ADVERTISEMENT

ദുബായ് ∙ 6 മാസം നീളുന്ന എക്സ്പോയ്ക്ക് കൊടിയിറങ്ങുമ്പോൾ മറ്റൊരു സ്മാർട് ദുബായ്ക്ക് ‘ടേക് ഓഫ്'. സാങ്കേതിക വിദ്യകൾ, പദ്ധതികൾ, അവസരങ്ങൾ തുടങ്ങിയവയുടെ രാജ്യാന്തര ആസ്ഥാനമായി എക്സ്പോ വേദിയായ 'ഡിസ്ട്രിക്ട് 2020' മാറും. ഇതിനുള്ള ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാൻ തയാറായി. 

പദ്ധതി മേഖലയിലെ  85 ശതമാനത്തിലേറെ നിർമിതികളും തുടർപദ്ധതികളുടെ ആസ്ഥാനമാകും. നിർമിതബുദ്ധി ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകളിലൂടെയുള്ള പുതുയുഗപ്പിറവിക്കാണ് എക്സ്പോ വേദി ഒരുങ്ങുന്നത്. ഒക്ടോബർ ഒന്നുമുതൽ അടുത്തവർഷം മാർച്ച് 31വരെയാണ് 192 രാജ്യങ്ങൾ പങ്കെടുക്കുന്ന എക്സ്പോ. 

ദുബായ് സൗത്തിൽ അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിനടുത്ത് 438 ഹെക്ടറിലാണ് എക്സ്പോ വേദി. വിവിധ പ്രമേയങ്ങളെ അടിസ്ഥാനമാക്കി ഡിസ്ട്രിക്ടുകൾ, സോണുകൾ എന്നിങ്ങനെ തിരിച്ചാണ് രൂപകൽപന. കൊമേഴ്സ്യൽ ഡിസ്ട്രിക്ടിൽ മാത്രം 8  സോണുകളിലായി  850 ടവറുകൾ.

അർബൻ വില്ലേജ്, ലെയ്ക് ഡിസ്ട്രിക്ട്, ദ് സെവൻ ടവേഴ്സ്, സെൻട്രൽ പാർക്ക്, ക്രിയേറ്റീവ് കൊമേഴ്സ്യൽ ഡിസ്ട്രിക്ട്, ഗ്രാൻഡ് സെൻട്രൽ, ബിസിനസ് ഡിസ്ട്രിക്ട്, റസിഡൻഷ്യൽ ക്രസന്റ് എന്നിവയാണു പ്രധാന മേഖലകൾ.

പവിലിയനുകൾ ടൂറിസം കേന്ദ്രമാകും

മൊബിലിറ്റി, സസ്റ്റെയ്നബിലിറ്റി, ഓപ്പർച്യൂണിറ്റി പവിലിയനുകൾ, 2 പാർക്കുകൾ, ജലാശയങ്ങൾ എന്നിവ രാജ്യത്തെ പ്രധാന വിനോദസഞ്ചാര മേഖലകളാകും. രാജ്യാന്തര മേളകൾ ഇവിടെയാകും സംഘടിപ്പിക്കുക. പ്രകൃതിയിലെ അദ്ഭുതങ്ങൾ മനസ്സിലാക്കാൻ കഴിയുന്നതാണ് സസ്റ്റെയ്നബിലിറ്റി പവിലിയൻ എന്ന അതിവിശാല ലോകം. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ഇപ്പോൾ നടക്കുന്ന പ്രധാന രാജ്യാന്തര മേളകൾ ഭാവിയിൽ എക്സ്പോ എക്സിബിഷൻ സെന്ററിലാകും അരങ്ങേറുക. 

Her Excellency Reem Al Hashimy recording video for MBZ Majlis
എക്സ്പോ 2020 ഒരുക്കങ്ങൾ വിലയിരുത്താൻ ചെയർമാനും ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റുമായ ഷെയ്ഖ് അഹമ്മദ് ബിൻ സായിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നപ്പോൾ.

എക്സ്പോയ്ക്ക് അപ്പുറം സ്മാർട്  ലക്ഷ്യങ്ങൾ

ലോകം സംഗമിക്കുന്ന മെഗാ മേളയ്ക്കും അപ്പുറമാണ് ദുബായ് എക്സ്പോയെന്ന് എക്സ്പോ 2020 ദുബായ് ചീഫ് ഡവലപ്മെന്റ് ആൻഡ് ഡെലിവറി ഓഫിസർ അഹമ്മദ് അൽ ഖതീബ്. 

എക്സ്പോ അവസാനിക്കുമ്പോൾ പുതിയ പദ്ധതികൾക്കായി വേദി നവീകരിക്കും. നേരത്തേ നിശ്ചയിച്ചതിലും കൂടുതൽ മേഖലകളിലെ നിർമിതികൾ അതേപടി നിലനിർത്തും. നവീകരണ പ്രവർത്തനങ്ങൾക്ക് 9 മാസം മുതൽ ഒരുവർഷം വരെ വേണ്ടിവരും. തുടർന്ന് ഇവിടം പുതിയ സംരംഭങ്ങളുടെയും സാങ്കേതികവിദ്യകളുടെയും ലോകോത്തര കേന്ദ്രങ്ങളുടെയും മുഖ്യകേന്ദ്രമായി മാറും.  മേഖലയെ ലോജിസ്റ്റിക്സ് സേവനങ്ങളുടെ രാജ്യാന്തര ആസ്ഥാനമാക്കുന്നതും പദ്ധതിയുടെ ഭാഗം. വിമാനത്താവളം, ചരക്കു സംഭരണം എന്നിവ ഉൾപ്പെടുന്ന  സ്മാർട് കേന്ദ്രം. ദുബായ് നഗരത്തിനുള്ളിൽ ലോകത്തിനു വഴികാട്ടുന്ന ഉപനഗരം ഒരുങ്ങും.

എക്സ്പോ വേദിയുടെ 'ഡിജിറ്റൽ ട്വിൻ' യാഥാർഥ്യമാക്കും. ഡിജിറ്റൈസ് സംവിധാനങ്ങളുടെ സമഗ്രവിവരങ്ങൾ ലഭ്യമാക്കുന്ന ഹൈടെക് ലോകമാണിത്. ഡേറ്റകൾ ശേഖരിക്കാനും അപഗ്രഥിക്കാനും സേവനം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും കഴിയും. 

പ്രദർശന കേന്ദ്രങ്ങൾ, മെട്രോ സ്റ്റേഷൻ, ഹരിത മേഖലകൾ, ഗതാഗതം, പാർക്കിങ് തുടങ്ങിയവ ഡിജിറ്റൽ ശൃംഖലയുടെ ഭാഗമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com