sections
MORE

നിർമിതബുദ്ധി കൂടുതൽ മേഖലകളിലേക്ക്

robot
SHARE

ദുബായ് ∙ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിൽ ഉൾപ്പെടെ നിർമിതബുദ്ധിയുടെ വൻ സാധ്യതകൾ വ്യാപിപ്പിക്കാൻ പൊലീസ്. ഫൊറൻസിക്, റോഡ് സുരക്ഷ, ദുരന്തനിവാരണം, സ്മാർട് പൊലീസ് സ്റ്റേഷനുകൾ, ഉപഭോക്തൃ സേവന കേന്ദ്രങ്ങൾ എന്നീ മേഖലകളിലും നിർമിതബുദ്ധി കൂടുതൽ ഉപയോഗപ്പെടുത്താനുള്ള സമഗ്ര പദ്ധതിക്കു രൂപം നൽകി. 

ഇതുവരെ നടപ്പാക്കിയ സ്മാർട് സാങ്കേതിക വിദ്യകൾ യുഎഇ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കോണമി സഹമന്ത്രി ഒമർ സുൽത്താൻ അൽ ഒലാമ വിലയിരുത്തി. 

ദുബായ് പൊലീസ് ആസ്ഥാനത്ത് എത്തിയ അദ്ദേഹത്തെ പൊലീസ് മേധാവി ലഫ്.ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരും ചേർന്നു സ്വീകരിച്ചു. ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി വിവിധ മേഖലകളിൽ വൻ മുന്നേറ്റമാണ് പൊലീസ് നടത്തുന്നതെന്ന് അൽ ഒലാമ പറഞ്ഞു. 

നടപടിക്രമങ്ങൾ അതിവേഗത്തിൽ കൃത്യതയോടെ പൂർത്തിയാക്കാൻ നിർമിതബുദ്ധി സഹായിക്കും.എക്സ്പോ ആകുമ്പോഴേക്കും ഈ രംഗത്ത് കൂടുതൽ ലക്ഷ്യങ്ങൾ നേടുമെന്നും വ്യക്തമാക്കി. 

കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ

സുരക്ഷാ സംവിധാനങ്ങൾ ഏകോപിപ്പിക്കുന്ന പ്രധാനകേന്ദ്രം. ദുബായിയെക്കുറിച്ചുള്ള പൂർണവിവരങ്ങൾ ഒറ്റനോട്ടത്തിൽ അറിയാൻ കഴിയുന്ന 3ഡി മാപ് ഇവിടെയുണ്ട്. പൊലീസ് പട്രോളിങ് വിഭാഗങ്ങളുടെ പ്രവർത്തനം, അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്ന വിധം, രക്ഷാപ്രവർത്തനങ്ങൾ എന്നിവയെല്ലാം ഈ കേന്ദ്രത്തിലിരുന്നു കാണുകയും നിയന്ത്രിക്കുകയും ചെയ്യാം. 

സൈബർ സുരക്ഷയ്ക്ക് ഇ-ക്രൈം വിഭാഗം

സൈബർ കുറ്റവാളികളെ നിരീക്ഷിക്കുകയും വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സുരക്ഷയൊരുക്കുകയും ചെയ്യും. സംശയാസ്പദ മെയിലുകൾ, സമൂഹമാധ്യമങ്ങളിലെ അപകീർത്തികരമായ പരാമർശങ്ങൾ, ഓൺലൈൻ ഭീഷണികൾ, ബാങ്ക് അക്കൗണ്ടിലെ പണം ചോർത്തൽ എന്നിവയ്ക്കെതിരെ നടപടി സ്വീകരിക്കും. കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ ഇടപാടുകൾ കൂടിയതോടെ തട്ടിപ്പുകൾ വ്യാപകമായി. 

ബാങ്ക് വിവരങ്ങൾ ചോർത്തുക, ഭീഷണിപ്പെടുത്തുക, സഹായം വാഗ്ദാനം ചെയ്യാനെന്ന പേരിൽ സമീപിക്കുക തുടങ്ങിയവയാണ് പ്രധാന തട്ടിപ്പുരീതികൾ.

police

സ്മാർട് സെക്യൂരിറ്റി പ്രെഡിക്‌ഷൻ 

കുറ്റകൃത്യങ്ങളുടെ സ്വഭാവവും കുറ്റവാളികളെക്കുറിച്ചുള്ള പൂർണ വിവരങ്ങളും ഉൾപ്പെടുന്ന വിവരശേഖരം ഇവിടെയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് മുൻകരുതൽ നടപടികൾ സ്വീകരിക്കും. നിയമനിർമാണം, പുതിയ സാങ്കേതിക സംവിധാനങ്ങൾ തുടങ്ങിയവയ്ക്കും  ഇതു സഹായകമാണ്. 

കടലിലും കരയിലും കരുതൽ

ജലയാനങ്ങളുടെ സുരക്ഷ, വാഹനങ്ങളുടെ നിയമലംഘനം, റോഡ് നിരീക്ഷണം തുടങ്ങിയവയ്ക്ക് സ്മാർട് സംവിധാനങ്ങൾ വ്യാപകമായി ഉപയോഗപ്പെടുത്തുന്നു. 

3 വർഷം മുൻപു തുടങ്ങിയ പൊലീസ് ആപ്  നിർമിതബുദ്ധി (എഐ) ഉപയോഗപ്പെടുത്തി വിപുലമാക്കി. 7 എമിറേറ്റുകളിലെയും പൊലീസ് ശൃംഖലയെ സ്മാർട് സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്

കടലിൽ അപകടത്തിൽപ്പെട്ടാൽ പൊലീസ് ആപ്പിലൂടെ സഹായംതേടാനും ദൗത്യസംഘത്തിനു സ്ഥലം കൃത്യമായി കണ്ടെത്താനും കഴിയും. ഡ്രോണുകൾ സഹിതം സർവസന്നാഹങ്ങളുമായി പൊലീസ് എത്തും.. 

കാലാവസ്ഥാ മാറ്റം, കടലിലെ അപകട മേഖലകൾ, ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ എന്നിവയെക്കുറിച്ച് മുന്നറിയിപ്പു നൽകാൻ പൊലീസിനു കഴിയും. 

house

വീടുകൾക്ക് സംരക്ഷണം

വീടുകളുടെ സംരക്ഷണത്തിന് മുഴുവൻ സമയ നിരീക്ഷണ സംവിധാനം. വേനൽ അവധിക്കാലത്ത് മാത്രം വീടുകൾക്ക് സംരക്ഷണം നൽകിയിരുന്ന സംവിധാനത്തിനു പകരം മുഴുവൻ സമയ നിരീക്ഷണമേർപ്പെടുത്തി.

വീടുകളിൽ കവർച്ചയും അക്രമസംഭവങ്ങളും കുറയ്ക്കാൻ ഇതു സഹായിക്കും.നൂതന ക്യാമറകൾ സ്ഥാപിച്ച് കൺട്രോൾ സെന്ററുമായി ബന്ധിപ്പിക്കുന്നു.   അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിപ്പെട്ടാൽ വീട്ടുടമയ്ക്കു പൊലീസിനെ ബന്ധപ്പെടാനും സംവിധാനമുണ്ട്. വീട്ടുടമയുടെ സ്മാർട് ഫോണിൽ അപായസൂചന ലഭിക്കുമെന്നതാണു മറ്റൊരു പ്രത്യേകത. 

roads

ഗതാഗത സുരക്ഷ

ആർടിഎ, പൊലീസ് സഹകരണത്തോടെ അൽ ബർഷയിൽ  ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റംസ്  (ഐടിഎസ്) സെന്റർ. ക്യാമറകളും റഡാറുകളും ഉൾപ്പെടുന്ന ഡൈനമിക് മെസേജിങ് സൈൻസ്  (ഡിഎംഎസ്) വഴി  റോഡിലെ ചെറുചലനങ്ങൾ പോലും സൂക്ഷ്മമായി പകർത്താം.

ഓരോ പാതയുടെയും പ്രത്യേകതകൾ, തിരക്ക്, വാഹനങ്ങളുടെ എണ്ണം, വേഗം, കാലാവസ്ഥാ വ്യതിയാനങ്ങൾ തുടങ്ങിയവ കൃത്യമായി നിർണയിക്കാനാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA