ADVERTISEMENT

അബുദാബി ∙ റമസാനെ വരവേൽക്കാൻ യുഎഇ ഒരുങ്ങി. ആരാധനാലയങ്ങൾ വെള്ള പൂശിയും കഴുകി വൃത്തിയാക്കി പുതിയ പരവതാനി വിരിച്ചും തയാറെടുപ്പ് പൂർത്തിയാക്കി. അകലം പാലിച്ച് 30% പേർക്കാണ് പ്രവേശനം. ഇതിനായി പ്രത്യേക സ്റ്റിക്കർ പതിച്ച് അടയാളപ്പെടുത്തി. കോവിഡ് കാലത്തെ രണ്ടാമത്തെ റമസാനാണിത്. 

വീടുകളിലും ശുചിത്വവാരാചരണം തുടങ്ങി. വ്രതാനുഷ്ഠാനത്തിന്റെ പവിത്രത കളങ്കപ്പെടുത്തുന്ന പ്രവൃത്തികൾ സ്വദേശികളുടെയും വിദേശികളുടെയും ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലെന്ന് മതകാര്യ വിഭാഗം ഓർമിപ്പിച്ചു. കൂട്ടംകൂടാതെയും അകലവും ശുചിത്വവും പാലിച്ചും ആരോഗ്യസുരക്ഷ ഉറപ്പുവരുത്തമെന്ന് ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതി അറിയിച്ചു. 

ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കണം 

റമസാനിൽ പകൽ തുറക്കുന്ന ഭക്ഷണശാലകൾ പ്രത്യേക മറ ഏർപ്പെടുത്തണമെന്ന് നേരത്തെ നിർദേശിച്ചിരുന്നു. പൊതു സ്വകാര്യ സ്ഥലങ്ങളിലെ മതപ്രഭാഷണങ്ങളും ഓൺലൈനിലായിരിക്കണമെന്നും നിർദേശിച്ചു. 

ജാഗ്രത പാലിക്കാം, ആരോഗ്യം കാക്കാം...

∙ഒത്തുചേരലും കുടുംബ കൂട്ടായ്മകളും പാടില്ല. 

∙നോമ്പുതുറ, അത്താഴ വിഭവങ്ങൾ ഒരു കുടുംബത്തിലെ അംഗങ്ങൾ മാത്രമേ കഴിക്കാവൂ.  

∙മറ്റു കുടുംബങ്ങളുമായി ഭക്ഷണം കൈമാറരുത്.

∙റമസാനുമായി ബന്ധപ്പെട്ട ഒത്തുചേരൽ അനുവദിക്കില്ല.

∙ഇഫ്താർ ടെന്റ്, ഭക്ഷണവിതരണം പാടില്ല

∙റസ്റ്ററന്റുകൾക്കു പുറത്തു ഭക്ഷണവിതരണം പാടില്ല

∙പ്രത്യേക അനുമതി എടുത്ത് തൊഴിലാളി ക്യാംപിൽ ഭക്ഷണം വിതരണം ചെയ്യാം. ഇതിനു ഏതെങ്കിലും റസ്റ്ററന്റുമായി കരാറുണ്ടാക്കണം. 

∙ഇശാ, തറാവീഹ് നമസ്കാരങ്ങൾ അര മണിക്കൂറിനകം തീർക്കണം.

∙പ്രാർഥനയ്ക്കു മുൻപും ശേഷവും പള്ളിയും പരിസരവും അണുവിമുക്തമാക്കണം.

∙ഖുർആൻ പ്രതികൾ പള്ളികളിൽ വയ്ക്കരുത്. പാരായണം സ്മാർട് ഫോണുകളിലാകാം.

∙അവസാന 10 ദിവസത്തെ ഭജനയിരിപ്പ് (ഇഅ്തികാഫ്) അപ്പോഴത്തോ കോവിഡ് പരിസ്ഥിതിയനുസരിച്ചു തീരുമാനിക്കും.

∙റമസാനിൽ പരിശോധന വ്യാപകമാക്കും. നിയമലംഘകർക്കെതിരെ കടുത്ത നടപടി.

∙വയോധികരും ഗുരുതര രോഗമുള്ളവരും വീട്ടിൽ തന്നെ കഴിയുന്നതാണ് ഉചിതം.

∙ വീടിനു പുറത്തുള്ള സമയങ്ങളിലെല്ലാം മാസ്ക് നിർബന്ധം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com