ADVERTISEMENT

ദുബായ് ∙ കോവിഡ് കാലത്തെ ഷൂട്ടിങ് അനുഭവങ്ങൾ പങ്കിട്ട് സംവിധായകൻ ലാൽ ജോസ്. സുഹൃത്തും തന്റെ ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ദുബായിലെ ഹോമിയോ ഡോക്ടർ ഇഖ്ബാൽ കുറ്റിപ്പുറം നൽകിയ മരുന്ന് കഴിക്കുന്നതിനാൽ, യാതൊരു ആശങ്കയുമില്ലാതെയാണ് പുതിയ ചിത്രമായ 'മ്യാവൂ' യുഎഇയിലെ റാസൽഖൈമയിൽ ചിത്രീകരണം പൂര്‍ത്തിയായി വരുന്നതെന്നും അദ്ദേഹം മനോരമ ഒാൺലൈനിനോട് പറഞ്ഞു.

''ചിത്രീകരണസമയത്തൊന്നും ഞങ്ങൾ കോവിഡിനെക്കുറിച്ച് അറിഞ്ഞില്ല. കോവിഡിന്റെ ആദ്യഘട്ടമായ കഴിഞ്ഞവർഷം മാർച്ചിൽ തന്നെ ഇഖ്ബാൽ എനിക്ക് ആര്‍സനിക് ആൽബം 200  എന്ന പ്രതിരോധ മരുന്ന് തന്നിരുന്നു. അതെല്ലാ മാസവും ആദ്യത്തെ അഞ്ച് ദിവസം ഞാൻ കഴിച്ചുവരുന്നു. അതാണ് മഹാമാരിയിൽ നിന്ന് രക്ഷതരുന്നതെന്നാണു വിശ്വാസം. എങ്കിലും യുഎഇയുടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചിത്രീകരണം.''–ലാൽ ജോസ് പറഞ്ഞു.

lal-jose-interview-new-movie-in-rasalkhaima

കോവിഡ് കാലത്തെ യാത്രകൾ 

കോവിഡ് കൊടുമ്പിരി കൊണ്ടിരുന്ന സമയത്തൊക്കെ ‍ഞാൻ യാത്ര ചെയ്തിരുന്നു. അപ്പോഴൊന്നും സംഭവിക്കാത്തതിനാൽ ആ ധൈര്യവും ഉണ്ടായിരുന്നു. കൂടാതെ, മ്യാവൂ ചിത്രീകരണം ആരംഭിക്കുന്നതിന് മുൻപ് ലൊക്കേഷൻ കാണലും മറ്റുമായി കഷ്ടിച്ച് ഒരു മാസം ഞാൻ യുഎഇയിലുണ്ടായിരുന്നു. അപ്പോഴും ഇൗ കോഴ്സ് തുടർന്നു. എനിക്ക് പ്രശ്നമൊന്നുമുണ്ടായതുമില്ല. ഇപ്രാവശ്യം ഞങ്ങളുടെ ടീം നാട്ടിൽ നിന്ന് വിമാനം കയറുന്നതിന് മുൻപേ എല്ലാവർക്കും ഇതേ മരുന്ന് കൊടുത്തു. ഇവിടെ വന്നിട്ട് ആദ്യ രണ്ട് മാസത്തിലും എല്ലാവരും മരുന്ന് തുടർന്നു. അതുകൊണ്ട് തന്നെ നല്ല ആത്മവിശ്വാസത്തിലാണ് എല്ലാവരും. ദൈവവും ഹോമിയോയും അനുഗ്രഹിച്ച് ആർക്കും ഇതുവരെ പ്രശ്നമൊന്നുമുണ്ടായിട്ടില്ല എന്നത് സന്തോഷം പകരുന്നു. 

മൂന്നാമത്തെ ചിത്രവുമായി യുഎഇയിൽ

കുന്നും മലകളും താഴ് വാരങ്ങളുമുള്ള മനോഹരമായ പ്രദേശമാണ് റാസൽഖൈമ. ഇവിടത്തെ ഉൾപ്രദേശങ്ങളിലും ഒമാൻ അതിർത്തി പ്രദേശത്തുമൊക്കെയാണ് ചിത്രീകരണം നടക്കുന്നത്. അവിടെയെല്ലാം മാസ്ക് ധരിച്ചു. മറ്റു പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. ‌അധികം ആളുകളും ബഹളവുമൊന്നും ഉള്ള സ്ഥലവുമല്ല. ഷൂട്ടിങ് കാണാൻ വെള്ളിയാഴ്ചകളിൽ റാസൽഖൈമ നഗരത്തിൽ നിന്നും ദുബായിൽ നിന്നുമൊക്കെ എത്തുന്നവർ ഉണ്ടാകും. ആരിൽ നിന്നും ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ല.

soubin-lal-jose

യുഎഇ ആകെ മാറി

2005–06 കാലത്ത് അറബിക്കഥ എന്ന ചിത്രമാണ് ആദ്യമായി യുഎഇയിൽ ചിത്രീകരിച്ചത്. രണ്ടാമത്തെ തവണ ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിനുമെത്തി. അന്നത്തേതിൽ നിന്ന് ദുബായിയും മറ്റും ഒരുപാടു മാറി. അറബിക്കഥയ്ക്ക് ശേഷം ഒട്ടേറെ പുതിയ കെട്ടിടങ്ങളും ബുർജ് ഖലീഫയും യാഥാർഥ്യമായി. 2021ൽ മൂന്നാമത്തെ ചിത്രവുമായി എത്തുമ്പോൾ, യുഎഇയുടെ കാണിച്ചിട്ടില്ലാത്ത ഏരിയ പ്രേക്ഷകരുടെ മുന്നിലെത്തിക്കുക എന്ന ദൗത്യമാണ് ഏറ്റെടുത്തത്. അറബിക്കഥ ലേബർ ക്യാംപുകളിലേതു പോലുള്ള വളരെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതമാണ് പറഞ്ഞത്. ഡയമണ്ട് നെക്‌ലസ് ഉയർന്ന നിലകളിലുള്ള ചെറുപ്പക്കാരുടെ ജീവിതവും പ്രമേയമാക്കി. 

മ്യാവൂ പറയുന്ന കഥ

കഴിഞ്ഞ 15 വർഷത്തിലേറെയായി റാസൽഖൈമയിൽ മിനി സൂപ്പർ മാർക്കറ്റ് നടത്തുന്ന മലയാളി യുവാവിന്റെയും അയാളുടെ കുടുംബത്തിന്റെയും കഥയാണ് മ്യാവൂ. ഇറാനിയൻ സിനിമയിലും മറ്റും കാണുമ്പോഴുള്ള പർവതങ്ങളാൽ ചുറ്റപ്പെട്ടിട്ടുള്ള പ്രദേശത്താണ് ഷൂട്ടിങ്. അത്തരം പ്രദേശത്ത് നടക്കുന്ന ഒരു കഥ പറയണമെന്നത് എന്റെ ഏറെ കാലത്തെ അഭിലാഷമായിരുന്നു. ഒമാനിലും മറ്റും മുൻപ് യാത്ര ചെയ്തപ്പോൾ കണ്ട സവിശേഷതകൾ ഏറെ ഇഷ്ടപ്പെട്ടിരുന്നു. കടൽ ഒഴിഞ്ഞുപോയ സ്ഥലത്ത് ഉണ്ടായ പ്രദേശമാണെന്ന് തോന്നിപ്പിക്കുന്ന, ധാരാളം മുൾചെടികളൊക്കെയുള്ള പ്രദേശങ്ങളാണിവ. അവയൊക്കെ ഇൗ സിനിമയിൽ ഉപയോഗപ്പെടുത്താൻ പറ്റിയിട്ടുണ്ട്. 

lal-jose-movie-shooting-4

മ്യാവൂ റാസൽഖൈമയുടെ ബ്രാൻഡ് അംബാസഡർ

ശരിക്കും പറഞ്ഞാൽ റാസൽഖൈമ വിനോദസഞ്ചാര വകുപ്പ് ഇൗ ചിത്രത്തെ ഏറ്റെടുക്കേണ്ടതാണ്. കാരണം, അവരുടെ ഒരു ബ്രാൻഡ് അംബാസഡറായിരിക്കും ഇൗ സിനിമ എന്നെനിക്ക് തോന്നുന്നു. ഇതിന് മുൻപ് റാസൽഖൈമയിൽ നടന്ന സിനിമകളൊക്കെ ഇൗ നാടിനെ ഇറാനും ഇറാഖുമായാണ് കാണിച്ചത്. റാസല്‍ഖൈമ എന്ന് പറഞ്ഞുതന്നെ ഒരു ചിത്രം ഉണ്ടായിട്ടില്ലെന്ന് തോന്നുന്നു. കഥയുമായി ബന്ധപ്പെട്ട് റാസൽഖൈമയിലെ മിക്ക പ്രദേശങ്ങളും മനോഹരമായി പകർത്തിയിട്ടുണ്ട്. ഇൗ സിനിമ കണ്ടു കഴിഞ്ഞാൽ റാസൽഖൈമ സന്ദർശിക്കണമെന്ന് പലര്‍ക്കും തോന്നും. ചിത്രീകരണ റിപോർടുകൾ മാധ്യമങ്ങളിൽ വന്നതോടെ യുഎഇയുടെ ഇതര ഭാഗങ്ങളിൽ നിന്നുള്ളവർ റാസൽഖൈമയിലെത്തി. വർഷങ്ങളായി തങ്ങൾ ഇവിടെ ജീവിക്കുന്നുണ്ടെന്നും ആദ്യമായാണ് ഇത്രയും മനോഹരമായ പ്രദേശത്തെത്തുന്നതെന്നും പലരും പറയുകയുണ്ടായി. ചിത്രം പുറത്തിറങ്ങുന്നതോടെ റാസൽഖൈമയുടെ ടൂറിസം മേഖലയോട് ആളുകൾക്ക് കൂടുതൽ പ്രീതി തോന്നുമെന്നാണ് വിശ്വാസം.

കുടുംബഡോക്ടറും പേഴ്സനൽ തിരക്കഥാകൃത്തും

ദുബായിൽ ഹോമിയോ ഡോക്ടറായ ഇഖ്ബാൽ കുറ്റിപ്പുറം എന്റെ അടുത്ത സുഹൃത്താണ്. എന്റെയും കുടുംബത്തിന്റെയും ഫാമിലി ഡോക്ടറും, അതിലുപരി പേഴ്സനൽ തിരക്കഥാകൃത്തുമാണ്. ഞങ്ങൾ ഒന്നിച്ച മൂന്ന് ചിത്രങ്ങളും (അറബിക്കഥ, ഡയമണ്ട് നെക് ലേസ്, വിക്രമാദിത്യൻ) വൻ വിജയമായിരുന്നു. എല്ലാ ചിത്രങ്ങളും ആളുകൾ ഇപ്പോഴും ഒാർമിക്കുന്നു. അറബിക്കഥ പുറത്തിറങ്ങിയിട്ട് പതിനഞ്ച് വർഷത്തോളമായെങ്കിലും ഇന്നും ചിത്രത്തെക്കുറിച്ച് ആളുകൾ ഒാർക്കുകയും പറയുകയും ചെയ്യുന്നു. ഡയമണ്ട് നെക് ലേസും അതുപോലെ ആളുകൾ എന്നും എടുത്തുപറയുന്ന ചിത്രം തന്നെ. വിക്രമാദിത്യനാണെങ്കിൽ ഒരുപാടു പേര്‍ക്ക് പ്രചോദനം നൽകി. ഇപ്പോൾ നാലാമത്തെ ചിത്രം മ്യാവൂ ചെയ്യുന്നു. ഇഖ്ബാലുമായി പ്രവർത്തിക്കുമ്പോൾ ഞാനേറെ റിലാക്സ്ഡ് ആണ്. കാരണം, മതിയായ ഗവേഷണം നടത്തിയാണ് ഇഖ്ബാൽ തിരക്കഥ എഴുതാറ്. 

ആറ് വർഷത്തിന് ശേഷമാണ് ഞങ്ങൾ വീണ്ടും ഒന്നിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. ഇതിനിടയിൽ ഇഖ്ബാൽ വേറെ ചിത്രങ്ങളെഴുതി. ഞാനും വേറെ സിനിമകൾ ചെയ്തു. മൂന്ന് വർഷം മുൻപ് ആലോചന തുടങ്ങിയ ചിത്രമാണിത്. അതുകൊണ്ട് അത്രയും വർഷത്തെ ചർച്ചകൾ ഇൗ സിനിമയ്ക്ക് പിറകിലുണ്ട്. കഴിഞ്ഞ വർഷം (2019) ഡിസംബറിലായിരുന്നു ചിത്രീകരിക്കാൻ തീരുമാനിച്ചിരുന്നത്. അന്ന് നായകൻ സൗബിൻ ഷാഹിറിന്റെ മറ്റു സിനിമകളുടെ നിർമാണ ജോലികൾ  തീരാത്തതിനാൽ ഇൗ വർഷത്തേയ്ക്ക് നീണ്ടു. 2019 മേയിലോ ജൂണിലോ ചെയ്യാൻ സൗബിൻ തയ്യാറായിരുന്നു. പക്ഷേ, ഞാനാണ് ഡിസംബറിലേയ്ക്ക് മാറ്റിവച്ചത്. ഇതിവിടുത്തെ നല്ല തണുപ്പു കാലാവസ്ഥയാണ് എന്നതാണ് കാരണം. ആ കാത്തിരിപ്പ് വെറുതെയായില്ലെന്നാണ് എൻ്റെ ഇപ്പോഴത്തെ അനുഭവം. 

lal-jose-movie-shooting-3

സൗബിൻ ഇന്ത്യയിലെ 10 മികച്ച നടന്മാരിലൊരാൾ

ഇന്ത്യയിലെ തന്നെ മികച്ച 10 നടന്മാരെ എടുത്താൽ അതിൽ തീർച്ചയായും സൗബിൻ ഷാഹിർ ഉൾപ്പെടും. അദ്ദേഹം അഭിനയിക്കുന്നത് അത്ഭുതത്തോടെയാണ് ഞാൻ കണ്ടുകൊണ്ടിരിക്കുന്നത്. അദ്ദേഹവും ഞാനും അസി.ഡയറക്ടർമാരായിരുന്നു. ആറോ ഏഴോ ഡയറക്ടർമാരുടെ കൂടെ 17 വർഷമാണ് സൗബിൻ ജോലി ചെയ്തത്. ഞാൻ ഒൻപത് വർഷവും. ഇവിടെ സെറ്റിൽ ഒരു അഡീഷണൽ അസോസിയേറ്റ് ഡയറക്ടറെക്കൂടി കിട്ടിയതു പോലെയാണ്. നമ്മൾ വിട്ടുപോകുന്ന കാര്യങ്ങളെല്ലാം അദ്ദേഹം ഒാർമിപ്പിക്കും. സൗബിൻ അഭിനയിക്കുകയാണെന്ന് അറിഞ്ഞപ്പോൾ, ആളു കുഴപ്പക്കാരനാണെന്ന് പറഞ്ഞ് പലരും പേടിപ്പിച്ചു. പക്ഷേ, ഇവിടെ ഏറ്റവും കംഫർടബിളായി ജോലി ചെയ്യുന്ന അഭിനേതാവാണ് അദ്ദേഹം. എ കൂൾ ആക്ടർ. എന്റെ സഹസംവിധായകർക്കൊക്കെ സഹായമാണ് അദ്ദേഹം. 

മമ്തയുടെ പരിഭവം തീർന്നു

ചിത്രത്തിൽ നായിക കഥാപാത്രമായ സുലേഖയെ അവതരിപ്പിക്കുന്ന മമ്ത എന്റെ ദീർഘകാല സുഹൃത്താണ്. ആദ്യമായാണ് എന്റെ ചിത്രത്തിലഭിനയിക്കുന്നത്. ഇതുവരെ എന്റെ ചിത്രങ്ങളിലേയ്ക്ക് വിളിക്കാത്തതിന്റെ പരിഭവം ഇതോടെ തീർന്നു. സുലേഖ മമ്തയുടെ കൈയിൽ ഭദ്രം.

രണ്ടാമത്തെ നായിക തജക്കിസ്ഥാൻ സ്വദേശിനി

മ്യാവൂവിലെ രണ്ടാമത്തെ നായിക ദുബായിൽ താമസിക്കുന്ന തജക്കിസ്ഥാൻ സ്വദേശിനിയായ പെൺകുട്ടി യാസ്മിന അലി ദൊദോവയാണ്. പതിനേഴ് വയസ്സുള്ള യാസ്മിന യുഎഇയിലും തജക്കിസ്ഥാനിലും അറിയപ്പെട്ടുതുടങ്ങിയ യുവ ഗായികയുമാണ്. ദുബായിൽ നേരത്തെ ആഡ് ഏജൻസി നടത്തിയിരുന്ന എന്റെ സുഹൃത്ത് സഞ്ജുവാണ് യാസ്മിനയെ എനിക്ക് പരിചയപ്പെടുത്തുന്നത്. അവർ ആറ് വർഷം മുൻപ് ചെയ്ത ഒരു പെയിന്റിങ് കമ്പനിയുടെ പരസ്യത്തിൽ അവർ അഭിനയിച്ചിരുന്നു. അതിൽ അന്ധയായ പെൺകുട്ടിയെയാണ് അവതരിപ്പിച്ചത്. അതുകണ്ട് ഞാൻ സഞ്ജുവിനോട് ചോദിച്ചു, കണ്ണുകാണാത്ത പെൺകുട്ടിയെ നീ എങ്ങനെ പഠിപ്പിച്ചെടുത്തു എന്ന്. അവർ അന്ധയല്ല, അങ്ങനെ അഭിനയിച്ചതെന്നായിരുന്നു മറുപടി. അതുകേട്ട് ഞാൻ ഞെട്ടിപ്പോയി. പിന്നീട് ഇങ്ങനെയൊരു കഥാപാത്രം വന്നപ്പോള്‍ ഞാൻ സഞ്ജുവിനോട് അവരെക്കുറിച്ച് ചോദിച്ചു. പഴയ യുഎസ്എസ്ആറിലെ തജക്കിസ്ഥാൻ സ്വദേശിയാണ് യാസ്മിനയെന്ന് അങ്ങനെ മനസ്സിലായി. സഞ്ജു വഴി ഞാനവരെ ബന്ധപ്പെട്ടു. കഥ കേട്ടപ്പോൾ അവർക്ക് ഇഷ്ടമായി. പതിനേഴ് വയിസിൽക്കൂടുതൽ പക്വതയുള്ള കഥാപാത്രമാണ് അവതരിപ്പിക്കേണ്ടത്. നല്ല പെർഫോമൻസ് ഉള്ളതിനാൽ പ്രായം അവഗണിച്ച് അവരെ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. 

lal-jose-interview-new-movie-in-rasalkhaima1

നിർമാതാവ് മാത്രമല്ല, തോമസ് തിരുവല്ല

മ്യാവൂവിൻ്റെ നിർമാതാവ് ദുബായിൽ വ്യവസായിയായ തോമസ് തിരുവല്ല നേരത്തെ രണ്ട് ചിത്രങ്ങൾ (കളിമണ്ണ്, ഒാട്ടം) നിർമിച്ചിട്ടുണ്ട്. അദ്ദേഹം ഒരു നിർമാതാവിന്റെ റോൾ മാത്രമല്ല കൈകാര്യം ചെയ്യുന്നത്. എന്റെയും കലാസംവിധായകന്റെയുമെല്ലാം സഹായിയും അദ്ദേഹം കൂടെ നിൽക്കുന്നു. എല്ലാവരും ഒരു കുടുംബം പോലെ ഹാപ്പിയായി പോകുന്നു. മ്യാവൂ ജൂണിൽ തിയറ്റർ റിലീസ് ചെയ്യാനാണ് തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com