ADVERTISEMENT

ദുബായ് ∙ സങ്കടമുള്ളവർക്കും സന്തോഷമുള്ളവർക്കും ഉണർത്തുപാട്ടായ പ്രയോഗമാണ്  'ഈ സമയവും കടന്നു പോകും ' എന്നത്. കോവിഡ് തീവ്രമായ കാലത്തെ  പ്രചോദന പ്രഭാഷണങ്ങളിൽ പലവുരു ഉയർന്നു കേട്ട തത്ത്വം. ഇതു പോലെയാണു പുണ്യത്തിന്റെയും സഹനത്തിന്റെയും മാസമായ റമസാനെ കുറിച്ചുള്ള  ഖുർആന്റെ  പ്രഖ്യാപനം. 

'അയ്യാമൻ മഅദൂദാത്ത് ' അഥവാ എണ്ണപ്പെട്ട നാളുകൾ മാത്രമാണ് നോമ്പെന്നാണു രണ്ടാം അധ്യായത്തിലെ 184- വചനത്തുടക്കം. ആരാധനകളെയും  മനുഷ്യമനസ്സ് ഹൃദയപൂർവം സ്പർശിക്കാൻ സാധിക്കുന്ന സാമൂഹിക സേവനങ്ങളെയും സമ്മിശ്രമാക്കുന്ന  മാസം കൂടിയാണിത്. മാനവികത പരകോടി പ്രാപിക്കുന്ന   ഉപവാസത്തിന്റെ വസന്തം.

uae-ramadan-shopping-3

നോമ്പിന്റെ മഹത്വവും അതു പ്രവൃത്തി പഥത്തിൽ കൊണ്ടുവരാൻ  കഴിയാത്ത നിസ്സഹായർക്കുള്ള  ഇളവുകളും  വേദഗ്രന്ഥത്തിന്റെ അവതരണാഹ്ലാദവും എല്ലാം ഒതുക്കിവച്ച വേദസൂക്തങ്ങളിലാണ് പരിമിതമായ രാപകലുകൾ മാത്രമാണു വ്രതദിനങ്ങളെന്നു സൂചിപ്പിക്കുന്നത്. 'ദരിദ്രരായ  കർഷകർക്ക് നോമ്പ് നാളുകളെന്നോ സാധാരണ ദിവസങ്ങളെന്നോ വ്യത്യാസമില്ല. അവർക്ക് ആയുസ് മുഴുവൻ സുദീർഘമായ വ്രതമാണ്‌. അവരുടെ ഭക്ഷണം ഉണങ്ങിയ റൊട്ടിക്കഷണത്തിനും വരണ്ട വെണ്ണക്കട്ടിക്കും അപ്പുറം പോകാറില്ല.

രുചിയൂറും വിഭവങ്ങളൊന്നും അവരുടെ തീൻ തളികയിൽ വരാറുമില്ല. വ്രതവിഭവങ്ങളുടെ രുചിയവരുടെ ഹൃദയവികാരങ്ങളിൽ മാത്രം നുരയും. ശരീരത്തിന് അതു അനുഭവിക്കാനുള്ള  ഭാഗ്യമുണ്ടാകാറില്ല. '– അതിജീവനത്തിനായി പൊരുതുന്ന കർഷകരുടെ വ്രതനാളുകളെ കുറിച്ചു സാഹിത്യകാരൻ ജിബ്രാൾ ഖലീൽ ജിബ്രാന്റ നിരീക്ഷണമാണിത്. ഇത്തരത്തിൽ ജീവിത പ്രതിസന്ധികൾക്കിടയിലും വ്രതകാലത്തെ സ്വീകരിക്കേണ്ടി വരുന്നവർക്കെല്ലാം  സാന്ത്വനമാണു ഉപരിസൂചിത വാചകം. ആരാധനകളുടെ ആത്മാവ് ചോരാതെ കൂടുതൽ നന്മകൾ നെയ്തുകൂട്ടി മനുഷ്യ ജന്മം സാർഥകമാക്കണമെന്ന നിർബന്ധബുദ്ധിയുള്ള വരോട് ഈ പുണ്യപ്പൂക്കാലം ഏറെക്കാലം ഉണ്ടാകില്ലെന്ന സത്യവും ' എണ്ണപ്പെട്ട നാളുകൾ ' എന്ന വേദശകലത്തിലുണ്ട്.

റമസാൻ സുദിനങ്ങളെ ദാനധർമങ്ങൾ കൊണ്ട് ധന്യമാക്കുന്നവർക്ക് ഉത്സാഹവും  ഉൾപുളകവുമാണ്  ഈ വാക്യം പ്രസരിപ്പിക്കുന്നത്. അതു കൊണ്ടാണ്  'നന്മ ചെയ്യാൻ കൊതിക്കുന്നവരോടു റമസാനിൽ കുതിക്കാൻ ' മുഹമ്മദ് നബി (സ) ആവശ്യപ്പെട്ടത്. 

കോവിഡ് കാലത്തെ രണ്ടാമത്തെ റമസാൻ വരവാണിത്. വീട്ടിൽ വച്ചു തന്നെ നമസ്കരിക്കാൻ  നിർദേശിക്കുന്ന വാചകം പള്ളികളിൽ നിന്നുയർന്ന ബാങ്ക് വിളിയിൽ തന്നെ ആഹ്വാനം ചെയ്തിരുന്ന   റമസാൻ മാസമാണ്  കടന്നു പോയത്. ആരോഗ്യ പ്രവർത്തകരും നിയമപാലകരും ശുചീകരണ തൊഴിലാളികളും മാത്രം  പുറത്തിറങ്ങി മനുഷ്യർക്ക് കരുതലായി നിന്ന കാലം. വിശ്വാസികൾ മക്കയിലെ ഹിറാ ഗുഹയിൽ പ്രവാചകൻ പ്രാർഥനാ നിമഗ്നനായി കഴിച്ചുകൂടിയ ഏകാന്തവാസത്തെ അനുസ്മരിച്ച പ്രാർഥനാ നാളുകൾ കൂടിയായിരുന്നു അത്. ലോകം ലോക്ഡൗണിൽ കുടുസ്സായപ്പോൾ മനുഷ്യർ ഹൃദയം വിടർത്തി സഹജീവികളുടെ രോഗമുക്തിക്കും  സാധാരണ സുദിനങ്ങൾ തിരിച്ചുവരുന്ന പ്രഭാതങ്ങൾക്കുമായി വീടുകൾ മസ്ജിദാക്കി നിരന്തരം  പ്രാർഥിച്ചു.  

ഈ വർഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗൾഫിലെ പള്ളികൾ വിശ്വാസികൾക്കു  മുന്നിൽ തുറന്നിട്ടുണ്ട്. വ്രതദിനങ്ങൾ കഴിയുവോളം അഞ്ചു നേരത്തെ നമസ്ക്കാരങ്ങൾക്ക്  ആരാധനാലയങ്ങളുടെ കവാടങ്ങൾ തുറന്നു തന്നെ കിടക്കണമെങ്കിൽ  കോവിഡ് നിയമങ്ങൾ വിശ്വാസി സമൂഹം കർശനമായി പാലിക്കേണ്ടതുണ്ട്. 

uae-ramadan-shopping-2

ആരാധനാകർമങ്ങളിലൂടെ മനുഷ്യരുടെ ഇഹപര സുരക്ഷയാണ് ലക്ഷ്യമിടുന്നത്. അംഗ സ്നാനം പോലുള്ള  പ്രാർഥനകളുടെ പ്രാഥമിക ചിട്ടകളിൽ പോലും അതു ഉൾചേർന്നിരിക്കുന്നു. 

വ്രതത്തിന്റെ വിശുദ്ധി ബോധ്യപ്പെടുത്തുന്ന അധ്യായത്തിൽ തന്നെ സ്വയം നാശത്തിലേക്ക് നടന്നടുക്കരുതെന്ന നിർദേശം കൂടി ഖുർആൻ നൽകുന്നു. 'നിങ്ങൾ നിങ്ങളുടെ കൈകളെ നാശത്തിലേക്കിടരുത്.'. കൊറോണക്കാലത്തെ റമസാനിൽ വിശ്വാസികൾ കൂടുതൽ ഓർത്തു വയ്ക്കേണ്ട  വേദവാക്യമാണിത്. ദുനിയാവിൽ മനുഷ്യർക്ക് സുരക്ഷാ കവചമൊരുക്കുന്നവർക്കാണ് നോമ്പുകാർ പ്രവേശിക്കുന്ന ' റയ്യാൻ 'സ്വർഗകവാടം കടക്കാനാവുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com