായക ഘടകം ഇന്ത്യൻ പ്രവാസി സമൂഹമാണെന്നും സ്ഥാനപതി ചൂണ്ടിക്കാട്ടി. പ്രവാസി തൊഴിലാളികളുടെ താൽപര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള സംവിധാനം സ്ഥാപനവൽക്കരിക്കാൻ ഇക്കഴിഞ്ഞ ഡിസംബറിൽ ചേർന്ന ലേബർ, മാൻപവർ വികസനം സംബന്ധിച്ച ഇന്ത്യ-ഖത്തർ സംയുക്ത വർക്കിങ് ഗ്രൂപ്പ് യോഗത്തിൽ ധാരണയായതായും ഡോ.ദീപക് മിത്തൽ വ്യക്തമാക്കി. ഖത്തറിന്റെ തൊഴിൽ പരിഷ്‌കരണങ്ങളും സ്വാഗതാർഹമാണ്. ഇന്ത്യൻ പ്രവാസി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ ഖത്തർ അതോറിറ്റിയുമായി ചേർന്നുള്ള പ്രവർത്തനം ശക്തമായി തുടരുമെന്നും സ്ഥാനപതി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com