ADVERTISEMENT

മനാമ∙ ബഹ്‌റൈനിൽ പത്രനിയമ ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം. നിയമ-നിയമനിർമാണ മന്ത്രിതല സമിതി സമർപ്പിച്ച ഭേദഗതി പ്രധാനമന്ത്രി സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം പാർലമെന്റിന്റെ  പരിഗണനയ്ക്ക് വിട്ടു.മാധ്യമരംഗത്ത് നിയമം സമഗ്രമാകണമെന്ന ഹമദ് ബിൻ ഈസാ അൽ ഖലീഫ രാജാ‍വിന്റെ താത്പര്യമനുസരിച്ചാണ് 2002ലെ നിയമത്തിൽ സർക്കാർ ഭേദഗതി കൊണ്ടുവന്നത്. 

ആവിഷ്കാര സ്വാതന്ത്ര്യം ശക്തമാക്കുന്നതിനും മാധ്യമമേഖലയിലെ ഇടപെടലുകൾ വ്യക്തമായ നിയമത്തിന്റെ പരിരക്ഷയിൽ ഉൾപ്പെടുത്തുന്നതിനും സഹായിക്കുന്ന ഭേദഗതികൾ ഡിജിറ്റൽ രംഗത്തേക്കുള്ള പരിഷ്കരണവും വാർത്താവിനിമയ-വിതരണ സംവിധാനവും ശക്തിപ്പെടാൻ പ്രയോജനപ്പെടുമെന്നും സർക്കാർ കരുതുന്നു. മാധ്യമ കമ്പനികളുടെ വെബ്സൈറ്റുകൾക്ക് ലൈസൻസിങ് സംവിധാനം ഭേദഗതി നിർദേശിക്കുന്നു. വ്യക്തിഗത ഓൺ‌ലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് ഈ നിർദേശം ബാധകമാക്കില്ല. 

തൊഴിലിന്റെ  പേരിൽ മാധ്യമപ്രവർത്തകർ തടവിലാകുന്ന സാഹചര്യം ഉണ്ടാകില്ലെന്നും ഭേദഗതി ഉറപ്പുനൽകുന്നു. 

അതുവഴി മാധ്യമസ്വാതന്ത്ര്യം ശക്തിപ്പെടുകയും കടമനിർവഹണത്തിൽ മാധ്യമപ്രവർത്തകർക്ക് കൂടുതൽ കരുത്ത് നൽകുകയും ചെയ്യും. മൂല്യങ്ങളും തത്വങ്ങളും അവകാശങ്ങളും സംരക്ഷിക്കപ്പെടണം എന്നതാണ് ഭേദഗതിയുടെ മറ്റൊരു ലക്ഷ്യം. 

മാധ്യമങ്ങൾ സൂക്ഷ്മതയും വിശ്വാസ്യതയും സുതാര്യതയും സത്യസന്ധതയും ഉറപ്പാക്കണമെന്നും ഭേദഗതി നിർദേശിക്കുന്നു.

മറ്റുള്ളവരുടെ അവകാശങ്ങളെ ബഹുമാനിക്കുന്നതിനും ദേശീയ സുരക്ഷയും പൊതുവികാരങ്ങളും മൂല്യങ്ങളും സംരക്ഷിക്കുന്നതിനും വംശീയ, മതപരമായ വിദ്വേഷങ്ങൾ വളർത്താതിരിക്കാനും മാധ്യമങ്ങൾ ശ്രദ്ധിക്കണം. ‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com