ADVERTISEMENT

അബുദാബി∙ അനുജൻ അതിർത്തി കടന്നു, ചേട്ടന് 3 ലക്ഷം രൂപ (15,000 ദിർഹം) പിഴ. കോട്ടയം പുതുപ്പള്ളി മീനടം സ്വദേശിയും അബുദാബിയിൽ കൺസൽറ്റന്റുമായ പുന്നൂസ് ചാക്കോയ്ക്കാണു പിഴ കിട്ടിയത്. വാഹനത്തിന് പിഴയടിച്ചതായി സംശയിച്ചു പരിശോധിച്ചപ്പോഴാണ് 10000, 5000 ദിർഹം വീതം മറ്റു 2 പിഴ രേഖപ്പെടുത്തിയ വിവരം പുന്നൂസ് ചാക്കോ അറിയുന്നത്.

പിഴയിൽ രേഖപ്പെടുത്തിയ ഡിസംബർ 7നോ അതിനു മുൻപോ പുന്നൂസ് ചാക്കോ ദുബായിൽ പോയിട്ടുമില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 15 വർഷം മുൻപ് അനുജനും ടെക്നിഷ്യനുമായ അജി ഉതുപ്പിനു എടുത്തുകൊടുത്ത സിംകാർഡാണ് അതിർത്തി കടന്നതെന്നു മനസ്സിലായത്. ഒന്നര പതിറ്റാണ്ടായി അജിയാണ് ഈ സിംകാർഡ് ഉപയോഗിക്കുന്നത്. ഓഫിസ് ആവശ്യത്തിന് അജി ഒക്ടോബർ 21, നവംബർ 2, 17, 18, 30 തീയതികളിൽ 5 തവണ ദുബായിൽ പോയി തിരിച്ചെത്തിയിരുന്നു.

അപ്പോഴെല്ലാം പുന്നൂസ് ചാക്കോയുടെ പേരിലുളള സിം കാർഡ് അജിയുടെ കൈവശമുണ്ടായിരുന്നു. ഇതേസമയം അജി ആക്ടീവ് വാക്സീൻ വൊളന്റിയറായതിനാൽ അതിർത്തി കടക്കുന്നതിനും തിരിച്ചെത്തിയാലും പ്രത്യേക കോവിഡ് ടെസ്റ്റ് വേണ്ട. എന്നാൽ വൊളന്റിയർ സ്റ്റേറ്റസ് നിലനിർത്താൻ നേരത്തെ 2 ആഴ്ചയിൽ ഒരിക്കലും ഇപ്പോൾ ആഴ്ചയിൽ ഒരിക്കലും കോവിഡ് ടെസ്റ്റ് നടത്തുകയും ചെയ്യുന്നുണ്ട്.

ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ച് പബ്ലിക് പ്രോസിക്യൂഷന് തെളിവുസഹിതം ഡിസംബർ 27ന് പരാതി നൽകി കാത്തിരിക്കുകയാണ് ഇവർ. 15 വർഷമായി അബുദാബിയിലുള്ള അജി വീസ, എമിറേറ്റ്സ് ഐഡി, ബാങ്ക് തുടങ്ങി ഔദ്യോഗിക ആവശ്യങ്ങൾക്കെല്ലാം ഇതേ സിം കാർഡാണ് നൽകിയിരിക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു. തെളിവുകളുടെ ബലത്തിൽ പിഴ ഒഴിവാക്കി കിട്ടുമെന്നാണ് പ്രതീക്ഷയിലാണ് ചേട്ടനും അനുജനും.

പരാതി ഒരു മാസത്തിനകം

പലർക്കും ഇത്തരത്തിൽ പിഴ വന്നിട്ടുണ്ട്. സിംകാർഡ് മറ്റൊരാളുടെ കൈവശമായതിനാൽ എസ്എംഎസ് സന്ദേശം അറിയാതെ പോകുന്നു. പൊലീസ് ആപ്പിലോ എമിറേറ്റ്സ് ഐഡി നൽകി ടൈപ്പിങ് സെന്ററിലോ പരിശോധിക്കുമ്പോഴാണ് വിവരം അറിയുന്നത്. പിഴ രേഖപ്പെടുത്തി ഒരു മാസത്തിനകം തെളിവു സഹിതം പരാതിപ്പെട്ടില്ലെങ്കിൽ തുക അടയ്ക്കേണ്ടിവരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com