ദുബായ് ∙ മേഖലയിലെ ആദ്യ ഇലക്ട്രിക് ഫയർ എൻജിൻ പുറത്തിറക്കി. നിലവിലുള്ള ഫയർ എൻജിനുകളേക്കാൾ ചെലവു കുറഞ്ഞതും 30% പ്രവർത്തനക്ഷമത കൂടിയതുമായ വാഹനമാണിത്. 20 മിനിറ്റ് കൊണ്ടു റീചാർജ് ചെയ്യാം.
വേൾഡ് ട്രേഡ് സെന്ററിൽ നടന്ന 'കസ്റ്റം ഷോ എമിറേറ്റ്സ്' മേളയിൽ ഉന്നത സിവിൽ ഡിഫൻസ്-പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. ഒരു തവണ ചാർജ് ചെയ്താൽ 500 കിലോമീറ്ററോളം ഒാടിക്കാനാകുമെന്ന് സിവിൽ ഡിഫൻസ് ഡയറക്ടർ മേജർ ജനറൽ റാഷിദ് താനി അൽ മത്രൂഷി പറഞ്ഞു. വാഹനത്തിൽ 6 ഉദ്യോഗസ്ഥർക്കു കയറാം. യന്ത്രഘടകങ്ങളുടെ നിയന്ത്രണത്തിനുള്ള 17 ഇഞ്ച് സ്ക്രീനിൽ നിന്നുള്ള വിവരങ്ങൾ തത്സമയം സിവിൽ ഡിഫൻസ് ആസ്ഥാനത്തും ലഭ്യമാകും.
വിശദാംശങ്ങൾ സൂക്ഷിച്ചുവയ്ക്കാനും കഴിയും. ജലസംഭരണിക്ക് 4,000 ലീറ്റർ ശേഷിയുണ്ട്. വാഹനത്തിനു മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ പോകാനാകും.