ADVERTISEMENT

ദുബായ് ∙  േകാവിഡ് ഭീഷണിയിൽ കഴിഞ്ഞ വർഷം കൈവിട്ടുപോയ വിഷു ആഘോഷം ഇത്തവണ പൊടിപൊടിക്കാൻ പ്രവാസികൾ. നാട്ടുതനിമകളോടെ ഒരുങ്ങിയ വിപണിയിൽ വരിക്കച്ചക്ക മുതലുള്ള സകല നാടൻ ഇനങ്ങളും സമൃദ്ധമാണ്.

മാളുകളിലും മാർക്കറ്റിലും കണിക്കൊന്നയ്ക്കും കണിവെള്ളരിക്കും മാത്രമായി പ്രത്യേക മേഖലകൾ ഒരുങ്ങി. ബാച്‌ലേഴ്സും അടക്കം ആഘോഷം ഗംഭീരമാക്കാനുള്ള തയാറെടുപ്പിലാണ്. മാളുകളിലും ഹോട്ടലുകളിലും വിഷു സദ്യയുണ്ടാകും. വിഭവങ്ങളുടെ എണ്ണം നിരത്തിയാണു ഹോട്ടലുകളുടെ മത്സരം.

vishu

കേരളം, തമിഴ്നാട്ടിലെ ഒട്ടച്ചത്രം, പൊള്ളാച്ചി, കർണാടകത്തിലെ ഗുണ്ടൽപേട്ട്, മൈസൂർ എന്നിവിടങ്ങളിൽ നിന്നാണ് പച്ചക്കറികൾ കൂടുതലും  എത്തുന്നത്. പ്രമുഖ മാളുകളിൽ മാങ്ങ, ചെറുനാരങ്ങ, വലിയനാരങ്ങ, നെല്ലിക്ക, അമ്പഴങ്ങ, വെളുത്തുള്ളി, ഇഞ്ചി, ഈന്തപ്പഴം, ബീറ്റ്റൂട്ട്, ഈന്തപ്പഴം-ബീറ്റ്റൂട്ട്, തക്കാളി, പച്ചമുളക്, മിക്സഡ് പച്ചക്കറി എന്നിവയ്ക്കു പുറമേ  മത്സ്യം, ചെമ്മീൻ, കല്ലുമ്മക്കായ അച്ചാറുകളുമുണ്ട്.

എല്ലാം വേണ്ടുവോളം

വിഷു സദ്യയ്ക്കുള്ള പച്ചക്കറികൾ നാട്ടിൽ നിന്ന് എത്തിച്ചതായി ലുലു ഗ്രൂപ്പ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി.നന്ദകുമാർ പറഞ്ഞു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നു പതിവായി വിമാനങ്ങളിൽ എത്തിക്കുന്നുണ്ട്. നാട്ടിൽ നിന്നുള്ള കണിക്കൊന്നയും വാങ്ങാം. പലതരം കൊണ്ടാട്ടം, അച്ചാറുകൾ, പപ്പടം എന്നിവയടക്കം വിഷു സദ്യയ്ക്കുള്ള പ്രത്യേക മേഖല മാളുകളിൽ ഒരുക്കിയിട്ടുണ്ട്. എല്ലാറ്റിനും ഓഫറുകളുണ്ട്. യുഎഇ ഗ്രാമങ്ങൾ, ഒമാനിലെ സലാല എന്നിവിടങ്ങളിൽ നിന്നുമുള്ള പച്ചക്കറികളുമുണ്ട്.  ഗുരുവായൂർ പപ്പടം, കൊച്ചുപപ്പടം, വലിയ പപ്പടം, ഉപ്പേരി, എള്ളുണ്ട തുടങ്ങിയ സ്പെഷൽ ഇനങ്ങളും ലുലുവിന്റെ നാടൻ അച്ചാറുകളും മാളുകളിലുണ്ട്.  പലതരം പായസവും ലുലു മാളുകളിൽ ഉണ്ടാകും. 24.50 ദിർഹത്തിന്റെ വിഭവസമൃദ്ധമായ വിഷു സദ്യ മുൻകൂട്ടി ബുക്ക് ചെയ്യാം.

ചക്കയെത്തി

നാടൻ വരിക്കച്ചക്ക ഇത്തവണ ഇഷ്ടംപോലെ. കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നു പലയിനം ചക്കകൾ എത്തുന്നു. വരിക്കച്ചക്ക, താമരച്ചക്ക, തേൻവരിക്ക, ചെമ്പ ചക്ക, തേങ്ങാച്ചക്ക എന്നിങ്ങനെ ഇനങ്ങൾ നീളുന്നു. ഇത്രയും ഇനങ്ങളുണ്ടെന്നു മലയാളികളിൽ പലരും അറിയുന്നത് ഗൾഫിൽ എത്തിയശേഷം. ഇടിച്ചക്കയും (ഇടിഞ്ചക്ക) ധാരാളം എത്തുന്നുണ്ട്. പച്ചയായാലും പഴുത്തതായാലും ഇന്ത്യൻ ചക്കയ്ക്കാണ് രുചിയെന്ന് ഏവരും സമ്മതിക്കുന്നു.  അവധി കഴിഞ്ഞു നാട്ടിൽ നിന്നു ഫുൾ ചക്കയുമായി വരുന്നവരുടെ എണ്ണം കൂടി.

കൂട്ടിന് കോഴിയും

വടക്കൻ കേരളത്തിലെ ചിലയിടങ്ങളിൽ വിഷുവിന് കോഴിയെ വേണമെന്നാണ് പ്രമാണം. ഇലയുടെ ഓരംപറ്റി  കോഴിയോ ആടോ  ഉണ്ടെങ്കിൽ സദ്യ പൊടിപൊടിക്കുമെന്ന് ഗൾഫിലെ പല ബാച്‌ലേഴ്സ്. നാടൻ കോഴിക്കു പഞ്ഞമില്ല. ഷാർജയിലെയോ വടക്കൻ എമിറേറ്റുകളിലെയോ മാർക്കറ്റിൽ നിന്നു വാങ്ങാം.

കണിയാകാൻ പതിവ‍് തെറ്റാതെ കണിക്കൊന്ന

അബുദാബി∙പ്രവാസി മലയാളികളുടെ വിഷു വർണാഭമാക്കാൻ കേരളത്തിൽ നിന്നു യുഎഇയിൽ എത്തിയതു രണ്ടു ടണ്ണിലേറെ കണിക്കൊന്ന. കോവി‍ഡ് പശ്ചാത്തലത്തിൽ മുൻ വർഷങ്ങളെക്കാൾ ആവശ്യക്കാർ കുറവാണെങ്കിലും ഇത്തവണ 1.8 ടൺ പൂക്കൾ ഇറക്കുമതി ചെയ്യുകയായിരുന്നു. 30 വർഷമായി കണിയൊരുക്കാൻ ചെറുതും വലുതുമായ കടകളിലേക്കു കൊന്നപൂക്കൾ എത്തിക്കുന്നത് യുഎഇയിലുടനീളം ശാഖകളുള്ള പെരുമാൾ ഫ്ലവേഴ്സ് ആണ്.

ലുലു ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റുകളിലേക്കു നേരിട്ടാണു കണിക്കൊന്ന ഇറക്കുമതി ചെയ്തത്. കൊന്നപ്പൂക്കൾ ശേഖരിച്ച് കൊച്ചി, കോഴിക്കോട് വിമാനത്താവളം വഴി ദുബായിലെത്തിക്കും. തുടർന്ന് മറ്റു എമിറേറ്റുകളിലെ 17 ശാഖകളിലൂടെ ആവശ്യക്കാർക്ക് എത്തിക്കുകയാണ് ചെയ്തുവരുന്നത്.  മുൻകൂട്ടി ബുക്ക് ചെയ്തവർക്കു പൂക്കൾ എത്തിച്ചുകൊടുക്കും.  കിലോയ്ക്ക് 60 ദിർഹമാണു വില. 5, 10 ദിർഹത്തിന്റെ പാക്കറ്റുകൾ ശാഖകളിൽ നേരിട്ടെത്തിയും വാങ്ങാം.

സാധാരണ വിമാന സർവീസ് തുടങ്ങിയിട്ടില്ലാത്തതിനാൽ വൻതുക നൽകിയാണ് പൂക്കൾ എത്തിക്കുന്നതു. പെരുമാളിനെ പൂക്കച്ചവടക്കാരനാക്കിയതിൽ മലയാളികളുടെ പങ്കു ചെറുതല്ല. പ്രളയത്തിൽ സർവവും തകർന്ന പ്രവാസി മലയാളി കുടുംബങ്ങൾക്ക് ഓണക്കോടിയും ഭക്ഷ്യോൽപന്നങ്ങളും ഇദ്ദേഹം എത്തിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com