sections
MORE

മൂന്നു തവണയില്‍ കൂടുതല്‍ തൊഴില്‍ മാറ്റം അനുവദിക്കരുതെന്ന് ശൂറ കൗണ്‍സില്‍

qatar
SHARE

ദോഹ ∙ ഖത്തറില്‍ പ്രവാസികള്‍ക്ക് മൂന്നു തവണയില്‍ കൂടുതല്‍ തൊഴില്‍ മാറ്റം അനുവദിക്കരുതെന്ന് ശൂറ കൗണ്‍സില്‍. ഒരു പ്രവാസി ജീവനക്കാരന് എത്ര തവണ തൊഴില്‍ മാറ്റം അനുവദിക്കുമെന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും മൂന്നു തവണയില്‍ കൂടുതല്‍ മാറ്റം അനുവദിക്കരുതെന്നും മന്ത്രിസഭയ്ക്ക് നല്‍കിയ ശുപാര്‍ശയിലാണ് ശൂറ കൗണ്‍സില്‍ നിര്‍ദേശിച്ചിരിക്കുന്നത്.

പ്രവാസികളുടെ തൊഴില്‍ മാറ്റവും മുന്‍കൂര്‍ അറിയിക്കാതെ രാജ്യത്തിന് പുറത്തു പോകലും സംബന്ധിച്ച വ്യവസ്ഥകളിലാണ് പുതിയ ശുപാര്‍ശകള്‍. സര്‍വീസസ് ആന്‍ഡ് പബ്ലിക് യൂട്ടിലിറ്റി, ആഭ്യന്തര-വിദേശകാര്യ കമ്മിറ്റികളുടെ സംയുക്ത കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ ചര്‍ച്ച നടത്തിയ ശേഷമാണ് ശുപാര്‍ശകളോടെ മന്ത്രിസഭയ്ക്ക് നല്‍കാന്‍ സ്പീക്കര്‍ അഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സെയ്ദ് അല്‍ മഹ്മൂദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം തീരുമാനിച്ചത്.

അനധികൃത തൊഴിലാളികളുടെ കാര്യത്തില്‍ നിയമ വ്യവസ്ഥകളില്‍ ഭേദഗതി വരുത്തിയും ഉചിതമായ സംവിധാനങ്ങള്‍ നടപ്പാക്കിയും നടപടി സ്വീകരിക്കണമെന്നും കൗണ്‍സില്‍ നിര്‍ദേശിച്ചിട്ടുണ്ട്. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം സംബന്ധിച്ച അപേക്ഷകളില്‍  തീരുമാനമെടുക്കാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്, ആഭ്യന്തര മന്ത്രാലയം എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെട്ട സ്ഥിര കമ്മിറ്റി തൊഴില്‍ മന്ത്രാലയത്തില്‍ രൂപീകരിക്കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

പ്രധാന ശുപാര്‍ശകള്‍

∙ ഒരു കമ്പനിയില്‍ ഒരു വര്‍ഷം 15 ശതമാനത്തില്‍ താഴെ ജീവനക്കാര്‍ക്കേ തൊഴിലുടമയുടെ അനുമതിയില്ലാതെ തൊഴില്‍ മാറ്റം അനുവദിക്കാന്‍ പാടുള്ളു. പ്രവാസി തൊഴിലാളികള്‍ തൊഴില്‍ മാറുമ്പോള്‍ ഏത് കമ്പനിയിലേക്കാണോ തൊഴില്‍മാറ്റം നടത്തുന്നത് ആ കമ്പനിയുടെ സാമ്പത്തിക ഭദ്രത, നിയമപരമായ സ്റ്റേറ്റസ് എന്നിവ ഉറപ്പാക്കാനും പുതിയ കമ്പനിയിലേക്ക് വീസയ്ക്ക് അനുമതി ലഭിക്കുമ്പോള്‍ ആദ്യത്തെ കമ്പനിയ്ക്ക് വീസ നഷ്ടം ഉണ്ടാകില്ലെന്നതും ഉറപ്പാക്കണം.

∙ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ തൊഴില്‍ കരാറുകളില്‍ തൊഴിലാളികളെ നിയമിക്കുമ്പോള്‍ കരാര്‍ കാലാവധി കഴിയുന്നതു വരെ തൊഴിലുടമയുടെ അനുമതിയോടു കൂടി മാത്രമേ തൊഴില്‍ മാറ്റം അനുവദിക്കാന്‍ പാടുളളു. വീസയും കരാറുമായി ബന്ധിപ്പിക്കുകയും വേണം. തൊഴില്‍ മാറുമ്പോള്‍ തൊഴിലാളിക്കായി കമ്പനി ചെലവാക്കിയ തുകയില്‍ ന്യായമായ നഷ്ടപരിഹാരവും നല്‍കണം.

∙ തൊഴിലാളിയുടെ തൊഴില്‍ മാറ്റ അപേക്ഷ അംഗീകരിക്കാത്ത സാഹചര്യത്തില്‍ (തൊഴിലാളി ജോലിയിലേക്ക് തിരികെയെത്താന്‍ യഥാര്‍ത്ഥ തൊഴിലുടമ താല്‍പര്യപ്പെടുന്നില്ലെങ്കില്‍) തൊഴിലാളിയുടെ സ്റ്റേറ്റസ് ഭേദഗതി ചെയ്യുന്നതിന് ഉചിതമായ നടപടികള്‍ സ്വീകരിക്കണം. രാജ്യത്തിന് പുറത്തു പോകുന്നതിന് 3 ദിവസം മുന്‍പായി തൊഴിലുടമയെ മെട്രാഷ് ആപ്ലിക്കേഷന്‍ അല്ലെങ്കില്‍ എസ്എംഎസ് സന്ദേശം മുഖേന അറിയിക്കാനുള്ള സംവിധാനം ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തണം.

∙ തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ ഒപ്പുവെയ്ക്കുന്ന കരാര്‍ കാലാവധി കൃത്യമായി നിര്‍ണയിക്കപ്പെടണം. കരാര്‍ കാലാവധിയില്‍ തൊഴില്‍ മാറ്റത്തിന് അനുവദിക്കരുത്. നീതിയുക്തമായ കാരണങ്ങളില്ലാതെ അല്ലെങ്കില്‍ തൊഴിലുടമയുടെ അനുമതിയോടെ അല്ലാതെ കരാര്‍ 2 വര്‍ഷത്തില്‍ കൂടാന്‍ പാടില്ല. തൊഴിലുടമയുടെ അനുമതിയില്ലാതെ രാജ്യത്തിന് പുറത്തു പോകാന്‍ അനുമതിയുള്ള ജീവനക്കാരുടെ എണ്ണം അഞ്ചില്‍ നിന്നും 10 ശതമാനമാക്കി ഉയര്‍ത്തണം. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലും കമ്പനികളിലും ഇത്തരത്തിലുള്ള ജീവനക്കാരുടെ എണ്ണം പരിമിതമായതിനെ തുടര്‍ന്നാണ് പുതിയ നിര്‍ദേശം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA