ഖത്തറിൽ ഈ വർഷം പ്രവാസി സംഖ്യ കൂടും; ഭൂവിപണിയിലും ടൂറിസത്തിലും മുന്നേറ്റം

lusail-city
ലുസെയ്ൽ സിറ്റി.
SHARE

ദോഹ∙ ഈ വർഷം രണ്ടാം പകുതിയോടെ രാജ്യത്തെ പ്രവാസി ജനസംഖ്യ വീണ്ടും ഉയരുമെന്ന് റിപ്പോർട്ട്. പ്രവാസികളുടെ എണ്ണത്തിലെ വർധന റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും ഗുണം ചെയ്യും. ജനസംഖ്യാ വളർച്ചയ്ക്കനുസരിച്ച് പാർപ്പിട യൂണിറ്റുകൾക്ക് ആവശ്യം കൂടുന്നതോടെ വർഷാവസാനത്തോടെ വാടക സ്ഥിരത കൈവരിക്കുമെന്നും റിയൽ എസ്റ്റേറ്റ് കൺസൽറ്റൻസി സ്ഥാപനമായ വാല്യുസ്ട്രാറ്റിന്റെ റിപ്പോർട്ടിൽ പറയുന്നു.

ആസൂത്രണ കണക്കെടുപ്പ് അതോറിറ്റിയുടെ പ്രതിമാസ ബുള്ളറ്റിൻ പ്രകാരം 2020 ഡിസംബർ അവസാനിച്ചപ്പോൾ 26,84,329 ആണ് രാജ്യത്തിന്റെ ജനസംഖ്യ. ഇതിൽ 19,36,214 പേർ പുരുഷന്മാരും 7,48,115 പേർ സ്ത്രീകളുമാണ്. ജനസംഖ്യയിൽ ഏകദേശം 23 ലക്ഷം പേരും പ്രവാസികളാണ്. കോവിഡ് പ്രതിസന്ധിയും പ്രവാസികളുടെ എണ്ണം കുറഞ്ഞതും കഴിഞ്ഞ വർഷം വാടകയിലും പാർപ്പിട യൂണിറ്റുകളുടെ മൂലധന മൂല്യങ്ങളിലും കുറവു വരുത്തിയിരുന്നു.

ഭൂവിപണിയിലും ടൂറിസത്തിലും മുന്നേറ്റം

രാജ്യത്തിന്റെ റിയൽ എസ്റ്റേറ്റ് മേഖലയിൽ മുന്നേറ്റത്തിന് തുടക്കമിട്ടാണ് 2020 അവസാനിച്ചത്. ഡിസംബറിൽ മാത്രം 543 കോടി റിയാലിന്റെ കരാറുകളാണ് ഒപ്പുവച്ചത്. നവംബറിനെക്കാൾ 128 ശതമാനം വർധന. നീതിന്യായ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വർഷം 3,100 കോടി റിയാലിന്റെ ഇടപാടുകളാണ് നടന്നത്. 2019 ൽ 2,280 കോടി റിയാലിന്റെ ഇടപാടുകളാണ് നടത്തിയത്.

ഈ വർഷം രാജ്യത്തിന്റെ ഭൂ വിപണിയിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് വാല്യൂ സ്ട്രാറ്റിന്റെ വിലയിരുത്തൽ. വീടു വാങ്ങുന്നവർക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കി 8,200 പുതിയ പാർപ്പിട യൂണിറ്റുകൾ വിപണിയിലെത്തുമെന്നാണ് കണക്കുകൂട്ടൽ. ഇവയിൽ 80 ശതമാനം യൂണിറ്റുകളും ലുസെയ്ൽ, പേൾഖത്തർ, വെസ്റ്റ് ബേ എന്നിവിടങ്ങളിലാണ്. ഹോസ്പിറ്റാലിറ്റി, റീറ്റെയ്ൽ മേഖലയിലും ഈ വർഷം വലിയ മുന്നേറ്റങ്ങളുണ്ടാകും. 7,000 മുറികളും 750 അപ്പാർട്‌മെന്റുകളുമാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്.

പ്ലാസ ദോഹ, കത്താറ ടവർ, വാൽഡോർഫ് അസ്‌റ്റോറിയ, സുലാൽ വെൽനസ് റിസോർട്ട്, സൽവ ബീച്ച് റിസോർട്ട് എന്നിവയെല്ലാം ആതിഥേയ മേഖലയിലെ പുതിയ പദ്ധതികളിൽ ചിലതാണ്. നിർബന്ധിത ഹോട്ടൽ ക്വാറന്റീനും ആഭ്യന്തര ടൂറിസവും ഈ വർഷം ആദ്യ പകുതിയിലും ആതിഥേയ മേഖലയ്ക്ക് പിന്തുണ നൽകും. രണ്ടാം പകുതിയിൽ പ്രതീക്ഷിക്കുന്ന ക്വാറന്റീൻ നടപടികൾ പിൻവലിക്കൽ ടൂറിസത്തിന് ഉത്തേജനവുമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ജനുവരിയിൽ പുറത്തിറങ്ങിയ ഇന്റർനാഷനൽ മോനിറ്ററി ഫണ്ടിന്റെ റിപ്പോർട്ടിൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഈ വർഷം 2.5 ം വളർച്ച കൈവരിക്കുമെന്നാണ് വിലയിരുത്തൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA