ADVERTISEMENT

ദുബായ്∙ കഴിഞ്ഞ ദിവസം ദുബായിൽ കാൽവച്ചു മോഷ്ടാവിനെ കീഴ്‌പ്പെടുത്തി ശ്രദ്ധേയനായ വടകര വള്ളിയോട് പാറപ്പുറത്ത് ജാഫറിനെ (40)  ഇസിഎച്ച് ഗ്രൂപ്പ് അനുമോദിച്ചു. 80 ലക്ഷത്തിലധികം രൂപ  അപഹരിച്ചു കടന്നു കളയുകയായിരുന്നു കള്ളനെ കാൽ വച്ച് വീഴ്ത്തി സന്ദർഭോചിതമായ ഇടപെടലിലൂടെ രക്ഷകനായി മാറിയ ജാഫർ വെള്ളിയോടിന്റെ ധീരതയെയും ആത്മ ധൈര്യത്തേയും സിഇഒ ഇഖ്ബാൽ മാർക്കോണി അഭിനന്ദിച്ചു. ജാഫറിന് ഇസിഎച്ചിൽ ജോലിയും വാഗ്‌ദാനം ചെയ്തിട്ടുണ്ട്. ചടങ്ങിൽ ഇസിഎച്ചിന്റെ സ്നേഹോപഹാരം ഓപറേഷൻസ് തലവൻ പി.എം. അബ്ദുറഹ്മാൻ, ജാഫർ വെള്ളിയോടിന് കൈമാറി. 

ജാഫർ മോഷ്ടാവിനെ പിടികൂടിയ വാർത്ത മനോരമ ഓൺലൈനാണ് ആദ്യം റിപ്പോർട് ചെയ്തത്. ഇതു പിന്നീട് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തതോടെ വൈറലായി മാറി. ഓടിപ്പോകുകയായിരുന്ന കള്ളനെ നിമിഷ നേരം കൊണ്ടാണ് ജാഫർ കുത്തുകാല് വച്ചു താഴെ വീഴിച്ചത്. തുടർന്ന് പിന്നാലെ വന്ന ആളുകൾ ചേർന്ന് കീഴടക്കുകയായിരുന്നു. കഴിഞ്ഞദിവസം ബനിയാ സ്ക്വയർ ലാൻഡ് മാർക് ഹോട്ടലിന് സമീപമുള്ള ഗിഫ്റ്റ് ഷോപ്പിന് അരികിലായിരുന്നു സംഭവം.

jafar-2

സന്ദർശക വീസയിലെത്തിയ ജാഫർ ബന്ധുവിന്റെ ജ്യൂസ് കടയിൽ സഹായിച്ചു കൊണ്ടു നിൽക്കുകയായിരുന്നു. ഉച്ചകഴിഞ്ഞ് പെട്ടെന്നാണ് തൊട്ടപ്പുറത്തുണ്ടായിരുന്ന ബന്ധു നജീബ് തൊടുവയിൽ കള്ളൻ, കള്ളൻ പിടിച്ചോ എന്നലറിയത്. കടയിൽ നിന്ന് ജാഫർ പെട്ടെന്ന് ഇറങ്ങി നോക്കുമ്പോൾ പാഞ്ഞുവരുന്ന കള്ളനെയാണ് കണ്ടത്. ഒട്ടും അമാന്തിച്ചില്ല കാലു വച്ചു കള്ളനെ വീഴിച്ചു. തെറിച്ചു വീണ കള്ളൻ വീണ്ടും ഓടാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും എല്ലാവരും ഓടിയെത്തി പിടികൂടി. തുടർന്ന് പൊലീസിനു കൈമാറി. 

ബാങ്കിൽ നിക്ഷേപിക്കാൻ കൊണ്ടുപോയ ഇന്ത്യക്കാരന്റെ പണമാണു തിരികെ കിട്ടിയതെന്ന് അറിയുന്നു. നാലു ലക്ഷത്തോളം ദിർഹമുണ്ടായിരുന്നു. 30 വയസ്സുള്ള ഏഷ്യക്കാരനാണ് പിടിയിലായത്. കള്ളനെ കയറിപ്പിടിക്കുന്നതിനേക്കാൾ പെട്ടെന്ന് കാലുവച്ച് വീഴിക്കാനാണ് തോന്നിയതെന്നു ഫുട്ബോൾ കളിക്കാരൻ കൂടിയായ ജാഫർ പറഞ്ഞു. ഒരു പക്ഷേ കളിയിലുള്ള പരിചയം ഇതിന് മുതൽക്കൂട്ടാവുകയായിരുന്നു. മുൻപ് അൽ ഐനിൽ ഷെയ്ഖ് ഈസാ ബിൻ സായിദ് അൽ നഹ്യാന്റെ കൊട്ടാരത്തിൽ ഡ്രൈവറായിരുന്ന ജാഫർ അടുത്ത ജോലിയിൽ പ്രവേശിക്കാനായി ദുബായിൽ എത്തിയതാണ്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com