ADVERTISEMENT

അബുദാബി∙ വിദേശികളുടെ പ്രവേശന വിലക്കു കുവൈത്ത് നീട്ടിയതോടെ യുഎഇയിൽ കുടുങ്ങിയ കുവൈത്ത് വീസക്കാർ ധർമസങ്കടത്തിൽ. പകുതിയോളം പേർ നാട്ടിലേക്കു തിരിക്കുമെന്നു പറഞ്ഞപ്പോൾ ശേഷിച്ചവർ പുതിയ അറിയിപ്പു വരുംവരെ കാത്തിരിക്കാനാണു തീരുമാനം.

ലക്ഷത്തോളം രൂപ മുടക്കി യുഎഇയിലെത്തി ക്വാറന്റീൻ കഴിഞ്ഞ് ഇന്നലെ അതിർത്തി തുറക്കുന്നതും കാത്തിരിക്കവേ വന്ന പുതിയ തീരുമാനം ഇവരെ വിഷമത്തിലാക്കിയിരുന്നു. പ്രവേശന വിലക്കിനു നിശ്ചിത കാലപരിധി വ്യക്തമാക്കാത്തതിനാൽ ദിവസേന 50 ദിർഹത്തിലേറെ മുടക്കി യുഎഇയിൽ കാത്തിരിക്കുന്നതിൽ അർഥമില്ലെന്നു ചിലർ പറയുന്നു. ഇന്ത്യയിൽ നിന്നു നേരിട്ടു വിമാന സർവീസില്ലാത്തതിനാലാണ് യുഎഇയിൽ 14 ദിവസം ക്വാറന്റീൻ പൂർത്തിയാക്കി പിസിആർ ടെസ്റ്റെടുത്ത് കുവൈത്തിലേക്കു പോയിരുന്നത്. ഇതിനകം ഒട്ടേറെ പേർ ഇങ്ങനെ കുവൈത്തിൽ എത്തുകയും ചെയ്തിരുന്നു.

എന്നാൽ ഏറ്റവും ഒടുവിൽ എത്തിയവർക്കു വൻതുക ചെലവായി എന്നു മാത്രമല്ല ലക്ഷ്യസ്ഥാനത്ത് എത്താനും സാധിച്ചില്ല. നാട്ടിൽ തിരിച്ചെത്താൻ ടിക്കറ്റിനു പോലും പണമില്ലാത്തവരാണ് ഏറെയും. കുവൈത്തിൽ ഓഫിസ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന തൃശൂർ വെള്ളറക്കാട് സ്വദേശി സുമേഷ് അടക്കമുള്ള ഭൂരിഭാഗം പേരും നാട്ടിൽ തിരിച്ചെത്തിയാൽ എന്തു ജോലി ചെയ്യുമെന്ന വേവലാതിയിലാണ്. ഇന്നു അർധ രാത്രി മുതൽ നാട്ടിലെത്താൻ പിസിആർ ടെസ്റ്റിന്റെ അധിക ചെലവു (150 ദിർഹം) ഉള്ളതിനാൽ ഇന്നത്തെ വിമാനത്തിൽ നാടുപിടിക്കുന്നവരും ഏറെ.

24ന് കുവൈത്തിലേക്കു ടിക്കറ്റെടുത്ത് കാത്തിരിക്കുന്ന തമിഴ്നാട് നാമക്കൽ സ്വദേശി ശിവകുമാർ 2 ദിവസംകൂടി നോക്കിയ ശേഷം നാട്ടിലേക്കു മടങ്ങും. 2 തവണ കുവൈത്തിൽ പോകാനുള്ള തുക ഇതിനകം ചെലവാക്കി. ഇനിയും പിടിച്ചുനിൽക്കാനാവില്ലെന്നു ഡ്രൈവറായി ശിവകുമാർ പറഞ്ഞു. യുഎഇ സന്ദർശക വീസ നീട്ടിനൽകിയതു മാത്രമാണ് ഏക ആശ്വാസം. കുവൈത്തിലെ സ്വകാര്യ കമ്പനിയിൽ എസി ടെക്നീഷ്യനായ ഗുരുവായൂർ നായരങ്ങാടി സ്വദേശി നൗഫൽ യുഎഇയിലെത്തിയിട്ട് 37 ദിവസമായി.

16 ദിവസത്തെ പാക്കേജ് തീർന്നതോടെ ദിവസേന 50 ദിർഹം വീതം അധികം നൽകിയാണ് നിൽക്കുന്നത്. കുവൈത്ത് ദേശീയ ദിനം കഴിയുന്നതോടെ തീരുമാനത്തിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിൽ ഏതാനും ദിവസംകൂടി കാത്തിരിക്കുകയാണ് നൗഫൽ. വീടുവച്ച വകയിൽ ഏറെ കടമുള്ളതിനാൽ നാട്ടിലേക്കു തിരിച്ചുപോയാൽ അതു കുടുംബത്തിന് വലിയ വിഷമമാകുമെന്നാണ് ഇതേ കമ്പനിയിൽ സൂപ്പർവൈസറായ പോണ്ടിച്ചേരി സ്വദേശി സെയ്ദ് അഹ്മദ് പറഞ്ഞു. 48 ദിവസമായി ഇവിടെ എത്തിയിട്ടെങ്കിലും കുവൈത്തിൽ പ്രതീക്ഷയുണ്ട്.

കുവൈത്ത് മൊസാഫിർ ആപ്പ് സജ്ജമായിക്കഴിഞ്ഞാൽ ഒരാഴ്ചയ്ക്കകം അതിർത്തി തുറക്കുമെന്ന് ഇദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു. ഇതേസമയം കുവൈത്തിൽ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റീനിൽ ഇരിക്കാനുള്ള ഹോട്ടൽ മുറികളുടെ അഭാവവും തീരുമാനം നീട്ടാൻ കാരണമായതായി അറിയുന്നു. നിലവിൽ 5000 ഹോട്ടൽ മുറികളാണുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com