ADVERTISEMENT

ദുബായ്∙ വോട്ടെടുപ്പിന് നാട്ടിൽ പോകാൻ കഴിഞ്ഞില്ലെങ്കിലും പരമാവധി വോട്ടർമാരെ ഫോണിൽ വിളിച്ച് വോട്ട് ഉറപ്പിക്കുന്ന തിരക്കിലായിരുന്നു പ്രവാസികൾ. പോളിങ് നിരക്കിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് ഫോൺവിളികളുടെ എണ്ണവും ദൈർഘ്യവും കൂടിയും കുറഞ്ഞുമിരുന്നു. കോവിഡ് ചട്ടങ്ങൾ കാരണം ഒത്തുകൂടുന്നതിന് ബുദ്ധിമുട്ടുണ്ടായിരുന്നതിനാൽ ഓൺലൈൻ വഴിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. വെബ്സൈറ്റിൽനിന്ന് അതതു പഞ്ചായത്തിലെ വോട്ടർ പട്ടികയെടുത്ത് പ്രവർത്തകർക്കു വീതിച്ചുകൊടുത്ത് ഫോണിൽ വിളിച്ചാണ് സംഘടനാ തലത്തിൽ വോട്ടഭ്യർഥന നടത്തിയിരുന്നത്. ഇന്നലെ അവസാന റൗണ്ട് വിളികളും നടന്നു. ബൂത്തുകളിൽ പരമാവധി ആളുകളെ എത്തിക്കണമെന്ന് ഇടതു പ്രവർത്തകർക്ക് സംഘടനാ നിർദ്ദേശവുമുണ്ടായിരുന്നു. വോട്ടു ചെയ്യാത്തവരെ വീണ്ടും വിളിച്ച് നിർബന്ധിക്കുകയും ചെ്യതിരുന്നു. 

ഇതിനൊപ്പം സൈബർ സംഘം അവസാന പൊടിക്കൈകളും ട്രോളുകളും ഒരുക്കുന്ന തിരക്കിലായിരുന്നു. പ്രാദേശിക  വിഷയങ്ങളെ അടിസ്ഥാനമാക്കിയും ഇത്തവണ ട്രോളുകൾ ഇറക്കിയിരുന്നു. എങ്കിലും ഖദർ വേഷമിട്ട് എല്ലാവരും ഒത്തുകൂടുമ്പോൾ കിട്ടുന്ന ആവേശം വീടുകളിലിരുന്ന് ഓൺലൈൻ വഴിയുള്ള ഏകോപനത്തിന് കിട്ടുന്നില്ലെന്ന പരിഭവവും ചില യുഡിഎഫ് പ്രവർത്തകർ പങ്കുവച്ചു. സംഘടനാ പ്രവർത്തനമില്ലാത്തവർ  സ്വന്തം നിലയ്ക്ക് ഫോൺ വിളികൾ നടത്തി ബന്ധുക്കളുടെ വോട്ട് ഉറപ്പാക്കുന്നുണ്ടായിരുന്നു. 

സ്ഥിതി വിലയിരുത്താൻ കോൺഗ്രസ് അനുകൂല സംഘടനയായ ഇൻകാസ്  രാത്രി   പ്രത്യേക ഓൺലൈൻ യോഗം വിളിച്ചിരുന്നു. ഇന്നും യോഗമുണ്ട്. 

കുവൈത്ത് സിറ്റി∙ വോട്ട് ചെയ്യാൻ  നാട്ടിലെത്തിയില്ലെങ്കിലും വോട്ട് ചെയ്യാൻ പ്രേരിപ്പിച്ച് പ്രവാസികൾ. വിമാന സർവീസ് ഇല്ലാത്തതും ക്വാറൻ‌റീനുമൊക്കെ  കാരണം ഇത്തവണ തിരഞ്ഞെടുപ്പു കാലത്ത് നാട്ടിലെത്താൻ ആവേശമുണ്ടായില്ല.

എങ്കിലും,  വോട്ട് ചെയ്യാൻ വേണ്ടപ്പെട്ടവരെ പ്രേരിപ്പിക്കുന്ന തിരക്കിലായിരുന്നു മിക്കവരും. രാഷ്ട്രീയ പാർട്ടികളുടെ പോഷക  സംഘടനകളിൽ‌പ്പെട്ടവർ പലരും ഇന്നലെ ഈ ദൗത്യത്തിൽ മുഴുകി. കിട്ടാവുന്ന വോട്ടുകൾ മുന്നണി സ്ഥാനാർഥിക്ക് ഉറപ്പാക്കുന്നതിനുള്ള പരിശ്രമം വോട്ടെടുപ്പ് പൂർത്തിയാവും വരെ തുടർന്നു. ഇതിന് വാട്സാപ്പ് തന്നെ ധാരാളം എന്ന നിലയിലായിരുന്നു പലരും.കടുത്ത മത്സരമുള്ള നിയോജകമണ്ഡലങ്ങളിൽ നിന്നുള്ളവർക്കായിരുന്നു കൂടുതൽ ആവേശം. അവർ ഒരു വോട്ടുപോലും പാഴായിപ്പോകാതിരിക്കാൻ കരുതലോടെ പ്രവർത്തിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ കാലത്തേതിനെക്കാൾ ആവേശം പ്രവാസികൾ പ്രകടിപ്പിച്ചത് വോട്ടെടുപ്പ് ദിവസമായ ഇന്നലെയായിരുന്നുവെന്നതാണ് വസ്തുത.

ദോഹ∙ നാട്ടിലെ വോട്ടെടുപ്പ് ആവേശത്തിൽ തന്നെയായിരുന്നു ദോഹയിലെ മിക്ക പ്രവാസി മലയാളികളും. പോളിങ്ങ് ബൂത്തുകളിലെ വോട്ടെടുപ്പ് ശതമാനം വിലയിരുത്തി വിജയസാധ്യതകൾ കണക്കുകൂട്ടുന്നതിന്റെ തിരക്കിലായിരുന്നു പലരും.  രാവിലെ മുതൽ ടെലിവിഷൻ ചാനലുകളുടെയും ഓൺലൈൻ മാധ്യമങ്ങളുടെയും നടുവിൽ ഒറ്റയ്ക്കും സുഹൃത്തുക്കൾക്കൊപ്പവുമിരുന്ന് ആർക്കാണ് വിജയസാധ്യതയെന്ന ഗൗരവ ചർച്ചകളും സജീവമായിരുന്നു. നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണിൽ വിളിച്ച് വോട്ടു ചെയ്‌തോയെന്ന് ഉറപ്പിച്ചവരും കുറവല്ല.  

കള്ളവോട്ടു നടന്നില്ലെങ്കിൽ യുഡിഎഫ് വിജയിക്കുമെന്ന് പറയുന്നവരും എൽഡിഎഫിന്റെ തുടർഭരണം ഉറപ്പെന്ന് ആത്മവിശ്വാസം പ്രകടമാക്കിയവരും ധാരാളം. ഇനി ഒരു മാസം വോട്ടു ചർച്ചകൾ തുടരുമെങ്കിലും സ്വന്തം മണ്ഡലത്തിന്റെ ചിന്തകളും നിലപാടുകളും അറിയാനും  തങ്ങളുടെ സ്ഥാനാർഥി  വിജയിക്കുമോ എന്ന ടെൻഷനിലും തന്നെയാകും മിക്ക പ്രവാസി  മലയാളികളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com