ADVERTISEMENT

ദോഹ∙കോവിഡ് കടുത്തതിനാൽ  വിഷു, റമസാൻ വിപണികൾക്ക് പഴയ ആവേശമില്ലെങ്കിലും ജനങ്ങൾക്കാവശ്യമായ എല്ലാ ഭക്ഷ്യ, ഭക്ഷ്യേതര ഉൽപന്നങ്ങളും സുലഭം.

വിലക്കിഴിവും പ്രമോഷൻ ഓഫറുകളുമുണ്ടെങ്കിലും തിരക്ക് ഒഴിവാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി കോവിഡ് മുൻകരുതൽ, പ്രതിരോധ നടപടികൾ ഉറപ്പാക്കി ജാഗ്രത പാലിച്ചാണ് ഹൈപ്പർമാർക്കറ്റുകളുടെ പ്രവർത്തനം. മരണസംഖ്യയും പ്രതിദിന കോവിഡ് സംഖ്യകളും ഉയർന്നതിനാൽ കോവിഡ് നിയന്ത്രണങ്ങൾ കനത്തതോടെ പൊതുജനങ്ങളും കരുതലോടെയാണ് പുറത്തിറങ്ങുന്നതും.

ramdan
സഫാരി ഹൈപ്പർമാർക്കറ്റിലെ വിഷു വസ്ത്ര വിപണി.

ഭക്ഷണം മുതൽ സകലസാധനങ്ങളും വിരൽത്തുമ്പിൽ ലഭിക്കുമെന്നതിനാൽ മിക്ക കുടുംബങ്ങളും ഓൺലൈൻ ഷോപ്പിങ്ങിലേക്ക് മാറിക്കഴിഞ്ഞു. വിഷു സദ്യയ്ക്കു വരെ ഓൺലൈൻ ഓർഡർ ആണ് കൂടുതലെന്ന് ഹൈപ്പർമാർക്കറ്റുകാരും പറയുന്നു.

കണിക്കൊന്ന മുതൽ സദ്യ വരെ

കേരളത്തിന്റെ ചക്കയും മാങ്ങയും, വെള്ളരിയും ഉൾപ്പെടെയുള്ള പച്ചക്കറികളും പഴങ്ങളും മാത്രമല്ല കണിക്കൊന്നയും വിപണിയിൽ സുലഭം. രണ്ടുമൂന്നു തണ്ടുൾപ്പെടുന്ന കണിക്കൊന്ന ഒരു പായ്ക്കറ്റിന് 6.75- 7.50 റിയാലിന് ഇടയിലാണ് വില. തേങ്ങ ഒരെണ്ണത്തിന് 1-2 റിയാലിനും ചിരകിയതിന് 2-3 റിയാലിനും ഇടയിലാണ് നിരക്ക്. വിഷുനാളിലെ താരമായ നാടൻ വെള്ളരിക്ക കിലോയ്ക്ക് 5.75 റിയാലിന് വാങ്ങാം. 4.75 റിയാൽ നൽകിയാൽ സാമ്പാർ-അവിയൽ കഷണങ്ങൾ അരിഞ്ഞത് ഒരു കിലോ ലഭിക്കും. 1-1.50 റിയാൽ നൽകിയാൽ മൂന്ന് വാഴയില കിട്ടും.

ശർക്കരവരട്ടി, കായ വറുത്തത് തുടങ്ങിയ ഉപ്പേരി ഇനങ്ങൾക്ക് മൂന്ന് റിയാൽ മുതലാണ് വില. ഹൈപ്പർമാർക്കറ്റുകളിലെ വസ്ത്രവിപണികളിലും കേരളത്തിന്റെ തനത് ഫാഷനിലുള്ള വസ്ത്രങ്ങളെത്തി. ഓൺലൈനിൽ ഓർഡർ ചെയ്താൽ സാധനങ്ങൾ കൃത്യമായി വീട്ടിലെത്തും. ലുലു ഹൈപ്പർമാർക്കറ്റുകളിൽ പായസ മേളയും വിഷു സദ്യയുമാണ് സ്‌പെഷൽ. പാലട, പരിപ്പ്, ചക്ക പ്രഥമൻ തുടങ്ങി ഷുഗർ ഫ്രീ പാൽ പായസം വരെ  മേളയിലുണ്ട്. ഏത് തരം പായസമായാലും 500 ഗ്രാമിന് 11.00 റിയാലാണ് വില. കാളൻ, ഓലൻ, പുളിശ്ശേരി, പച്ചടി, പരിപ്പുകറി, സാമ്പാർ, അവിയൽ തുടങ്ങി ചോറുൾപ്പെടെ 24 വിഭവങ്ങൾ അടങ്ങിയ വിഷു സദ്യ ഒന്നിന് 29.75 റിയാൽ.

ഇന്ന് രാത്രി 10.00ന് മുൻപായി ബുക്ക് ചെയ്താൽ വിഷുദിനത്തിൽ സദ്യ കഴിക്കാം. സഫാരി ഹൈപ്പർമാർക്കറ്റുകളിൽ വിഷുക്കണി കിറ്റാണ് ആകർഷണം. 45 റിയാൽ നൽകിയാൽ പച്ചക്കറികളും പഴങ്ങളും അടങ്ങിയ കിറ്റ് ലഭിക്കും.  കിറ്റിനുമൊപ്പം സഫാരിയുടെ സർപ്രൈസ് വിഷുക്കൈനീട്ടവുമുണ്ട്.

വിഷു സദ്യയ്ക്ക് പകരം വിഷുക്കറികളാണ് ലഭിക്കുക. അവിയൽ, കാളൻ, കൂട്ടു കറി, സാമ്പാർ, തോരൻ എന്നിവയിൽ ഏതെങ്കിലും മൂന്നു കറികൾ അടങ്ങുന്ന വിഷുക്കറി കോംബോ 13.50 റിയാൽ.വിഷുദിനത്തിൽ അടപ്രഥമൻ, സേമിയ, പരിപ്പു പായസം  കിലോയ്ക്ക് 10 റിയാൽ നൽകിയാൽ മതി.

വിലക്കിഴിവിൽ റമസാൻ വിപണി

ദോഹ∙ ഹൈപ്പർമാർക്കറ്റുകളിലെ റമസാൻ വിപണിയും സജീവമാണ്. എല്ലാത്തരം ഉൽപന്നങ്ങളും സുലഭം. വാണിജ്യ വ്യവസായ മന്ത്രാലയം 680 ഉൽപന്നങ്ങൾക്ക് വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമേ ഹൈപ്പർമാർക്കറ്റുകളും ഉൽപന്നങ്ങൾക്ക് വിലക്കിഴിവും ഓഫറുകളും നൽകുന്നുണ്ട്. നോമ്പുതുറയിലെ പ്രധാന ഇനം ഈന്തപ്പഴമായതിനാൽ വ്യത്യസ്ത ഇനങ്ങളിലുള്ള പ്രാദേശിക, ഇറക്കുമതി ഈന്തപ്പഴങ്ങളും വിപണിയിലുണ്ട്. ഈന്തപ്പഴത്തിന്റെ ഇനവും ഗുണമേന്മയും അനുസരിച്ചാണ് വില. ഉണങ്ങിയ പഴങ്ങൾക്കും റമസാനിൽ ഡിമാൻഡ് കൂടുതലാണ്. നട്‌സ്, ബദാം, പിസ്ത തുടങ്ങി വിവിധതരം ഉണങ്ങിയ പഴങ്ങളുടെ മിശ്രിതം ഒരു കിലോയ്ക്ക് 35 റിയാൽ മുതലാണ് നിരക്ക്. ചിക്കൻ, ആട്ടിറച്ചി, ബീഫ് ഇനങ്ങളും യഥേഷ്ടം വാങ്ങാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com