ADVERTISEMENT

അബുദാബി∙ വാക്സീൻ എടുത്തവർക്കും വാക്സീൻ പരീക്ഷണത്തിൽ പങ്കാളികളായ വൊളന്റിയർമാർക്കും നാട്ടിൽ പോയി വന്നാൽ 10 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കി. ഗ്രീൻ പട്ടികയിൽ അല്ലാത്ത രാജ്യക്കാർക്കെല്ലാം ക്വാറന്റീൻ നിർബന്ധമാക്കിയ പശ്ചാത്തലത്തിലാണിത്.

വാക്സീൻ എടുത്തവർക്കും വൊളന്റിയർമാർക്കും സ്വന്തം പേരിൽ താമസ സൗകര്യമുണ്ടെങ്കിൽ സ്മാർട് വാച്ച് ധരിപ്പിച്ചു വീട്ടിലേക്കും അല്ലാത്തവരെ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റീനിലേക്കുമാണ് മാറ്റുന്നത്. എട്ടാം ദിവസം പിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവായാൽ പത്താം ദിവസം ക്വാറന്റീൻ അവസാനിപ്പിക്കാം.ഡിസംബർ 14, ജനുവരി 8 തീയതികളിൽ 2 ഡോസ് വാക്സീൻ എടുത്ത് 28 ദിവസത്തിനുശേഷം നാട്ടിൽ പോയ മലപ്പുറം താഴക്കോട് പുത്തൂർ സ്വദേശിയും മുസഫയിലെ ബിൻ നാസർ ഹാർഡ് വെയർ ഉടമയുമായ അബ്ദുൽ റഷീദ് കാഞ്ഞിലത്ത് വെള്ളിയാഴ്ച അബുദാബിയിൽ തിരിച്ചെത്തിയപ്പോൾ നേരെ ഹോം ക്വാറന്റീനിലേക്ക്  വിടുകയായിരുന്നു.

വാക്സീൻ എടുത്തവർക്ക് ക്വാറന്റീൻ വേണ്ടെന്ന നിയമം മാറ്റിയെന്നും ഇപ്പോൾ ക്വാറന്റീൻ നിർബന്ധമാണെന്നും നിർദേശിച്ചായിരുന്നു നടപടി.ഓഗസ്റ്റിൽ വാക്സീൻ പരീക്ഷണത്തിൽ പങ്കാളിയായ അബുദാബി സമായാ ഐ ഹോസ്പിറ്റലിലെ ഒപ്ടോമട്രിസ്റ്റും അങ്കമാലി സ്വദേശിയുമായ നിതിൻ പോൾ നാട്ടിൽ പോയി ഫെബ്രുവരി ഒന്നിനു തിരിച്ചെത്തിയപ്പോഴും ക്വാറന്റീനിൽ ഇരിക്കേണ്ടിവന്നു. വൊളന്റിയറായ നിതിനെ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റീനിലേക്കാണു മാറ്റിയത്. സ്മാർട് വാച്ച് കെട്ടി വീട്ടിലേക്കു വിട്ടാൽ തനിച്ചു താമസിക്കുന്ന തനിക്കു ഭക്ഷണം വാങ്ങാനോ മറ്റോ പുറത്തുപോകാൻ സാധിക്കാതെ വരുമെന്നും അതിനാൽ സർക്കാർ ക്വാറന്റീനിൽ തന്നെ കഴിയുകയായിരുന്നു നിതിൻ പറഞ്ഞു.

ക്വാറന്റീനിൽ നല്ല ഭക്ഷണവും താമസ സൗകര്യവുമുണ്ട്. എങ്കിലും‍ വരുന്നവർ ശുചിമുറിയിലേക്കു പോകുമ്പോൾ ഉപയോഗിക്കാനായി സാധാരണ ചെരിപ്പ്, ആവശ്യക്കാർക്കു ചായയും ചൂടുവെള്ളവും എടുക്കാനായി ഒരു കപ്പ്, ടീബാഗ്, ഒരു ബെഡ് ഷീറ്റ്, മൊബൈൽ ചാർജർ എന്നിവ കരുതുന്നത് നന്നായിരിക്കുമെന്നും നിതിൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com