ADVERTISEMENT

ദോഹ∙ ഖത്തറിലേക്ക് എത്തുന്ന എല്ലാ യാത്രക്കാര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധം. കോവിഡ് മുക്തര്‍ക്ക് ക്വാറന്റീന്‍ നടപടികളില്‍ ഇളവ്. പുതിയ നടപടികള്‍ ഏപ്രില്‍ 25 മുതല്‍ പ്രാബല്യത്തില്‍.പുറപ്പെടുന്ന രാജ്യത്തെ പ്രാദേശിക ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരമുള്ള പരിശോധനാ കേന്ദ്രങ്ങളില്‍ നിന്നു യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പായി നടത്തിയ കോവിഡ് നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് യാത്രക്കാര്‍ ഹാജരാക്കണം. പൊതുജനാരോഗ്യ മന്ത്രാലയമാണ് രാജ്യത്തേക്കുള്ള പ്രവേശന, ക്വാറന്റീന്‍ നയങ്ങള്‍ പുതുക്കിയത്. 

കോവിഡ് മുക്തര്‍ക്ക് ക്വാറന്റീന്‍ ഇളവ്

ആറുമാസത്തിനിടെ കോവിഡ് മുക്തരായവര്‍ക്ക് ക്വാറന്റീന്‍ ഇളവു ലഭിക്കും. കോവിഡ് പോസിറ്റീവായതിന്റെ ആദ്യ പരിശോധനാ ഫലം വന്ന തീയതി മുതല്‍ ആറുമാസമാണ് ഇളവ് കാലാവധി കണക്കാക്കുന്നത്. കോവിഡ് മുക്തരായ വ്യക്തി കോവിഡ് ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെങ്കിലും ലക്ഷണങ്ങള്‍ കാണിക്കുന്നില്ലെങ്കില്‍ ക്വാറന്റീനില്‍ ഇളവു ലഭിക്കും. കോവിഡ് മുക്തരായവരെന്ന അംഗീകൃത ലബോറട്ടറി പരിശോധനാ ഫലം ഹാജരാക്കണം. എന്നാല്‍ മറ്റു യാത്രക്കാരെ പോലെ യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പ് കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം.  

ലക്ഷണങ്ങളുണ്ടെങ്കില്‍ ഐസലേഷനില്‍ കഴിയണം

ക്വാറന്റീന്‍ ഇളവിനു യോഗ്യരായ കോവിഡ് മുക്തരായ വ്യക്തികള്‍ കോവിഡ് പോസിറ്റീവുകാരുമായി സമ്പര്‍ക്കം പുലര്‍ത്തി 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ സ്വയം ഐസലേഷനില്‍ പോകണം. കോവിഡ് പിസിആര്‍ പരിശോധന നടത്തുകയും വേണം. പരിശോധനാ ഫലം നെഗറ്റീവ് ആകുകയും  ലക്ഷണങ്ങളുടെ മറ്റു കാരണങ്ങള്‍ നിര്‍ണയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വീണ്ടും കോവിഡ് പരിശോധന നടത്താന്‍ ആവശ്യപ്പെട്ടേക്കും. 

കോവിഡ് മുന്‍കരുതല്‍ നിര്‍ബന്ധം

കോവിഡ് മുക്തരും കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരും വാക്‌സീന്‍ എടുക്കാത്തവരും തുടങ്ങി രാജ്യത്തെ എല്ലാ ജനങ്ങളും നിര്‍ബന്ധമായും കോവിഡ് മുന്‍കരുതല്‍ പാലിക്കണമെന്ന് പ്രാഥമിക പരിചരണ കോര്‍പറേഷന്‍ ഡയറക്ടര്‍ ജനറല്‍ ഡോ.മറിയം അബ്ദുല്‍ മാലിക് നിര്‍ദേശിച്ചു. ഫെയ്‌സ് മാസ്‌ക് ധരിക്കല്‍, അകലം പാലിക്കല്‍, കൈകള്‍ വൃത്തിയായി സൂക്ഷിക്കല്‍, യാത്രാ, പ്രവേശന നയങ്ങള്‍ എന്നിവയെല്ലാം പാലിക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com