ADVERTISEMENT

ദോഹ∙ മൂന്ന് ഹെൽത്ത് സെന്ററുകളിലായി മൊഡേണയുടെ കോവിഡ് വാക്‌സീൻ വിതരണം തുടങ്ങി. അൽ വജ്ബ, ലിബെയ്ബ്, അൽതുമാമ എന്നീ ഹെൽത്ത് സെന്ററുകളിൽ ഇന്നലെ മുതലാണ്  വാക്‌സിനേഷൻ ആരംഭിച്ചത്. മാർച്ചിൽ വലിയ അളവിൽ മൊഡേണ വാക്‌സീൻ എത്തുമെന്നതിനാൽ കൂടുതൽ ഹെൽത്ത് സെന്ററുകളിലേക്ക് ഫൈസർ-ബയോടെക് കൂടാതെ മൊഡേണ വാക്‌സീനും ലഭ്യമാക്കുമെന്ന് പ്രാഥമിക പരിചരണ കോർപറേഷൻ മാനേജിങ് ഡയറക്ടർ ഡോ.മറിയം അബ്ദുൽ മാലിക് അറിയിച്ചു.

മുൻഗണനാ പട്ടികയനുസരിച്ച് അധികൃതരുടെ ക്ഷണം ലഭിക്കുന്നവർക്ക് മാത്രമാണ് ഹെൽത്ത് സെന്ററുകളിലും ഖത്തർ നാഷനൽ കൺവൻഷൻ സെന്ററിലെ താൽക്കാലിക വാക്‌സിനേഷൻ സെന്ററിലും വാക്‌സീൻ ലഭിക്കുന്നത്. 18 വയസ്സിൽ കൂടുതലുള്ളവർക്കാണു മൊഡേണ വാക്‌സീൻ നൽകുന്ന്. 16 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്ക് ഫൈസർ– ബയോടെക് വാക്സീൻ നൽകും. വാക്‌സീൻ എടുക്കാനെത്തുന്നവരോട് ഏത് കമ്പനിയുടെ വാക്‌സീൻ ആണ് നൽകുന്നത് എന്നത് അധികൃതർ അറിയിക്കും.

പക്ഷേ, ഏത് വാക്‌സീൻ സ്വീകരിക്കണം എന്നതുസംബന്ധിച്ച തിരഞ്ഞെടുക്കൽ നടത്താൻ പൊതുജനങ്ങൾക്ക് അനുമതിയില്ലെന്ന് നേരത്തെ പൊതുജനാരോഗ്യ മന്ത്രാലയം വാക്‌സിനേഷൻ മേധാവി അറിയിച്ചിരുന്നു. ഫൈസർ-ബയോടെക്കിന്റെ ആദ്യ ഡോസ് എടുത്ത് 21 ദിവസങ്ങൾക്ക് ശേഷമാണ് രണ്ടാമത്തെ ഡോസ് നൽകുക. അതേസമയം മൊഡേണയുടെ വാക്‌സീൻ എടുക്കുന്നവർക്ക് ആദ്യ ഡോസ് എടുത്ത് 28 ദിവസങ്ങൾക്ക് ശേഷമാണ് രണ്ടാമത്തെ ഡോസ് ലഭിക്കുക. 95 ശതമാനം ഫലപ്രാപ്തിയാണ് രണ്ടു കമ്പനികളുടെയും വാക്‌സീൻ ഉറപ്പാക്കുന്നത്.

ഡിസംബർ 23 മുതൽ ഫൈസർ-ബയോടെക് വാക്‌സീൻ ആണ് വിതരണം ചെയ്യുന്നത്. കഴിഞ്ഞ ആഴ്ചയാണ് വൻകിട ഫാർമസ്യൂട്ടിക്കൽ കമ്പനിയായ മൊഡേണയുടെ കോവിഡ് വാക്‌സീൻ രാജ്യത്തെത്തിയത്. രണ്ടു വാക്‌സീനുകളും സുരക്ഷിതവും ഫലപ്രദവുമാണെന്നും ആശങ്ക വേണ്ടെന്നും മന്ത്രാലയം അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.

വാക്സീൻ  സൂക്ഷിക്കാൻ രാജ്യാന്തര സംവിധാനം

ദോഹ∙ കോവിഡ് വാക്‌സീൻ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംഭരണ സൗകര്യം രാജ്യത്തിനുണ്ടെന്ന് അധികൃതർ. രാജ്യത്തെത്തുന്നത് മുതൽ ഹെൽത്ത് സെന്ററുകളിൽ വിതരണം നടത്തി പൊതുജനങ്ങൾക്ക് നൽകുന്നത് വരെ രാജ്യാന്തര നിലവാരത്തിലും മാനദണ്ഡങ്ങൾക്കും അനുസരിച്ച് തികച്ചും സുരക്ഷിതമായി തന്നെയാണ് ഫൈസർ-ബയോടെക്കിന്റെയും മൊഡേണയുടെയും വാക്‌സീൻ സൂക്ഷിക്കുന്നതെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്എംസി) ഡ്രഗ് സപ്ലൈ വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ.നോറ അൽ ഒബെയ്ദൻ വ്യക്തമാക്കി.

നിശ്ചിത താപനിലയിലാണോ എത്തിയത് എന്നതുൾപ്പെടെ വിദഗ്ധ സംഘം പരിശോധിച്ച് ഉറപ്പാക്കിയ ശേഷമാണ് വാക്‌സീൻ ബോക്‌സുകൾ കാർഗോയിൽ നിന്നും സ്വീകരിക്കുന്നത്. സ്വീകരിക്കൽ മുതൽ സംഭരണകേന്ദ്രത്തിലേക്കും അവിടെ നിന്ന് വിതരണത്തിനായി ഹെൽത്ത് സെന്ററുകളിലേക്കും എത്തിക്കുന്നതും എച്ച്എംസിയുടെയും പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെയും കർശന മുൻകരുതൽ, സുരക്ഷാ നടപടികൾ പാലിച്ചാണ്. നിർദേശിക്കപ്പെട്ട താപനിലയിലായിരിക്കും വാക്സീൻ സൂക്ഷിക്കേണ്ടത്. ഓരോ വാക്‌സീൻ പാക്കേജിലും 6 യൂണിറ്റുകളുണ്ടാകും. 6 മണിക്കൂർ മാത്രമേ ഇവ മുറിയിലെ താപനിലയിൽ സൂക്ഷിക്കാൻ പാടുള്ളു.

അതേസമയം മൊഡേണ വാക്‌സീൻ ഉപയോഗത്തിന് 30 ദിവസം മുൻപ് വരെ 2 മുതൽ 8 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കണം. 12 മണിക്കൂർ മാത്രമേ മുറിയിലെ താപനിലയിൽ സൂക്ഷിക്കാൻ കഴിയൂ. ഒരു പാക്കേജിൽ നിന്നും ഒരു ഡോസ് ഉപയോഗിച്ചാൽ അടുത്ത 6 മണിക്കൂറിനുള്ളിൽ പാക്കേജിലെ മുഴുവൻ ഡോസും ഉപയോഗിക്കുകയും വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com