sections
MORE

രാജ്യാന്തര പ്രതിരോധ, നാവിക പ്രദർശനം തുടരുന്നു; കോടികളുടെ കരാറിൽ ഒപ്പിട്ട് യുഎഇ

navy
SHARE

അബുദാബി ∙ രാജ്യാന്തര പ്രതിരോധ പ്രദർശനത്തിന്റെ ആദ്യ ദിനത്തിൽ കോടികളുടെ കരാറിൽ ഒപ്പിട്ട് യുഎഇ. 503 കോടി ദിർഹത്തിന്റെ 19 കരാറുകളിലാണ് യുഎഇ ആംഡ് ഫോഴ്സസ് ഒപ്പുവച്ചത്. 110 കോടി ദിർഹത്തിന്റെ 7 രാജ്യാന്തര കരാറുകളും 390 കോടി ദിർഹത്തിന്റെ പ്രാദേശിക കരാറുകളും ഒപ്പുവച്ചതായി ഐഡെക്സ് വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഹൊസാനി പറഞ്ഞു. ഇന്നലെ അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിൽ ആരംഭിച്ച മധ്യപൂർവദേശത്തെ ഏറ്റവും വലിയ പ്രതിരോധ പ്രദർശനത്തിലാണ് കോടികളുടെ കരാർ ഒപ്പുവച്ചത്. സൈബർ സെക്യൂരിറ്റി, സ്വയം പ്രവർത്തിക്കുന്ന ആയുധങ്ങൾ, നിർമിത ബുദ്ധി ഉൽപന്നങ്ങൾ എന്നിവയാണ് ഇത്തവണ ആകർഷണം.

കോടികൾ വിലമതിക്കുന്ന  തോക്കുകൾ, ഡ്രോണുകളെ ചുഴറ്റിയെറിയുന്ന നവീന ഉപകരണങ്ങൾ, പോർവിമാനങ്ങൾ, കോംബാറ്റ് വാഹനങ്ങൾ, ലക്ഷങ്ങൾ വിലമതിക്കുന്ന തോക്കുകൾ, കവചിത  വാഹനങ്ങൾ, ഡ്രോണുകൾ, സിമുലേറ്ററുകൾ, വിദൂര ആയുധ സ്റ്റേഷനുകൾ, ഹെലികോപ്റ്ററുകൾ വിമാന വാഹിനി കപ്പലുകൾ, യുദ്ധക്കപ്പലുകൾ തുടങ്ങി കരയിലും കടലിലും ആകാശത്തും ഉപയോഗിക്കാവുന്ന ഏറ്റവും നൂതന ഉപകരണങ്ങളും സാങ്കേതിക വിദ്യകളുമാണ് 5 ദിവസം നീളുന്ന മേളയെ സമ്പന്നമാക്കുന്നത്. 2020 ൽ ഗൾഫ് രാജ്യങ്ങളുടെ പ്രതിരോധചെലവ് 5.4% വർധിച്ച് 10,000 കോടി ഡോളറായി ഉയർന്നു. 2019 ൽ ഇത് 9490 കോടി ഡോളറായിരുന്നു. എന്നാൽ എണ്ണ വിലയിടിവും കോവിഡ് ആഘാതവും മൂലം 2022 ൽ 9.4%  കുറഞ്ഞ് 8940 കോടി ഡോളറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024 ഓടെ കോവിഡിനു മുൻപുള്ള അവസ്ഥയിലേക്കു തിരിച്ചുവരുമെന്നും സൂചനയുണ്ട്. ബോയിങ്, റെയ്തിയോൺ ടെക്നോളജി, ലോക്ക് ഹീഡ് മാർടിൻ, ഫ്രാൻസിന്റെ താലെസ്, നവാൽ ഗ്രൂപ്പ്, സൗദി മിലിറ്ററി ഇൻ‍ഡസ്ട്രീസ് തുടങ്ങി വമ്പൻ കമ്പനികളുടെ സാന്നിധ്യം മേളയെ ആകർഷകമാക്കുന്നു.

റഷ്യയുടെ ഏകെ 15 തോക്കുകളുടെ നൂതന ശേഖരം, എതിരാളികളെ മുൻകൂട്ടി കണ്ടറിഞ്ഞ് ബാലസ്റ്റിക് മിസൈൽ സ്വയം വിക്ഷേപിക്കുന്ന സംവിധാനം തുടങ്ങി പ്രതിരോധ രംഗത്തെ ഏറ്റവും പുതിയ ഉൽപന്നങ്ങളും മേളയിൽ പുറത്തിറക്കി. പ്രതിരോധ സേവന മേഖലയിൽ 19,500 കോടി ഡോളർ മുടക്കുന്ന മധ്യപൂർവദേശ രാജ്യങ്ങളിൽ കണ്ണുംനട്ടാണ് ബോയിങ് ഉൾപ്പെടെ വിവിധ രാജ്യാന്തര കമ്പനികൾ എത്തിയിരിക്കുന്നത്. ഇതേ സമയം യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ പ്രാദേശികമായി ആയുധങ്ങൾ ഉൽപാദിപ്പിക്കാനുള്ള നീക്കത്തിലാണ്. ഇതിലൂടെ ഇറക്കുമതി കുറയ്ക്കാമെന്നു മാത്രമല്ല ഒട്ടേറെ ജോലി സാധ്യതയും മുന്നിൽ കാണുന്നു. 2030 ഓടെ സൗദി അറേബ്യ 2000 കോടി ഡോളർ ഈ രംഗത്തു നിക്ഷേപിക്കാനാണ് ആലോചിക്കുന്നതെന്ന് ജനറൽ അതോറിറ്റി ഫോർ മിലിറ്ററി ഇൻഡസ്ട്രീസ് ഗവർണർ അഹമദ് അൽ ഒഹാലി പറഞ്ഞു. കോവിഡ് സുരക്ഷാ മാനദണ്ഡം പാലിച്ച് 48 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റ് എടുത്തവർക്കു മാത്രമേ പ്രവേശനമുള്ളൂ. ശേഷിയിലധികം ആളുകൾ പ്രവേശിക്കുന്നില്ലെന്നും അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ നിരീക്ഷണവും ശക്തമാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA