ADVERTISEMENT

ദുബായ് ∙ കുടുംബ ബജറ്റിലെ ചോർച്ച 'കമ്മി'യാക്കി പാഴ്ചെലവുകളില്ലാത്ത രണ്ടാം വർഷത്തിലേക്കു പ്രവാസികൾ. കോവിഡ് ആശങ്കകൾ തുടരുന്നതിനാൽ ബാച്‌ലേഴ്സ് അടക്കമുള്ളവർ ആർഭാടങ്ങളും നിർബന്ധങ്ങളും പൂർണമായും ഒഴിവാക്കി. കാണുന്നതെല്ലാം വാങ്ങിക്കൂട്ടുക, ഭക്ഷണം പാഴാക്കുക തുടങ്ങിയ ശീലങ്ങൾ ഏറെക്കുറെ മാറ്റിയെടുത്തതോടെ കീശയുടെ ചോർച്ച കുറഞ്ഞു. തിരിച്ചറിവു വന്നപ്പോൾ ഒരു വിഷമം ബാക്കി-ഇതു  നേരത്തേ ആകാമായിരുന്നു!.. ഒരു നേരമെങ്കിലും ലളിത ഭക്ഷണം, സ്വയം പാചകം തുടങ്ങിയ ശീലങ്ങൾ പലരും തുടരുന്നു. അനാവശ്യ യാത്രകൾ ഒഴിവാക്കിയതും ചെലവു കുറച്ചു.

വീട്ടുകാരെ ഞെട്ടിച്ച് നാട്ടിലും പാചകം

ബാച് ലേഴ്സ് അടുക്കളയിൽ വിപ്ലവകരമായ മാറ്റമാണു കൊറോണ കാലം സമ്മാനിച്ചത്. വർഷങ്ങളായി 'ക്ലീനിങ്' രംഗത്തായിരുന്നവർ പാചകത്തിൽ കൈവച്ചു പെട്ടെന്നു കേമന്മാരായി. പഠിച്ചതൊക്കെ നാട്ടിൽ പോയി പരീക്ഷിച്ചു വീട്ടുകാരെ ഞെട്ടിക്കുകയും ചെയ്തു. ഗൾഫിൽ ഹോട്ടലിലാണോ ജോലിയെന്നു ഭാര്യമാർ പോലും ചിലരോടു രഹസ്യമായി ചോദിച്ചുവത്രേ.

അവധി ദിവസങ്ങളിൽ ബാച് ലേഴ്സ് പാചകം ആഘോഷമാക്കുന്നു. ഇഞ്ചിക്കറി, മുരിങ്ങയില-പരിപ്പ് കറി, രസം, നാരകയില ചേർത്ത ചമ്മന്തി, തേങ്ങയരച്ചു വച്ച  ഉണക്കമീൻ, കായ, മാങ്ങ, മുരിങ്ങക്കായ കറി എന്നിങ്ങനെ തനിനാടൻമാർ അതിവേഗമാണു അടുക്കള കീഴടക്കിയത്. ആരോഗ്യകാര്യങ്ങളിൽ നിർബന്ധമുള്ള പലരും പിടിവാശി ഒഴിവാക്കി സോസേജും മറ്റു ഫ്രോസൻ ഉൽപന്നങ്ങളും കഴിച്ചു തുടങ്ങി. ഹൈപ്പർ മാർക്കറ്റുകളിലെ ഓഫർ നോക്കി ഫ്രോസൻ ചിക്കനും മറ്റു സാധനങ്ങളും വാങ്ങുന്നു. വാരാന്ത്യ ദിവസങ്ങളിൽ ചില കടകളിൽ  ഒന്നിന്റെ വിലയ്ക്കു രണ്ടെണ്ണം വാങ്ങാം. കാലാവധി തീരാൻ മാസങ്ങൾ മാത്രമുള്ള സാധനങ്ങൾ വളരെ കുറഞ്ഞ വിലയ്ക്കു വാങ്ങുന്നവരുമേറെ.

ആഴ്ചകൾക്കകം ഇവ ഉപയോഗിച്ചു തീർക്കുമെന്നതിനാൽ കാലാവധി കഴിയുമെന്ന പേടി വേണ്ട. നാട്ടിലേക്കുള്ള ഷോപ്പിങ്ങിൽ ചോക് ലേറ്റും മറ്റും ഇതു പോലെ വാങ്ങുന്നവരുണ്ട്. വിഐപി വിഭവമാണു കഞ്ഞിയെന്നും കോവിഡ് പഠിപ്പിച്ചു. കുത്തരിക്കഞ്ഞി, പച്ചക്കരി കഞ്ഞി, പഴങ്കഞ്ഞി എന്നിവ അതിവേഗം ജനകീയന്മാരായി. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം രാത്രിയിൽ കുട്ടികളെ കഞ്ഞി കുടിക്കാൻ ശീലിപ്പിച്ച കുടുംബങ്ങളുമുണ്ട്. ഇപ്പോഴും അതിനൊന്നും കാര്യമായ മാറ്റമില്ല.

