ADVERTISEMENT

ദോഹ ∙ ഖത്തറില്‍ ഐസലേഷനിലും ക്വാറന്റീനിലും കഴിയുന്ന ജീവനക്കാരുടെ രോഗാവധി സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചു. പുതിയ നിര്‍ദേശങ്ങള്‍ പ്രാബല്യത്തിലായി. പിസിആര്‍ പരിശോധനയില്‍ കോവിഡ് പോസിറ്റീവും ആക്ടീവ് അണുബാധയുള്ളവരുമെങ്കില്‍ 14 ദിവസത്തില്‍ കുറയാത്ത കാലയളവില്‍ ഐസലേഷനില്‍ കഴിയണം. ആക്ടീവ് അണുബാധയില്ലാത്തവരെങ്കില്‍ (പകരാത്ത) ഏഴു ദിവസം ഐസലേഷനില്‍ കഴിയണം. ഐസലേഷന്‍ കാലാവധിയില്‍ ഇഹ്‌തെറാസ് ആപ്പില്‍ ഹെല്‍ത്ത് സ്റ്റേറ്റസ് ചുമപ്പ് ആയിരിക്കും. ഏതെങ്കിലും കാരണവശാല്‍ ആശുപത്രിയില്‍ പ്രവേശിക്കേണ്ടി വരികയും ഐസലേഷന്‍ 14 ദിവസത്തില്‍ കൂടുതലാകുകയും ചെയ്താല്‍  രോഗമുക്തമാകുന്നത് വരെ ഐസലേഷന്‍ കാലയളവ് മുഴുവന്‍ രോഗാവധിയായി കണക്കാക്കും. 

കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ വ്യക്തി അല്ലെങ്കില്‍ കഴിഞ്ഞ ആറുമാസത്തിനിടെ കോവിഡ് പോസിറ്റീവ് ആകുകയോ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അടുത്ത സമ്പര്‍ക്ക പരിധിയില്‍ വരികയും ചെയ്തയാളാണ് ജീവനക്കാരനെങ്കില്‍ ക്വാറന്റീനില്‍ കഴിയേണ്ടതില്ല. എന്നാല്‍ കോവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ശേഷം നടത്തുന്ന പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരിക്കണം. പരിശോധനാ ഫലം വരുന്നതു വരെ ഒരു ദിവസം ക്വാറന്റീനില്‍ കഴിയണം. ലക്ഷണങ്ങള്‍ പ്രകടമാകുന്നുണ്ടോയെന്ന് അടുത്ത 14 ദിവസം സ്വയം നിരീക്ഷിക്കുകയും വേണം.

കോവിഡ് വാക്‌സീന്‍ എടുക്കാത്തവരും ഇതുവരെ കോവിഡ് പിടിപെടാത്തവരുമായ ജീവനക്കാര്‍ കോവിഡ് പോസിറ്റീവുകാരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ളവരും മന്ത്രാലയത്തിന്റെ സമ്പര്‍ക്ക പരിധിയില്‍ വരുന്നവരുമാണെങ്കില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം. പകരാത്ത, റീ ആക്ടീവ് കോവിഡ്-19 അണുബാധയുള്ള വ്യക്തിയുമായാണ് സമ്പര്‍ക്കം പുലര്‍ത്തിയതെങ്കില്‍ ഏഴു ദിവസമാണ് ക്വാറന്റീന്‍. ക്വാറന്റീന്‍ കാലയളവില്‍ ഇഹ്‌തെറാസ് സ്റ്റേറ്റസ് മഞ്ഞ ആയിരിക്കും. ക്വാറന്റീനില്‍ കഴിയുന്നവര്‍ കോവിഡ് ലക്ഷണങ്ങള്‍ പ്രകടമാകുന്നുണ്ടോയെന്ന് സ്വയം നിരീക്ഷിക്കണം. ക്വാറന്റീന്‍ കാലാവധിയുടെ അവസാനം കോവിഡ് പിസിആര്‍ പരിശോധനയിലൂടെ കോവിഡ് മുക്തമെന്ന് തെളിയുകയും ഇഹ്‌തെറാസിലെ പ്രൊഫൈല്‍ സ്റ്റേറ്റസ് പച്ച നിറവുമായാല്‍ ജീവനക്കാരന് തിരികെ ജോലിയില്‍ പ്രവേശിക്കാം. ഈ രണ്ടു ക്വാറന്റീന്‍ കാലാവധികളും രോഗാവധിയായി കണക്കാക്കില്ല. പകരം ഇവര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം.

എല്ലാ ജീവനക്കാരും തൊഴിലിടങ്ങളില്‍ കോവിഡ് മുന്‍കരുതല്‍ പാലിക്കണം. ജീവനക്കാര്‍ക്ക് വായുസഞ്ചാരമുള്ള, സുരക്ഷിതമായ തൊഴില്‍ പരിസ്ഥിതി തൊഴിലുടമ ഉറപ്പാക്കണം. ജീവനക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടോയെന്ന് തൊഴിലുടമകളും ഉറപ്പാക്കണം. ജീവനക്കാരന് കോവിഡ് ലക്ഷണങ്ങള്‍ പ്രകടമായാല്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും ഫലം വരുന്നത് വരെ ഐസലേഷനിലേക്ക് മാറ്റുകയും ചെയ്യണം. ആക്ടീവ് കോവിഡ് അണുബാധയുള്ളവരെ അണുവിമുക്തമാകുന്നതു വരെ നിശ്ചിത കാലത്തേക്ക് വീട്ടിലോ സര്‍ക്കാര്‍ ഹെല്‍ത്ത് കേന്ദ്രങ്ങളിലോ ഐസലേഷനില്‍ ആക്കുന്നതിനെയാണ് ഹെല്‍ത്ത് ഐസലേഷന്‍ കൊണ്ടർഥമാക്കുന്നത്. സാധാരണ 14 ദിവസമാണ് ഐസലേഷന്‍ കാലാവധി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com