ശീലങ്ങളിലെ മാറ്റം ആശാവഹം

ഭക്ഷണം പാഴാക്കുന്ന പതിവുകൾ കുറഞ്ഞതാണു സമൂഹത്തിലെ വലിയ മാറ്റമെന്ന് യുഎഇ ഭക്ഷ്യസുരക്ഷാ സഹമന്ത്രി മറിയം അൽ മഹൈരി പറഞ്ഞു. ഭക്ഷണശീലങ്ങളിലും വ്യത്യാസം വന്നു. റമസാനിൽ ധാരാളം ഭക്ഷണം പാഴാകുമായിരുന്നു. രാജ്യത്ത് പ്രതിവർഷം ഒരാൾ ശരാശരി 197 കിലോ ഭക്ഷണം പാഴാക്കുന്നതായാണു കണക്ക്. ബുഫെ വിരുന്നുകളിൽ വലിയ അളവിൽ ഭക്ഷണം ഉപേക്ഷിക്കപ്പെടുന്നു. ഇതിനെതിരെ നടത്തിവരുന്ന ബോധവൽക്കരണം അനുകൂല മാറ്റമുണ്ടാക്കി. കോവിഡ് നൽകിയ തിരിച്ചറിവുകൾ മൂലം വലിയൊരു വിഭാഗം ആർഭാടങ്ങൾ കുറച്ചു. ഭക്ഷ്യോൽപന്നങ്ങളും വീട്ടിലേക്കുള്ള മറ്റു സാധനങ്ങളും ആവശ്യത്തിനു മാത്രം വാങ്ങുന്ന പ്രവണത പൊതുവേയുണ്ടെന്നും വ്യക്തമാക്കി.

പാഴാക്കുന്നത് 87 കോടി പേർക്കുള്ള ഭക്ഷണം

വേൾഡ് ഫുഡ് പ്രോഗ്രാം റിപ്പോർട്ട് പ്രകാരം ലോകത്തെ ഭക്ഷ്യസാധനങ്ങളിൽ മൂന്നിലൊരു ഭാഗം പാഴാകുകയോ നഷ്ടപ്പെടുത്തുകയോ ചെയ്യുന്നു. അതായത്, അർഹരായ 87 കോടിയാളുകൾക്ക് കഴിക്കാനുള്ള ഭക്ഷണം. പ്രതിവർഷം 1.3 ലക്ഷം കോടി ഡോളറിന്റെ നഷ്ടം ഇതുവഴി ഉണ്ടാകുന്നതായാണ് കണക്ക്. ഭക്ഷ്യോൽപാദന മേഖലയിലെ വെല്ലുവിളികൾ തിരിച്ചറിഞ്ഞാൽ ഇത്തരം പ്രവണതകൾ ഇല്ലാതാക്കാമെന്നു ഫുഡ് പ്രോഗ്രാം യുഎഇ ഓഫിസ് ഡയറക്ടർ മജീദ് യഹ്യ പറഞ്ഞു. കാലാവസ്ഥാ മാറ്റം, കീടശല്യം, പകർച്ചവ്യാധികൾ തുടങ്ങിയവ മൂലം കാർഷിക മേഖല ഗുരുതര വെല്ലുവിളികൾ നേരിടുകയാണ്. രാജ്യത്തെ ഭക്ഷ്യോൽപന്നങ്ങളിൽ ഏറിയ ഭാഗവും ഇറക്കുമതി ചെയ്യുകയാണെന്നും ചൂണ്ടിക്കാട്ടി.

ഷോപ്പിങ്ങിൽ ശ്രദ്ധിക്കാം

∙ ആവശ്യമുള്ളതിൽ കൂടുതൽ ഭക്ഷ്യസാധനങ്ങൾ വാങ്ങാതിരിക്കുക.

∙ വാങ്ങേണ്ട സാധനങ്ങളുടെ വിശദമായ ലിസ്റ്റ് ഷോപ്പിങ്ങിനു മുൻപ് തയാറാക്കുക.

∙ ആവശ്യത്തിനു ഭക്ഷണം വാങ്ങി അനുയോജ്യ സ്ഥലങ്ങളിൽ സൂക്ഷിക്കുക. ഫ്രിജിൽ സൂക്ഷിക്കേണ്ടവയാണെങ്കിൽ അതിൽ തന്നെ വയ്ക്കാൻ ശ്രദ്ധിക്കണം.

∙ പെട്ടെന്നു കാലാവധി തീരുന്ന സാധനങ്ങളാണെങ്കിൽ കൂടുതൽ വാങ്ങി വയ്ക്കേണ്ടതില്ല.

∙ വിരുന്നുകളിലും മറ്റും ആവശ്യത്തിൽ കൂടുതൽ ഭക്ഷണമെടുത്തു പാഴാക്കാതിരിക്കുക.

∙ മിച്ചമുള്ള ഭക്ഷണം ഉപയോഗയോഗ്യമെങ്കിൽ അർഹരായവർക്കു വിതരണം ചെയ്യുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com